kodiyeri-balakrishnan

തിരുവനന്തപുരം: പശ്ചിമബംഗാളിൽ കോൺഗ്രസുമായി സി.പി.എം മുന്നണിയുണ്ടാക്കിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അവിടെ തൃണമൂൽ ഭരണത്തിനെതിരെയും കേന്ദ്രത്തിലെ ബി.ജെ.പി ഭരണത്തിനെതിരെയും ശക്തമായ എതിർപ്പുകളുണ്ട്. രണ്ട് പാർട്ടികൾക്കുമെതിരെ ചിന്തിക്കുന്ന ആളുകളെ പരമാവധി ഏകോപിപ്പിക്കുകയാണ് സി.പി.എമ്മിന്റെ ദൗത്യം. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പ്രതിനിധാനം ചെയ്യുന്ന നാല് മണ്ഡലങ്ങളിൽ ഇടതുപക്ഷം സ്ഥാനാർത്ഥികളെ നിറുത്തില്ല. പകരം സി.പി.എമ്മിന്റെ രണ്ട് മണ്ഡലങ്ങളിൽ കോൺഗ്രസും മത്സരിക്കാതിരിക്കണമെന്ന് അഭ്യർത്ഥിക്കും.

ബി.ജെ.പി ശക്തമായ ഇടങ്ങളിൽ ഇടതുപക്ഷത്തിന് സ്ഥാനാർത്ഥിയില്ലെങ്കിൽ അവിടെ ബി.ജെ.പിയെ എതിരിടുന്ന മുഖ്യശക്തിയാരാണെന്ന് നോക്കി അവർക്ക് വോട്ട് ചെയ്യണമെന്നതാണ് നിലപാട്. ഇക്കാര്യത്തിൽ രഹസ്യ ഇടപാടുകളൊന്നുമില്ല. ബി.ജെ.പി വിരുദ്ധ വോട്ടുകൾ പരമാവധി ഏകോപിപ്പിക്കുകയെന്നത് പാർട്ടി കോൺഗ്രസ് തീരുമാനമാണെന്നും കോടിയേരി പറഞ്ഞു.