farmers

 ബാങ്ക് പ്രതിനിധികളുടെ യോഗത്തിൽ ധാരണ

 ജപ്‌തി നടപടികൾ നിറുത്തിവയ്‌ക്കും

തിരുവനന്തപുരം: കർഷക വായ്‌പകൾക്ക് ഡിസംബർ 31 വരെ മോറട്ടോറിയം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനം നടപ്പാക്കാൻ ബാങ്ക് പ്രതിനിധികളുടെ യോഗത്തിൽ ധാരണ. ഇതനുസരിച്ച് ജപ്‌തി നടപടികൾ നിറുത്തിവയ്‌ക്കുകയും,​ ഒൻപതു ശതമാനം നിരക്കിൽ പുതിയ വായ്‌പ അനുവദിക്കുകയും ചെയ്യും. റിസർവ് ബാങ്കും അതത് ബാങ്കുകളുടെ ഭരണസമിതിയും അനുമതി നൽകുന്ന മുറയ്‌ക്ക് തീരുമാനം നടപ്പാക്കും.

കാർഷിക വായ്‌പകൾക്ക് സർഫാസി നിയമം ബാധകമാകില്ല. അതേസമയം,​ കർഷകരെടുക്കുന്ന കാർഷികേതര വായ്പകൾക്ക് ഇത് ബാധകമാവുകയും ചെയ്യും.

പ്രളയം രൂക്ഷമായി ബാധിച്ച 1254 ഗ്രാമങ്ങളിൽ ഇത് തത്കാലം നടപ്പാക്കരുതെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ബാങ്കുകൾ തത്വത്തിൽ അംഗീകരിച്ചു. കാർഷിക കടാശ്വാസ കമ്മിഷന്‍ 50,000 രൂപ‌യ്‌ക്കു മേലുള്ള കുടിശികയ്‌ക്ക് നൽകുന്ന ആനുകൂല്യം ഒരുലക്ഷത്തിൽ നിന്ന് രണ്ടു ലക്ഷമാക്കും. ഇതിലൂടെ 150 കോടിയുടെ ആനുകൂല്യം കർഷകർക്ക് ലഭിക്കും.

ഇടുക്കി,വയനാട് ജില്ലകളിൽ കാർഷിക കടാശ്വാസ കമ്മിഷനുള്ള ആനുകൂല്യം 2018 ഓഗസ്റ്റ് 31വരെയുള്ള വായ്‌പകൾക്കും,​ മറ്റു ജില്ലകളിൽ 2014 മാർച്ച് 31വരെയുമാക്കി. നിലവിൽ ഇടുക്കി, വയനാട് ജില്ലക്കാർക്ക് 2014 മാർച്ച് 31 വരെയും മറ്റു ജില്ലകളിൽ 2011 ഒക്ടോബർ 31വരെയുമായിരുന്നു. പ്രളയത്തിൽ സകലതും നഷ്ടപ്പെട്ട കർഷകർക്ക് ജപ്തി നോട്ടീസ് നൽകുന്നതിൽ ഒരു പൊതുസമീപനം ബാങ്കുകളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ ഇ.ചന്ദ്രശേഖരൻ, വി.എസ് സുനിൽ കുമാർ,ഡോ. ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, കെ. കൃഷ്ണൻകുട്ടി, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ സെക്രട്ടറി സെന്തിൽ, പ്രൈവറ്റ് സെക്രട്ടറി എം.ശിവശങ്കർ, കാർഷികോത്പാദന കമ്മിഷണർ ഡി.കെ.സിംഗ്,കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ.രത്തൻ ഖേൽക്കർ, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, കൃഷി വകുപ്പ് ഡയറക്ടർ ഡോ.പി.കെ.ജയശ്രീ, കാനറാ ബാങ്ക്, എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്,​ യൂണിയൻ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ തുടങ്ങിയവയുടെ പ്രതിനിധികളും ഗ്രാമീൺ ബാങ്ക് ചെയർമാനും യോഗത്തിൽ പങ്കെടുത്തു.

ധാരണയായത്

# കാർഷിക വായ്പകൾക്ക് മോറട്ടോറിയം ഡിസംബർ 31 വരെ

# കർഷകരുടെ കാർഷികേതര വായ്പകളിൽ സർഫാസി നടപ്പാക്കുന്നത് തത്കാലം നിറുത്തിവയ്‌ക്കും

#കർഷകർക്ക് പുതിയ വായ്പകൾ ഒരു വർഷത്തേക്ക് 9 ശതമാനം നിരക്കിൽ

# കാർഷിക കടാശ്വാസ കമ്മിഷൻ പരിധിയിൽ വാണിജ്യ ബാങ്കുകളെ ഉൾപ്പെടുത്തും

# കടാശ്വാസ കമ്മിഷൻ ആശ്വാസം രണ്ടു ലക്ഷം രൂപയാക്കും

# ബാങ്ക് നടപടികളിലുള്ള കർഷകരുടെ ആശങ്ക പരിഹരിക്കാൻ കൗൺസലിംഗ്