വിതുര: ജില്ലയിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളിൽ ഒന്നായ തൊളിക്കോട് വില്ലേജ് ഓഫീസിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ നാട്ടുകാരും ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുകാണ്. ഇരിക്കുവാൻ കസേരയോ ദാഹിച്ചാൽ കുടിക്കാൻ വെള്ളമൊ ഇവിടെ നിന്നും കിട്ടില്ല. ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ജില്ലയിലെ വില്ലേജ് ഓഫീസുകളിൽ ഒന്നാണ് തൊളിക്കോട്ടേത്. വർഷങ്ങളായി ശോചനീയാവസ്ഥയിലായിരുന്ന കെട്ടിടം മഴപെയ്താൽ ചോർന്നൊലിച്ച് ഫയലുകൾ മുഴുവൻ കുതിരും. ഒട് പാകിയിരുന്ന കെട്ടടത്തി. രാത്രിയായാൽ മരപ്പട്ടിയും മറ്റും ഓഫീസിന് ഉള്ളിൽ കയറി ഫയലുകൾ നശിപ്പിക്കുകയും ഓഫീസ് പരിസരം വൃത്തിഹീനമാക്കുകയും ചെയ്യുന്നതും പതിവായിരുന്നു. ഇരുട്ടായാൽ സാമൂഹിക വിരുദ്ധർ കാട്ടുന്ന അക്രമവും മറുവശത്ത്. തുടർന്ന് നാട്ടുകാരും ഉദ്യോഗസ്ഥരും പൊറുതിമുട്ടിയതോടെ വില്ലേജോഫീസിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതോടെയാണ് കഴിഞ്ഞ യു.ഡി.എഫ് സർക്കാരി കാലത്ത് പഴയ ഓഫീസ് കെട്ടിടത്തിന് മുന്നിലായി പൊൻമുടി- നെടുമങ്ങാട് സംസ്ഥാന പാതയിൽ പുളിമൂട് ജംഗ്ഷനിൽ പുതിയ മന്ദിരം പണിയാൻ ഫണ്ട് അനുവദിക്കുന്നത്. പുതിയ കെട്ടടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചിട്ടും ഇവിടെ എത്തുന്നവർ നേരിട്ടിരുന്ന അതേ പ്രശ്നങ്ങൾ ഇപ്പോഴും തുടരുകയാണെന്നാണ് നാട്ടുകാരുടെ പരാതി.