election-

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം അന്തിമ സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജനും എറണാകുളത്ത് പി. രാജീവും പത്തനംതിട്ടയിൽ വീണാ ജോർജും. ചാലക്കുടിയിൽ ഇന്നസെന്റിനെ സ്ഥാനാർത്ഥിയാക്കുന്നതിനോട് മണ്ഡലം കമ്മിറ്റി വിയോജിച്ചപ്പോൾ,​ കോട്ടയത്ത് മണ്ഡലം കമ്മിറ്റി നിർദ്ദേശിച്ച ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മത്സരിക്കാനില്ലെന്ന വ്യക്തിപരമായ നിലപാട് മാറ്റിയിട്ടില്ല.

അന്തിമ സ്ഥാനാർത്ഥിപ്പട്ടിക സംബന്ധിച്ച് ഇന്നത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ ധാരണയാകും. അതിനു മുമ്പ് രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേരുന്നുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത സാദ്ധ്യതാ പാനൽ ഇന്നലെ വിവിധ മണ്ഡലം കമ്മിറ്റികളിൽ റിപ്പോർട്ട് ചെയ്തപ്പോൾ ചിലേടത്ത് തിരുത്തൽ നിർദ്ദേശങ്ങൾ വന്നു. ഇതുൾപ്പെടെ ഇത് പരിഗണിക്കും.നാളത്തെ എൽ.ഡി.എഫ് യോഗം കൂടി കഴിഞ്ഞ് ശനിയാഴ്‌ചയാണ് അന്തിമ പ്രഖ്യാപനം.

കോട്ടയത്ത് ഡോ. സിന്ധുമോൾ ജേക്കബിന്റെ പേരു തള്ളിയാണ് മണ്ഡലം കമ്മിറ്റി വി.എൻ. വാസവനെ നിർദ്ദേശിച്ചത്. ചാലക്കുടിക്കായി ഇന്നസെന്റിന്റെ പേര് നിർദ്ദേശിക്കപ്പെട്ടപ്പോൾ,​ വിജയിപ്പിക്കേണ്ട ഉത്തരവാദിത്വവും സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്ന അഭിപ്രായമുണ്ടായി. പി. രാജീവോ സാജു പോളോ മതിയെന്നാണ് നിലപാട്. അതേസമയം,​ എതിർപ്പ് കാര്യമാക്കുന്നില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പന്നീട് ഇന്നസെന്റ് പ്രതികരിച്ചു.

കൊല്ലത്ത് കെ.എൻ. ബാലഗോപാൽ,​ ആലപ്പുഴയിൽ എ.എം. ആരിഫ്,​ കോഴിക്കോട്ട് എ. പ്രദീപ്കുമാർ,​ കാസർകോട്ട് കെ.പി. സതീഷ് ചന്ദ്രൻ,​ മലപ്പുറത്ത് വി.പി. സാനു എന്നീ പേരുകൾ അംഗീകരിക്കപ്പെട്ടു.

സിറ്റിംഗ് എം.പിമാരായ എ. സമ്പത്ത്,​ പി.കെ. ബിജു,​ എം.ബി. രാജേഷ്,​ പി.കെ. ശ്രീമതി,​ ജോയ്സ് ജോർജ് എന്നിവരുടെ പേരുകൾക്ക് അതത് മണ്ഡലം കമ്മിറ്റികൾ അംഗീകാരം നൽകി.