sachin-pilot

തിരുവനന്തപുരം: രാജ്യത്തെ ബാധിക്കുന്ന മറ്റ് വിഷയങ്ങളൊന്നും ചർച്ചയായി വരാതിരിക്കാൻ സൈനികരുടെ ധൈര്യത്തെ പ്രധാനനമന്ത്രി നരേന്ദ്ര മോദി മറയാക്കുകയാണെന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റ് പറഞ്ഞു. ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാത്ത പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും ജനങ്ങൾ തിരഞ്ഞെടുപ്പിലൂടെ മറുപടി നൽകും. നോട്ടു നിരോധനം രാജ്യത്തെ ദുരിതത്തിലാക്കി. സാമ്പത്തിക വളർച്ച പിന്നോട്ടാണ്. നിക്ഷേപ സാഹചര്യമില്ല. തൊഴിലില്ലായ്മയും കർഷകരുടെ ദുരിതവും കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വിഷയമാക്കും. രാജ്യത്ത് വിദ്യാഭ്യാസ രീതിയിൽ മാറ്റമുണ്ടാകണമെന്നും വരും നാളിലെ സാങ്കേതിക വളർച്ചയ്ക്ക് പര്യാപ്തമായ രീതിയിൽ എൻജിനീയറിംഗ് വിദ്യാഭ്യാസം മാറണമെന്നും സച്ചിൻ പറഞ്ഞു.
രണ്ട് കോടി തൊഴിൽ സൃഷ്ടിക്കുമെന്ന് പറഞ്ഞ മോദി സർക്കാരിന്റെ കാലത്ത് കഴിഞ്ഞ വർഷം മാത്രം 1.1 കോടി ജനങ്ങൾക്ക് തൊഴിൽ നഷ്ടമായെന്ന് ശശി തരൂർ എം.പി പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിൽ തിരിച്ചുവരില്ലെന്ന് ഉറപ്പുള്ളതിനാലാണ് അവർ ദേശീയ സുരക്ഷയെ വിഷയമാക്കുന്നത്. ഹോട്ടൽ റസിഡൻസി ടവറിൽ നടന്ന സംവാദത്തിൽ ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡോ. മാത്യു കുഴൽ നാടൻ മോഡറേറ്ററായി. കേരളത്തിലെ എൻജിനീയറിംഗ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് എ.ഐ.പി.സി നടത്തിയ പഠന റിപ്പോർട്ട് സച്ചിൻ പൈലറ്റിന് കൈമാറി.