#
1-4
മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നുവർഷം സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡ് കാത്തുസൂക്ഷിച്ച ചാമ്പ്യൻ പട്ടം ഇത്തവണ പ്രീക്വാർട്ടറിൽ വീണുടഞ്ഞു.
കഴിഞ്ഞരാത്രി നടന്ന രണ്ടാം പാദ പ്രീക്വാർട്ടർ മത്സരത്തിൽ ഡച്ച് ക്ളബ് അയാക്സിനോട് ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോറ്റതോടെയാണ് കഴിഞ്ഞ മൂന്ന് സീസണിലെയും ചാമ്പൻമാർ പുറത്തായത്. ആദ്യപാദത്തിൽ 2-1 ന് ഇവേ വിജയം നേടിയശേഷം റയൽ പുറത്തായി എന്നതാണ് ഏറെ ദാരുണം. 5-3 എന്ന ആകെ ഗോൾ മാർജിനിലാണ് അയക്സിന്റെ അവസാന16 ലേക്കുള്ള പടയോട്ടം.
റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഏഴാം മിനിട്ടുമുതൽ ആതിഥേയർ ഗോൾ വാങ്ങിതുടങ്ങിയിരുന്നു. ഏഴാം മിനിട്ടിൽ ഹക്കിം സിയേഷ്, 18-ാം മിനിട്ടിൽ ഡേവിഡ് നെരേസ് എന്നവരിലൂടെ അയാക്സ് ആദ്യ പകുതിയിൽ 2-0 ത്തിന് മുന്നിലെത്തിയിരുന്നു. 62-ാം മിനിട്ട് ടാഡിച്ച് വി.എ. ആറിന്റെ അകമ്പടിയോടെ മൂന്നാം ഗോളും സ്കോർ ചെയ്തപ്പോൾ 70-ാം മിനിട്ടിൽ മാരക്കോ അമ്പൻഷ്യോയിലൂടെ റയൽ ഒരു ഗോൾ തിരിച്ചടിച്ചു. എന്നാൽ രണ്ട് മിനിട്ടിനകം ഒന്നുകൂടി അടിച്ച് ഡച്ചുകാർ റയൽവല തച്ചു തകർത്തുകളഞ്ഞു. ഷോണെയാണ് അയാക്സിന്റെ അവസാന ഗോൾ നേടിയത്. അഞ്ചു മിനിട്ട് നീണ്ട ഇൻജുറി ടൈമിനൊടുവിൽ രണ്ടാം മഞ്ഞക്കാർഡും ഏറ്റുവാങ്ങി നാച്ചോ പുറത്തേക്കു നടന്നതോടെ റയലിന്റെ പതനം പൂർത്തിയായി.
ഏഴാം പക്കം, എല്ലാം നഷ്ടം
കഴിഞ്ഞ കുറച്ചു നാളുകളായി പരാജയങ്ങൾ മാത്രമാണ് റയലിന് കൂട്ട്. സ്പാനിഷ് കിംഗ്സ് കപ്പിൽ നിന്നും സ്പാനിഷ് പ്രിമിയർ ലീഗ് കിരീട സാദ്ധ്യതയിൽ നിന്നും ഒടുവിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും റയൽ പുറത്തായത്. ഏഴു ദിവസത്തിനിടെയാണ്.
സ്പാനിഷ് കിംഗ്സ് കപ്പിന്റ സെമി ഫൈനലിൽ ബാഴ്സലോണയോട് തോറ്റാണ് റയൽ പുറത്താകുന്നത്.
ബാഴ്സയുടെ തട്ടകത്തിൽ നടന്ന ആദ്യപാദത്തിൽ സമനിയിലായതിന് ശേഷം സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങി പുറത്താവുകയായിരുന്നു.
തൊട്ടുപിന്നാലെ നടന്ന ലാലിഗ എൽ ക്ളാസിക്കോയിൽ ബാഴ്സയോട് തോറ്റത് മറുപടിയില്ലാത്ത ഒരു ഗോളിന്. ഇതോടെ ബാഴ്സയെ മറികടന്ന് ഇക്കുറി ലാലിഗയിൽ കിരീടം നേടാനുള്ള അവസാന സാദ്ധ്യതയും മങ്ങി. ലീഗിൽ ബാഴ്സയ്ക്കും (60 പോയിന്റ്), അത്‌ലറ്റിക്കോ മാഡ്രിഡിനും (53) പിന്നിൽ മൂന്നാം സ്ഥാനത്താണ് റയൽ (48) ഇപ്പോൾ.
തുടർച്ചയായ നാലാം ഹോം മാച്ചിലാണ് റയൽ മാഡ്രിഡ് തോൽക്കുന്നത്. ഈ മാസം 17 ന് ഗിരോണയ്ക്കെതിരായ ലാലിഗ മത്സരത്തിലായിരുന്നു തോൽവിയുടെ(1-2) തുടക്കം. തുടർന്ന് ബാഴ്സയോട് രണ്ട് വട്ടവും ഇന്നലെ അയാക്സിനോടും തോറ്റു.
ഗോൾ 1
7-ാം മിനിട്ട് ഹക്കിം സിയേഷ്
ചാമ്പ്യൻസ് ലീഗെങ്കിലും നിലനിറുത്താമെന്ന് കരുതിയിറങ്ങിയ റയൽ മാഡ്രിഡിനെ അമ്പരപ്പിച്ചുകൊണ്ട് ഏഴാം മിനിട്ടിൽത്തന്നെ അയാക്സിന്റെ ആദ്യഗോൾ. വലതു വിംഗിൽ ടോണി ക്രൂസിൽ നിന്ന് നഷ്ടമായ പന്ത് പിടിച്ചെടുത്ത് പെനാൽറ്റി ഏരിയയിലേക്ക് നൽകിയത് ടോഡിച്ച്. അവിടെ നിന്ന് മൊറോക്കോകാരനായ സിയേഷ് വലയുടെ ഇടതുമൂലയിലേക്ക് കോരിയിട്ടു.
സ്കോർ 1-0
ഗോൾ 2
18-ാം മിനിട്ട്
ഡേവിഡ് നെരേസ്
ടാഡിച്ചിന്റെ മറ്റൊരു മനോഹരമായ മുന്നേറ്റവും അസിസ്റ്റും. കാസിമെറോയിൽ നിന്നും പന്തും തട്ടിയെടുത്ത് മുന്നോട്ടോടിക്കയറിയ ടാഡിച്ച് വലതുവശത്തുണ്ടായിരുന്ന ബ്രസീലിയൻ താരം നെരേസിന് മറിച്ചു നൽകി. റയൽ ഗോളി കുർട്ടോയ്സിനെ കാഴ്ചക്കാരനാക്കി നെരേസ് വല ചലിപ്പിച്ചു.
സ്കോർ 2-0
ഗോൾ 3
62-ാം മിനിട്ട്
ടാഡിച്ച്
ആദ്യ രണ്ട് ഗോളുൾക്കും വഴിയൊരുക്കിയ സെർബിയൻ ടാഡിച്ച് സ്വന്തം പേരിൽ കുറിച്ച ഗോൾ. വാൻഡർ ബീക്കിൽ നിന്ന് കിട്ടിയ പാസാണ് റയൽ ബോക്സിനുള്ളിൽ തുറന്നു കിട്ടിയ ഇടം മുതലാക്കി ടാഡിച്ച് സ്കോർ ചെയ്തപ്പോൾ ഒഫ് സൈഡാണോയെന്നറിയാൻ റഫറി വീഡിയോ അസിസ്റ്റന്റിന്റെ സഹായം തേടി. എന്നാൽ വിധി അയാസിന് അനുകൂലമായിരുന്നു.
സ്കോർ 3-0
ഗോൾ 4
70-ാം മിനിട്ട്
മാർക്കോ അസൻഷ്യോ
മൂന്നു ഗോളുകൾ വന്നു കയറിയതോടെ തകർന്നു പോയ റയലിന്റെ മനോവീര്യം തിരിച്ചെടുക്കാനുള്ള ശ്രമമുണ്ടായത് അസൻഷ്യോയിലൂടെയാണ്. ഡിഫൻഡർ റെഗുലിയോണാണ് ഗോളടിക്കാനുള്ള വഴിയൊരുക്കിയത്. റെഗുലിയോണിൽ നിന്ന് ഇടതു ഫ്ളാങ്കിലൂടെ കിട്ടിയ പന്താണ് പെനാൽറ്റി ബോക്സിനുള്ളിലേക്ക് കടന്നു കയറി അസൻഷ്യോ പ്രഹരിച്ചത്.
സ്കോർ 3-1
ഗോൾ 5
72-ാം മിനിട്ട്
ഷോണെ
ടഡിച്ചിനെ കാസിമെറോ ചവിട്ടി വീഴ്ത്തിയത് അനുവദിച്ച ഫ്രീകിക്കാണ് അതിസുന്ദരമായി ഷോണെ ഗോളാക്കി മാറ്റിയത്. കഴിഞ്ഞ ലോകകപ്പിൽ സൂപ്പർ പ്രകടനം കാഴ്ചവച്ച കുർട്ടോയ്സിനെ ശരിക്കും ഇളിഭ്യനാക്കുന്ന രീതിയിലായിരുന്നു ഷോണെയുടെ ഷോട്ട്. ആറടിയിലേറെ ഉയരമുളത്ത്ള കുർട്ടോയ്സിന്റെ തലയ്ക്ക് മുകളിലൂടെയാണ് പന്ത് വലയിൽ കയറിയത്.
സ്കോർ 4-1