-secrateriate

തിരുവനന്തപുരം : സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കനക്കുന്നതിനിടെ വിവാദ സ്ഥലംമാറ്റ ഉത്തരവ് ഇന്നലെ പുറത്തിറങ്ങി. അസോസിയേഷൻ സെക്രട്ടറിയായ പൊതുഭരണ വകുപ്പ് സെക്‌ഷൻ ഓഫീസർ ദീപുവിനെ റവന്യൂ ദുരന്തനിവാരണ നിധി വിഭാഗത്തിലേക്കും, വനിതാവിഭാഗം ഭാരവാഹിയായ പൊതുഭരണവകുപ്പിൽ അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ ഐ. കവിതയെ എൽ.എസ്.ജി (എ, ബി) വിഭാഗത്തിലേക്കുമാണ് മാറ്റിയത്. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ ഒപ്പിട്ടിട്ടും കഴിഞ്ഞദിവസം വരെ ഉത്തരവിറങ്ങിയിരുന്നില്ല. മറ്റൊരു വകുപ്പിൽ പറ്റിയ ഒഴിവില്ലാത്തതിനാൽ അണ്ടർ സെക്രട്ടറിയും അസോസിയേഷൻ ഫ്രാക്‌ഷൻ അംഗവുമായ ജി.ആർ. രമേശിന്റെ സ്ഥലംമാറ്റം ആയിട്ടില്ല.

ഉത്തരവിറങ്ങിയതോടെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധപ്രകടനം നടത്തും. അസോസിയേഷൻ നേതൃത്വം ഇന്നലെ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ കണ്ടെങ്കിലും പ്രതീക്ഷിച്ച പ്രയോജനമുണ്ടായില്ലെന്ന് സൂചന.

മുഖ്യമന്ത്രിയുടെ വിശ്വസ്‌തനും പൊതുഭരണ വകുപ്പ് സ്‌പെഷ്യൽ വിഭാഗത്തിൽ ജോയിന്റ് സെക്രട്ടറിയുമായ സി. അജയനെ സംഘടനാ നേതൃത്വം സസ്‌പെൻഡ് ചെയ്‌തിരുന്നു. ഇതിന് പിന്നാലെ മുൻനിര ഭാരവാഹിയുൾപ്പെടെയുള്ളവരെ സ്ഥലംമാറ്റി സംഘടനയോടുള്ള സ്വരം സർക്കാർ കടുപ്പിച്ചു. സെക്രട്ടേറിയറ്റ് സ്റ്റാഫ് സഹകരണസംഘം പ്രസിഡന്റായ അജയൻ ദീർഘകാലം സെക്രട്ടറിയായും ട്രഷററായും പ്രവർത്തിച്ചിരുന്നു. വിശദീകരണംപോലും തേടാതെ നടപടിയെടുത്തത് സാമാന്യനീതി നിഷേധമാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വികാരം. എന്നാൽ പരിഷ്‌കാരങ്ങളുടെ മറവിൽ ഓഫീസ് സെക്‌ഷൻ നിറുത്തുന്നതും സി.എമാരെ ഒഴിവാക്കുന്നതുമടക്കമുള്ള സിൻഹയുടെ നടപടികൾ ഭരണകാര്യക്ഷമതയെ ഇല്ലാതാക്കുമെന്നും അജയൻ അതിന് കൂട്ടുനിൽക്കുന്നുവെന്നുമാണ് അസോസിയേഷൻ നേതാക്കളുടെ ആരോപണം.

ജീവനക്കാരുടെ ജോലിക്ക് ശാസ്ത്രീയ പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താനുള്ള തന്റെ നീക്കത്തോട് സ്വന്തം സംഘടന മുഖം തിരിച്ചതിൽ മുഖ്യമന്ത്രിയും അസ്വസ്ഥനാണ്. ഇതിന് പിന്നാലെയാണ് വിശ്വസ്‌തനായ ഉദ്യോഗസ്ഥനെ പിൻവാതിലിലൂടെ പുകച്ചുചാടിക്കാൻ അദ്ദേഹത്തിന് കീഴിൽ വരുന്ന ഉദ്യോഗസ്ഥർ വഴിവിട്ട നീക്കം നടത്തിയത്. ഇത് കൈയോടെ പിടികൂടിയ ശേഷം മുഖ്യമന്ത്രിയുടെ അറിവോടെ സർവീസ് ചട്ടപ്രകാരമുള്ള നടപടികളിലേക്ക് നീങ്ങുകയായിരുന്നു. നടപടിഫയൽ നീക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ടാണ്. ഡോ. എ. ജയതിലക് പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് ഫയൽ രൂപീകരിച്ചത്. ജയതിലക് മാറി ബിശ്വനാഥ് സിൻഹ എത്തിയപ്പോൾ ഒപ്പിട്ടാൽ മാത്രം മതിയായിരുന്നു. സെക്രട്ടേറിയറ്റ് സ്റ്റാഫ് സൊസൈറ്റിയിലെ പഴയ ക്രമക്കേടുമായി ബന്ധപ്പെട്ട രാഷ്ട്രീയവിവാദം ഇതിനോട് ചേർത്ത് നാണക്കേട് മറയ്‌ക്കാനാണ് സംഘടനാനേതൃത്വം ശ്രമിച്ചതെന്നും മുഖ്യമന്ത്രിയും ഓഫീസും കരുതുന്നു.