തിരുവനന്തപുരം: വെഞ്ഞാറമൂട് സ്വദേശിനി സൂര്യ എസ്. നായർ വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്നത് കണ്ടതായി മുൻ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ സജീവ് കോടതിയിൽ മൊഴി നൽകി. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മൊഴി നൽകിയത്. വീടിന് പുറത്തായിരുന്ന താൻ ഭാര്യ ഫോൺ ചെയ്തതനുസരിച്ച് വീട്ടിൽ എത്തിയപ്പോഴാണ് വീടിന് സമീപം വെട്ടേറ്റ് കിടക്കുന്ന സൂര്യയെ കണ്ടതെന്നാണ് മൊഴി. സജീവിന്റെ ഭാര്യ ഗീതയെയും പ്രോസിക്യൂഷൻ സാക്ഷിയായി വിസ്തരിച്ചു. വീട്ടിനകത്ത് നിന്ന താൻ നിലവിളി കേട്ട് വീടിന്റെ ഗേറ്റിന് പുറത്ത് വന്നപ്പോൾ സൂര്യ വെട്ടേറ്റ് രക്തത്തിൽ കുളിച്ച് കിടക്കുന്നതും പ്രതി ഷെെജു അതിവേഗം നടന്ന് പോകുന്നതും കണ്ടതായി ഗീതയും മൊഴി നൽകി. സംഭവ ദിവസം സൂര്യയും ഷെെജുവും ആളൊഴിഞ്ഞ ഇടവഴിയിലേക്ക് നടന്നു പോകുന്നത് കണ്ടതായി സമീപത്തെ സ്വർണക്കടയുടെ ഡ്രെെവർ രതീഷും കോടതിയിൽ മൊഴി നൽകിയിരുന്നു.

2016 ജനുവരി 27 നാണ് സ്വകാര്യ ആശുപത്രി നഴ്സായ സൂര്യ എസ്. നായർ കൊല്ലപ്പെട്ടത്. വെഞ്ഞാറമൂട് ഷെെഭവനിൽ ഷെെജുവുമായി സ്നേഹത്തിൽ ആയിരുന്ന സൂര്യയുടെ സ്നേഹത്തിൽ സംശയം തോന്നിയ പ്രതി സൂര്യയെ ആറ്രിങ്ങലിൽ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിനു ശേഷം കൊല്ലത്ത് ലോഡ്ജിൽ മുറിയെടുത്ത് കെെ‌ഞരമ്പ് മുറിച്ച് ഇയാൾ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ വി. അജയകുമാർ ഹാജരായി.