തിരുവനന്തപുരം: സംസ്ഥാനത്തെ ജില്ലാതല ചൈൽഡ് വെൽഫയർ കമ്മിറ്റികളിലും ജുവനൈൽ ജസ്റ്രിസ് ബോർഡുകളിലും ചട്ടം ലംഘിച്ച് സി.പി.എമ്മുകാരെ തിരുകി കയറ്റുന്നുവെന്ന് ആക്ഷേപം. പുനഃസംഘടിപ്പിച്ച കമ്മിറ്റികൾ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പ് പ്രാബല്യത്തിൽ വരുത്താനാണ് നീക്കം. ജുവനൈൽ ജസ്റ്രിസ് ബോ‌‌ർഡുകളുടെ അദ്ധ്യക്ഷൻ ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്ര് ആണ്. ഇതിൽ ഒരു വനിതയുൾപ്പെടെയുള്ള രണ്ട് അംഗങ്ങളെയാണ് സർക്കാർ നിശ്ചയിക്കേണ്ടത്. ചെെൽ‌ഡ് വെൽഫയർ കമ്മിറ്രികളിലാകട്ടെ അ‌ഞ്ചംഗങ്ങളെയാണ് തിരഞ്ഞെടുക്കേണ്ടത്.

ഇതുവഴി സർക്കാർ നിയമിക്കുന്ന 98 പേർക്ക് അംഗത്വം ലഭിക്കും. ഇവർക്ക് സിറ്രിംഗ് ഫീസായി 1500 രൂപ ലഭിക്കും. ഒരു മാസം 20 സിറ്റിംഗുകളെങ്കിലും നടത്തണമെന്നാണ് ചട്ടം. കേന്ദ്രനിയമമായ ജുവനൈൽ ജസ്റ്രിസ് ആക്ടിന് കീഴിലാണ് ഈ നിയമനങ്ങൾ വരുന്നത്. അംഗങ്ങളെ നിയമിക്കാനായി ആക്ടിന് വിരുദ്ധമല്ലാത്ത ചട്ടങ്ങൾ രൂപീകരിക്കാനായിരുന്നു കേന്ദ്രനിർദ്ദേശം. ഇതുപ്രകാരം 2017ൽ രൂപീകരിച്ച ചട്ടങ്ങൾക്ക് വിരുദ്ധമായാണ് ചെെൽ‌ഡ് വെൽഫയർ കമ്മിറ്രി ,ജുവനൈൽ ജസ്റ്രിസ് ബോർഡ് എന്നിവയിലേക്ക് വിജ്ഞാപനം നടത്തിയത്.

സോഷ്യോളജി, സൈക്യാട്രി, സോഷ്യൽ വർക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദവും കുട്ടികളുടെ ക്ഷേമവുമായ ബന്ധപ്പെട്ട പ്രവൃത്തിയിൽ ഏഴ് വർഷത്തെ പരിചയവുമാണ് യോഗ്യത. എന്നാൽ സി.പി.എമ്മുകാരനായ റിട്ടയേ‌ർഡ് അദ്ധ്യാപകരെയും അംഗൻവാടി ടീച്ചർമാരായിരുന്നവരെയും ഉൾപ്പെടുത്താനായി 2017 ലെ ഗസറ്ര് വിജ്ഞാപനത്തിലെ വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കി വി‌‌‌‌‌ജ്ഞാപനം പുറപ്പെടുവിച്ചു എന്നാണ് ആരോപണം.

ഇതിനെതിരെ ചില അപേക്ഷകർ കോടതിയെ സമീപിച്ചിട്ടുണ്ട്.

കുറ്രകൃത്യങ്ങളിലേർപ്പെട്ട കുട്ടികളെ സംബന്ധിച്ച തീരുമാനമെടുക്കലാണ് ജുവനൈൽ ജസ്റ്രിസ് ബോർ‌ഡിന്റെ പ്രധാന ചുമതല. ചൈൽഡ് വെൽഫയർ കമ്മിറ്രികളാവട്ടെ അതിക്രമങ്ങൾക്കിരയാവുന്ന കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് കൈക്കൊളളുന്നത്.