ആസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് എട്ടു റൺസിന്റെ കിടിലൻ വിജയം നേടാനായതിൽ പ്രധാന പങ്കു വഹിച്ചത് ആൾ റൗണ്ടർ വിജയ് ശങ്കറാണ്.
ബാറ്റിംഗിൽ 41 പന്തുകളിൽ അഞ്ചു ഫോറും ഒരു സിക്സുമടക്കം 46 റൺസ് നേടിയ വിജയ് ശങ്കർ തന്റെ ക്ളാസ് തെളിയിച്ചത് അവസാന ഓവർ എറിയാനെത്തിയപ്പോഴാണ്. ഓസീസിന് ജയിക്കാൻ 11 റൺസ് വേണ്ടിയിരുന്ന ഓവറിൽ മൂന്നു പന്തുകൾക്കുള്ളിൽ സ്റ്റോയ്‌നിസിനെയും സാംപയെയും പുറത്താക്കി വിജയ് ഇന്ത്യയെ വിജയശ്രീലാളിതരാക്കി.
മത്സരശേഷം വിജയ് ശങ്കർ തന്റെ അനുഭവങ്ങളെയും പ്രതീക്ഷകളെയുംക്കുറിച്ച് സംസാരിക്കുന്നു.
അവസാന ഘട്ടത്തിൽ ഒരോവർ എറിയേണ്ടി വരുമെന്ന് എനിക്ക് തോന്നിയിരുന്നു. 43-ാം ഓവർ കഴിഞ്ഞപ്പോഴേ ഞാൻ അതിനുവേണ്ടി മാനസികമായി തയ്യാറെടുക്കാൻ തുടങ്ങി. അവസാന ഓവറിൽ 10-15 റൺസ് പ്രതിരോധിക്കാൻ കഴിയുമെന്ന് മനസിനെ പറഞ്ഞുറപ്പിച്ചിരുന്നു.
48-ാം ഓവറിന്ശേഷം ജസ്‌പ്രീത് ബുംറ എന്നോട് പന്തിൽ റിവേഴ്സ് സ്വിംഗ് കുറെശെ കിട്ടാൻ തുടങ്ങിയിട്ടുണ്ടെന്ന് സൂചിപ്പിച്ചു. നല്ല ലെംഗ്തിൽ പന്തെറിഞ്ഞാൽ സ്റ്റംപ് തകർക്കാമെന്ന് ബുംറ ചൂണ്ടിക്കാട്ടിയത് സഹായകമായി. അതോടെയാണ് സ്റ്റംപിന് നേർക്ക് തന്നെ എറിയാൻ തീരുമാനിച്ചത്.
അവസാന ഓവറിൽ രണ്ട് വിക്കറ്റ് ലഭിച്ചതിൽ മാത്രമല്ല ഞാൻ സന്തോപ്പിച്ചത്. ടീമിന് ജയിക്കാനായി എന്നതിനാലാണ്.
നിദാഹാസ് ട്രോഫിയാണ് എനിക്ക് ഏറെ ഗുണപാഠമായത്. സമ്മർദ്ദമില്ലാതെ എങ്ങനെ കളിക്കാനിറങ്ങണം എന്ന് പഠിച്ചത് ആ ടൂർണമെന്റിന് ശേഷമാണ്. അന്ന് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനോ റൺസെടുക്കാനോ കഴിയാതെ വിഷമിച്ചത് ഇപ്പോഴും പാഠമാണ്.
ഈ പ്രകടനം കൊണ്ട് ലോകകപ്പ് ടീമിൽ ഇടം കിട്ടുമോ എന്ന് ചിന്തിച്ച് ഉറക്കം കളയാൻ ഞാൻ തയ്യാറല്ല. ലോകകപ്പ് ടീമിൽ സ്ഥാനം കിട്ടാൻ ഇനിയുമേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. ഓരോ മത്സരവും അതിന് നിർണായകമാണ്. ഇപ്പോൾ കിട്ടുന്ന ഓരോ അവസരത്തിലും ടീമിനുവേണ്ടി പരമാവധി കഴിവ് പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്.