ഡോർട്ട്മുണ്ട് : നായകൻ ഹാരി കേനിന്റെ വിജയ ഗോളോടെ ഇംഗ്ളീഷ് ക്ളബ് ടോട്ടൻഹാം യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തി.
കഴിഞ്ഞ രാത്രി നടന്ന രണ്ടാംപാദ പ്രീക്വാർട്ടറിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ടോട്ടൻഹാം ജർമ്മൻ ക്ളബ് ബൊറൂഷ്യ ഡോർട്ട് മുണ്ടിനെ തോൽപ്പിച്ചത്. ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ 3-0ത്തിന് ജയിച്ചിരുന്ന ടോട്ടൻഹാം ഇതോടെ 4-0 എന്ന മാർജിനിൽ അവസാന എട്ടിലേക്ക് കടന്നു.
2010/11 സീസണിനുശേഷം ആദ്യമായാണ് ടോട്ടൻഹാം ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്നത്. അന്ന് ക്വാർട്ടറിൽ 5-0 എന്ന ഗോൾ മാർജിനിൽ റയലിനോട് തോൽക്കുകയായിരുന്നു.
ബൊറൂഷ്യയുടെ തട്ടകമായ ഇഡുന പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിലായിരുന്നു വിധി കുറിച്ച ഹാരികേനിന്റെ ഗോൾ. 48-ാം മിനിട്ടിൽ സിസോക്കോ നൽകിയ ക്രോസിൽ നിന്നാണ് കേൻ സ്കോർ ചെയ്തത്.
ആദ്യപാദ പ്രീക്വാർട്ടറിൽ സൺഹ്യൂംഗ് മിൻ, വെർട്ടോംഗൻ ലോറന്റെ എന്നിവർ നേടിയ ഗോളുകൾക്കാണ് ടോട്ടൻഹാം ബൊറൂഷ്യയെ തോൽപ്പിച്ചിരുന്നത്.