കൊല്ലം: ഉത്സവാഘോഷത്തിന്റെ ഭാഗമായി നടന്ന റിമിടോമിയുടെ ഗാനമേളയ്ക്കിടെ സംഘർഷം. കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ചാണ് ഗാനമേള നടന്നത്. റിമിടോമിയുടെ ഗാനമേളയായതിനാൽ ദൂരെനിന്നുപോലും കുടുംബസമേതം ആളുകൾ എത്തിയിരുന്നു. ഗാനമേള നടക്കുന്നതിനിടെ പരിസരവാസിയായ യുവാവ് സ്റ്റേജിൽ കയറി നൃത്തം വച്ചതോടെയാണ് സംഘർഷത്തിന് തുടക്കമായത്. യുവാവ് നൃത്തം ചെയ്യുന്നത് ഗാനമാലപിച്ചുകൊണ്ടിരുന്നയാൾ വിലക്കി. എന്നാൽ യുവാവ് ഒന്നും കേൾക്കാൻ കൂട്ടാക്കാതെ നൃത്തം തുടർന്നു.
ഇതോടെ ഗാനമേള നിറുത്തിവച്ചു. ഈ സമയം ഉത്സവകമ്മിറ്റി അംഗങ്ങൾ എത്തി യുവാവിനെ സ്റ്റേജിൽ നിന്നും പിടിച്ചിറക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതനായ യുവാവ് ഉത്സവകമ്മിറ്റി അംഗങ്ങളുമായി ഉന്തും തള്ളുമുണ്ടായി. ഉത്സവകമ്മിറ്റി അംഗങ്ങൾ യുവാവിനെ കൈ വച്ചതോടെ യുവാവ് ഒപ്പമുള്ള സുഹൃത്തുക്കളെക്കൂടി സ്റ്റേജിലേക്ക് കയറ്റി. നാട്ടുകാരും യുവാക്കളും തമ്മിൽ കൂട്ടയടിയായപ്പോഴേക്കും പൊലീസെത്തി. കരുനാഗപ്പള്ളി എസ്ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്റ്റേജിലെത്തി ലാത്തിച്ചാർജ് നടത്തിയാണ് യുവാക്കളെ ഓടിച്ചത്.