ele

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സി.പി.എം സ്ഥാനാർത്ഥികളെ ശനിയാഴ്‌ച പ്രഖ്യാപിക്കും. ഓരോ മണ്ഡലത്തിലേക്കുമുള്ള സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ലെന്നും,​ നാളത്തെ എൽ.ഡി.എഫ് യോഗത്തിനു ശേഷമേ അന്തിമ തീരുമാനമാകൂ എന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

സിറ്റിംഗ് എം.പിമാരും എം.എൽ.എമാരും സ്ഥാനാർത്ഥികളാകുമെന്ന വാർത്തകൾ കോടിയേരി നിഷേധിച്ചില്ല. ഓരോ മണ്ഡലത്തിലും ജയസാദ്ധ്യതയുള്ളവരായിരിക്കും മത്സരിക്കുക എന്നായിരുന്നു ഇതേക്കുറിച്ചുള്ള ചോദ്യത്തിന് കോടിയേരിയുടെ മറുപടി. അതിന് എം.എൽ.എമാർക്ക് മുൻഗണന കൊടുക്കേണ്ടതുണ്ടെങ്കിൽ അതുണ്ടാവും. ഇക്കാര്യത്തിൽ മുൻവിധിയില്ല.

ഘടകകക്ഷികൾ സീറ്റ് പ്രതീക്ഷ വച്ചുപുലർത്തുന്നത് സ്വാഭാവികമാണ്. രണ്ടോ മൂന്നോ കക്ഷികളൊഴികെ എല്ലാവരും ആവശ്യമുന്നയിച്ചിട്ടുണ്ട്. എല്ലാവരുടെയും താല്പര്യം മാനിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫാണ്.

സി.പി.എമ്മും സി.പി.ഐയും സീറ്റുകൾ വീതിച്ചെടുക്കുകയാണോ എന്ന ചോദ്യത്തിന്,​ വീതംവയ്‌ക്കുന്ന പരിപാടി എൽ.ഡി.എഫിൽ ഇല്ലെന്ന് കോടിയേരി മറുപടി നൽകി. സീറ്റ് കിട്ടാത്തതിന്റെ പേരിൽ ഘടകകക്ഷികൾ മുന്നണി വിടുമെന്ന് ആരും പ്രതീക്ഷിക്കേണ്ട. മുന്നണിയിലേക്ക് വേറെ ആളുകൾ വരുന്ന വിഷയമാണ് ഇപ്പോൾ. പി.ജെ. ജോസഫ് യു.ഡി.എഫിന്റെ ഭാഗമാണ്. അങ്ങനെയൊരാൾക്ക് ഇവിടെ സീറ്റ് കൊടുക്കാനാവില്ല.

സ്ഥാനാർത്ഥിപ്പട്ടികയെന്നു പറഞ്ഞ് മാദ്ധ്യമങ്ങളിൽ വരുന്നതെല്ലാം അടിസ്ഥാനരഹിതമെന്ന് പറയുന്നില്ല. നമ്മുടെയിടയിൽ നിന്ന് വാർത്ത പറഞ്ഞുതരാൻ നിങ്ങൾക്ക് ആളുകളുണ്ടല്ലോ. ചിലരെ കുഴപ്പത്തിൽ ചാടിക്കാനും നോക്കുന്നുണ്ട്- കോടിയേരി പറഞ്ഞു.

അദാനിക്കെതിരെ സുപ്രീം കോടതി വരെ

തിരുവനനന്തപുരം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പു ചുമതല കരാർ അദാനി ഗ്രൂപ്പിന് നൽകിയതിന് എതിരെ സുപ്രീം കോടതി വരെ പോകുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ.

ഇതുമായി ബന്ധപ്പെട്ട കരാർ നടപടികൾ സുതാര്യമായിരുന്നില്ല. ലേലത്തിൽ പങ്കെടുത്ത മറ്റു സ്ഥാപനങ്ങൾ രേഖപ്പെടുത്തി നൽകിയ തുക അദാനി നേരത്തേ അറിഞ്ഞിരുന്നു. ഇതേക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നും,​ ഈ ആവശ്യമുന്നയിച്ച് ഇടതു മുന്നണി പ്രക്ഷോഭം ശക്തമാക്കുമെന്നും കോടിയേരി പറഞ്ഞു.

പ്രക്ഷോഭത്തിന്റെ ഭാഗമായി എൽ.ഡി.എഫ് നാളെ രാജ്ഭവനു മുന്നിൽ പ്രതിഷേധിക്കും. കരാർ അദാനിക്കു നൽകിയതിൽ തിരുവനന്തപുരം എം.പി ഇടനിലക്കാരനാണെന്നു വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ മൗനമെന്നും അദ്ദേഹം ആരോപിച്ചു.