തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പൊലീസിന്റെ തലപ്പത്ത് അഴിച്ചുപണി. ഉത്തരമേഖലാ എ.ഡി.ജി.പിയായി ഷെയ്ക് ദർബേഷ് സാഹിബിനേയും ദക്ഷിണമേഖലാ എ.ഡി.ജി.പിയായി മനോജ് ഏബ്രഹാമിനെയും നിയമിച്ചു കൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവായി. മനോജ് എബ്രഹാമിനായിരുന്നു നിലവിൽ രണ്ടു മേഖലകളുടെയും ചുമതല.
തിരുവനന്തപുരം റേഞ്ച് ഐ.ജിയായി അശോക് യാദവിനേയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറായി കോറി സഞ്ജയ് കുമാർ ഗുരുഡിനെയും നിയമിച്ചു. എം.ആർ. അജിത്കുമാറാണു പുതിയ കണ്ണൂർ റേഞ്ച് ഐ.ജി. ബൽറാംകുമാർ ഉപാദ്ധ്യായയെ തൃശൂർ റേഞ്ച് ഐ.ജിയായി നിയമിച്ചു.
തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായ എസ്. സുരേന്ദ്രനെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായി മാറ്റി നിയമിച്ചു. എ.വി. ജോർജിനെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറാക്കി. കെ.എസ്.ആർ.ടി.സി എം.ഡി സ്ഥാനം ഒഴിഞ്ഞ ടോമിൻ തച്ചങ്കരിയെ തീരസംരക്ഷണത്തിന്റെ ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചു.
നിലവിൽ സ്റ്റേറ്റ് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ ചുമതലയാണ് തച്ചങ്കരിക്കുണ്ടായിരുന്നത്. പകരം കെ. പത്മകുമാറിന് ഈ ചുമതല നൽകി. ഷെയ്ക് ദർബേഷ് സാഹിബിനു പകരം ഇന്റലിജൻസ് മേധാവി ടി.കെ. വിനോദ്കുമാറിന് ക്രൈംബ്രാഞ്ച് മേധാവിയുടെ ചുമതല നൽകി. പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. അനന്തകൃഷ്ണന് സായുധ പൊലീസ് ബറ്റാലിയന്റെ അധിക ചുമതല നൽകി. കാളിരാജ് മഹേഷ്കുമാറിനെ ആഭ്യന്തര സുരക്ഷയുടെ ഡി.ഐ.ജി യാക്കി.
ജെ. ജയനാഥിനെ ആഭ്യന്തര സുരക്ഷാ വിഭാഗം എസ്.ബി.സി.ഐ.ഡി എസ്.പിയാക്കി. ഐ.സി.ടി.യുടെ അധിക ചുമതലയും അദ്ദേഹം വഹിക്കും.
നേരത്തെ സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ ഉത്തരവു ചട്ടപ്രകാരമല്ലെന്ന കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ ചുമതലയേറ്റിരുന്നില്ല.
ഇതിൽ മാറ്റം വരുത്തിയും സാങ്കേതിക പിഴവുകൾ തിരുത്തിയുമാണ് പുതിയ സ്ഥലം മാറ്റ ലിസ്റ്റ് ആഭ്യന്തര സെക്രട്ടറി പുറത്തിറക്കിയത്. ഇതോടൊപ്പം പൊലീസിലെ ഘടനാ മാറ്റം ഇപ്പോൾ വേണ്ടെന്നും തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഘടനാമാറ്റം നിലവിൽ വരും.
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ എക്സ് കേഡർ തസ്തിക പൊലീസ് ആസ്ഥാനത്തെ എസ്.പിയുടെ കേഡർ തസ്തികയ്ക്കു തുല്യമാക്കി. തിരുവനന്തപുരം റേഞ്ച് ഐ.ജിയുടെ എക്സ് കേഡർ തസ്തിക പൊലീസ് ആസ്ഥാനത്തെ ഐ.ജിയുടേതിനും തുല്യമാക്കിയിട്ടുണ്ട്.