തിരുവനന്തപുരം: വിമാനത്താവളത്തിന് സമീപത്തെ റെഡ് സോണിൽ ഉൾപ്പെട്ട പ്രധാൻമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഗുണഭോക്താക്കൾക്ക് കെട്ടിട നിർമ്മാണ അനുമതിക്കും കൈവശാവകാശ സർട്ടിഫിക്കറ്റിനും വഴിയൊരുങ്ങുന്നു. അധികൃതർ ആവശ്യപ്പെട്ടിരുന്ന എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ എൻ.ഒ.സി ഇനി മുതൽ സൗജന്യമായി ലഭിക്കും. എൻ.ഒ.സിക്കായി ചെലവു വരുന്ന തുക കോർപറേഷനും എയർപോർട്ട് അതോറിട്ടിയും തുല്യമായി വഹിക്കാനും തീരുമാനമായി. കോർപറേഷൻ കൗൺസിൽ യോഗത്തിലാണ് മേയർ ഇക്കാര്യം അറിയിച്ചത്. ബീമാപള്ളി, ബീമാപള്ളി ഈസ്റ്റ്, വെട്ടുകാട്, ശംഖുംമുഖം, ചാക്ക, ശ്രീവരാഹം, വലിയതുറ, വള്ളക്കടവ്, പെരുന്താന്നി, പുത്തൻപള്ളി, മുട്ടത്തറ എന്നീ വാർഡുകൾ റെഡ് സോണിൽ ഉൾപ്പെട്ടതോടെയാണ് പി.എം.എ.വൈ ഗുണഭോക്താക്കൾ ബുദ്ധിമുട്ടിയത്. സുരക്ഷ മുൻ നിറുത്തിയാണ് എയർപോർട്ട് അതോറിട്ടി കളർ കോഡഡ് സോൺ മാപ്പ് തയ്യാറാക്കിയത്. വിമാനത്താവളത്തിന് സമീപത്തായതിനാൽ നിശ്ചിത ഉയരത്തിൽ മാത്രമേ കെട്ടിടം നിർമ്മിക്കാൻ അനുവാദമുള്ളൂ. ഇതിനായി എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യയുടെ എൻ.ഒ.സിയും ഹാജരാക്കണം. സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കിയാണ് എൻ.ഒ.സി നൽകുന്നത്. ചില സ്വകാര്യ കമ്പനികൾ ഇരുപതിനായിരം രൂപ വരെയാണ് എൻ.ഒ.സിക്കായി ഈടാക്കിയിരുന്നത്.
ഇത് സാധാരണക്കാരെ ദുരിതത്തിലാക്കി. ഇൗ സാഹചര്യത്തിലാണ് കോർപറേഷന്റെ ഇടപെടൽ. ഏജൻസികളിൽ നിന്ന് കോർപറേഷൻ ക്വട്ടേഷൻ ക്ഷണിക്കുകയും കുറഞ്ഞ തുക ക്വാട്ട് ചെയ്‌ത ഏജൻസിക്ക് ചുമതല നൽകുകയുമായിരുന്നു.
ഡെപ്യൂട്ടി മേയർക്ക് ഇന്നോവ വേണം , പ്രതിപക്ഷം തടഞ്ഞു
തിരുവനന്തപുരം: ഡെപ്യൂട്ടി മേയർക്ക് ഔദ്യോഗിക വാഹനമായി ഇന്നോവ ക്രിസ്റ്റ വാങ്ങാനുള്ള നീക്കം പ്രതിപക്ഷ ഇടപെടലിനെ തുടർന്ന് ഉപേക്ഷിച്ചു. കോർപറേഷന്റെ പഴയ അംബാസഡർ കാർ ലേലത്തിൽ വിൽക്കുന്നതിനൊപ്പമാണ് ഡെപ്യൂട്ടി മേയർക്ക് പുതിയ കാർ വാങ്ങുന്നതു കൗൺസിലിൽ അവതരിപ്പിച്ചത്. പണമില്ലാത്തതിനാൽ ഓഖി ദുരിത ബാധിതർക്കുള്ള പദ്ധതികൾ പോലും എങ്ങുമെത്താത്ത സാഹചര്യത്തിലാണ് അധിക തുക ചെലവിട്ട് ഇന്നോവ വാങ്ങുന്നതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും കോൺഗ്രസ് ബി.ജെ.പി കൗൺസിലർമാർ ആരോപിച്ചു. ഭരണപക്ഷത്ത് നിന്ന് പ്രതിരോധിക്കാനും ആരും എണീറ്റില്ല. എന്നാൽ കാർ വാങ്ങുന്നത് ഔദ്യോഗിക ആവശ്യത്തിനാണെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞിട്ടും പ്രതിപക്ഷം വിട്ടില്ല. ഇതോടെ വാഹനം വാങ്ങൽ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മേയർ ഇക്കാര്യം വ്യക്തമാക്കിയ ശേഷം വിശദീകരണവുമായി ഡെപ്യൂട്ടി മേയർ എഴുന്നേറ്റെങ്കിലും പ്രതിപക്ഷം വീണ്ടും ബഹളംവച്ചു. ഇതോടെ മേയർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
ദുരന്ത നിവാരണ സേനയുടെ നിയമാവലിക്ക് അംഗീകാരം
തിരുവനന്തപുരം: നൂറു വാർഡുകളിലും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിന് രൂപീകരിച്ച കോർപറേഷന്റെ ദുരന്ത നിവാരണ സേനയുടെ പ്രവർത്തന നിയമാവലിക്ക് കൗൺസിൽ അംഗീകാരം നൽകി. മേയറാണ് നഗര ദുരന്ത നിവാരണ കമ്മിറ്റിയുടെ ചെയർമാൻ. നഗരാസൂത്രണ സ്ഥിരം സമിതി അദ്ധ്യക്ഷൻ വർക്കിംഗ് ചെയർമാനായും, സെക്രട്ടറി കൺവീനറായും പ്രവർത്തിക്കും. ഹെൽത്ത് സൂപ്പർവൈസർ, ഹെൽത്ത് ഇൻസ്‌പെക്ടർ, 25 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, 5 ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാർ, 3 അസിസ്റ്റന്റ് എൻജിനിയർമാർ, 6 ഓവർസിയർമാർ, 50 കണ്ടിജന്റ് ജീവനക്കാർ, 100 സന്നദ്ധ പ്രവർത്തകർ എന്നിവരാണ് നഗര ദുരന്ത പ്രതികരണ ടീമിലെ അംഗങ്ങൾ.