യൂറോപ്പിലെ തലയെടുപ്പിലുള്ള ടീമിൽ നിന്ന് നാണംകെട്ട തോൽവികളുടെ പരമ്പരയിലുള്ള റയലിന്റെ കൂപ്പുകുത്തലിൽ പ്രധാനമായും രണ്ടുപേരുടെ അഭാവമാണ് നിഴലിക്കുന്നത്. ഒന്ന് : ക്രിസ്റ്റ്യാനോ റൊണാൾഡോ. രണ്ട് സിനാദിൻ സിദാൻ.
സീസണിൽ ശരാശരി അമ്പതോളം ഗോളുകൾ നേടിയിരുന്ന താരമാണ് ക്രിസ്റ്റ്യാനോ. ചാമ്പ്യൻസ് ലീഗിലായിരുന്നു ക്രിസ്റ്റ്യാനോ വിശ്വരൂപം പുറത്തെടുത്തിരുന്നത്. ഇറ്റാലിയൻ ക്ളബ് യുവന്റ്സ് കഴിഞ്ഞ സീസണിൽ പൊന്നും വിലകൊടുത്ത് ക്രിസ്റ്റ്യാനോയെ വാങ്ങിയതുതന്നെ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാനാണ്.
ക്രിസ്റ്റ്യാനോയുടെ അഭാവം ഇത്രയേറെ റയൽ നിരയിൽ നിഴലിക്കാൻ കാരണം അദ്ദേഹത്തിനൊപ്പമെങ്കിലും നിൽക്കാൻ ശേഷിയുള്ള പുതിയൊരു താരത്തെ ഒപ്പം കൂട്ടാൻ ക്ളബ് മാനേജ്മെന്റിന് കഴിയാതെ പോയതാണ്. ലൂക്കാ മൊഡ്രിച്ച്, കരിം ബെൻസേമ, ഗാരേത്ത് ബെയ്‌ൽ തുടങ്ങിയ വമ്പൻമാരൊന്നും ക്രിസ്റ്റ്യാനോയ്ക്ക് പകരമാവില്ലെന്ന് റയൽ ഇപ്പോൾ മനസിലാക്കിയിട്ടുണ്ടാകണം.
ക്രിസ്റ്റ്യാനോയുടെ മാറ്റം റയൽ പ്രതീക്ഷിച്ചിരുന്നതാണെങ്കിൽ സിദാൻ അപ്രതീക്ഷിതമായാണ് പരിശീലക പദവി ഉപേക്ഷിച്ച് വിശ്രമിക്കാൻ പോയത്. ക്രിസ്റ്റ്യാനോയെ എങ്ങനെയും നിലനിറുത്തണമെന്നതായിരുന്നു സിദാന്റെ താത്പര്യം. എന്നാൽ മാനേജ്മെന്റ് ഇതിനോട് താത്പര്യം കാട്ടിയില്ല. ഇതോടെ തുടർച്ചയായ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ എന്ന റെക്കാഡ് നേടി സിദാൻ വിട പറഞ്ഞു. സിദാന് ശേഷം രണ്ടാമത്തെ കോച്ചാണ് റയലിന്. ലോകകപ്പിന് തൊട്ടുമുമ്പ് റയലുമായി കരാർ ഒപ്പിട്ട് ദേശീയ കോച്ച് സ്ഥാനത്തു നിന്ന് പുറത്താക്കപ്പെട്ട ലൊവ്റ്റേഗുയി റയലിലും അധികനാൾ തുടർന്നില്ല. പകരമാണ് സൊളാരിയെത്തിയത്.
2012-13
സീസണിൽ ചെൽസിക്ക് ശേഷം ക്വാർട്ടർ ഫൈനലിലെത്താതെ പുറത്താകുന്ന ചാമ്പ്യൻസ് ലീഗിലെ നിലവിലെ ചാമ്പ്യൻമാരാണ് റയൽ.
2010
ലാണ് റയൽ ഇതിന് മുമ്പ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിലെത്താതെ മടങ്ങിയത്. ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയലിലെത്തിയ ആദ്യ വർഷമായിരുന്നു ഇത്.
4-1
എന്ന മാർജിൻ ഹോംഗ്രൗണ്ടിലെ നോക്കൗട്ട് മത്സരത്തിൽ റയലിന്റെ ഏറ്റവും നാണം കെട്ടതാണ്.
22
വർഷത്തിന് ശേഷമാണ് അയാക്സ് ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് റൗണ്ടിൽ ജയിച്ചു മുന്നേറുന്നത്. ഇതിന് മുമ്പ് 1996-97 സീസണിൽ ക്വാർട്ടർ ഫൈനലിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെയായിരുന്നു അയാക്സിന്റെ ജയം.
3
തവണ മാത്രമേ റയൽ സ്വന്തം ഗ്രൗണ്ടിൽ തുടർച്ചയായി നാല് മത്സരങ്ങൾ തോറ്റിട്ടുള്ളൂ, 1995ലും 2004ലുമായിരുന്നു ഇതിന് മുമ്പ് ഇത് സംഭവിച്ചത്.
3
സാന്റിയാഗോ ബെർബ്യൂവിൽ നാലു ഗോൾ നേടുന്ന മൂന്നാമത്തെ ടീമാണ് അയാക്സ്. 2000ത്തിൽ ബയേൺ ഇവിടെ 4-3 നും 2015ൽ ഷാൽക്കെ 4-3 നും ജയിച്ചിട്ടുണ്ട്.
2
റയൽ മാഡ്രിഡ് ആദ്യപാദം വിജയിച്ചിട്ടും നോക്കൗട്ടിൽ പുറത്താക്കുന്ന രണ്ടാമത്തെ മാത്രം ടീമാണ് അയാക്സ്. 1995-95 ഓഡെൻസ് ബോൾഡ് ക്ളബാണ് യുവേഫ കപ്പിൽ റയലിനെ ഈ രീതിയിൽ പുറത്താക്കിയത്.
റയൽ @ 2019
18 മത്സരങ്ങൾ
10 ജയം
2 സമനിലകൾ
6 തോൽവികൾ
മൗറീഞ്ഞോ മടങ്ങി വരുമോ?
തുടർച്ചയായി പരാജയങ്ങൾ ഏറ്റുവാങ്ങിയതോടെ റയൽ താരനിരയിലും പരിശീലക നിരയിലും വലിയ മാറ്റങ്ങൾ വരുമെന്ന് സൂചന. കോച്ചായി ഹൊസെ മൗറീഞ്ഞോ മടങ്ങിയെത്തുമെന്നാണ് ശ്രുതി. മാഞ്ചസ്റ്റർ യുണൈറ്റ്സിൽ നിന്ന് പുറത്താക്കപ്പെട്ട മൗറീന്യോ ഇപ്പോൾ പണിയില്ലാതെയിരിപ്പാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലൊരു മികച്ച താരത്തിന്റെ അഭാവം ഞങ്ങൾക്കുണ്ടെന്ന് പറയാതിരിക്കാനാവില്ല. ഏത് ടീമിനും മുതൽക്കൂട്ടാണ് ക്രിസ്റ്റ്യാനോ.
ലൂക്കാ മൊഡ്രിച്ച്
റയൽ മാഡ്രിഡ് താരം