ആലുവ: ട്രാവൽ ഏജൻസിയുടെ മറവിൽ നൂറിലേറെ കാറുകൾ തട്ടിയെടുത്ത ശേഷം മറിച്ച് വിറ്റും പണയപ്പെടുത്തിയും പത്ത് കോടിയിലേറെ രൂപ കൈക്കലാക്കിയ ശേഷം മുങ്ങിയ ട്രാവൽസ് ഉടമകൾ കേരളം വിട്ടതായി സൂചന.
കടുങ്ങല്ലൂർ മുപ്പത്തടത്ത് പ്രവർത്തിക്കുന്ന സ്പാങ്കർ ട്രാവൽസ് ഉടമകളായ തൃശൂർ പുറനാട്ടുകര ചാത്തകുടത്ത് ജിനീഷ് (35), വിയ്യൂർ വില്വംമംഗലത്ത് വി.എം. സിനോയ് (37), എന്നിവരാണ് ഒളിവിലുള്ളത്. ഇവരുടെ മാനേജർ മഞ്ചേരി സ്വദേശി ഫൈസും ഒളിവിലാണ്. മൂവരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. സിനോയിയുടെ ഭാര്യവീട്ടിൽ ഇന്നലെ പൊലീസ് എത്തി പരിശോധന നടത്തിയെങ്കിലും കൂടുതൽ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഭാര്യവീട്ടുകാർ സിനോയിയെ കാണുന്നില്ലെന്ന് കാട്ടി ലോക്കൽ പൊലീസിന് പരാതി നൽകിയിരിക്കുകയാണ്. ഇതിന് പിന്നിൽ മറ്റെന്തെങ്കിലും തന്ത്രമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അതേസമയം പ്രതികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. റെന്റ് എ കാർ വ്യവസ്ഥയിൽ വാടകയ്ക്ക് വാങ്ങിയ കാറുകൾ പണയപ്പെടുത്തിയതിനും വിറ്റതിനും പുറമേ കോയമ്പത്തൂരിലെ ചിലർക്ക് പൊളിക്കാനും നൽകിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ബിനാനിപുരം എസ്.ഐ അബ്ദുൾ ജമാലിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബേപ്പൂരിൽ അന്വേഷണം നടത്തുന്നതിനിടെയാണ് ഇത് സംബന്ധിച്ച സൂചന ലഭിച്ചത്. ഇതേതുടർന്ന് ഒരു സംഘം കോയമ്പത്തൂരിലേക്കും പോയിരുന്നു. ഇന്നലെ അർദ്ധരാത്രിയോടെ കോയമ്പത്തൂരിലെ വാഹനം പൊളിക്കുന്ന കേന്ദ്രത്തിൽ നിന്നും ഒരു കാർ പിടിച്ചെടുത്തിട്ടുണ്ട്. ബേപ്പൂരിൽ നിന്നും മൂന്ന് കാർ കൂടി പിടിച്ചെടുത്തു. ഇതോടെ ഇതുവരെ 26 കാറുകളാണ് കണ്ടെത്തിയത്. കോയമ്പത്തൂരിലെ വാഹനം പൊളിക്കുന്നവരുമായുള്ള ബന്ധം വഴി പൊള്ളാച്ചിയിലേക്ക് പ്രതികൾ കടന്നതായി പൊലീസ് സംശയിക്കുന്നുണ്ട്.
66 പരാതികൾ, 100ലേറെ വാഹനങ്ങൾ
സംഭവവുമായി ബന്ധപ്പെട്ട് 66ലേറെ പരാതികളാണ് ഇതിനകം ബിനാനിപുരം പൊലീസിന് ലഭിച്ചത്. ചിലർക്ക് നാല് വാഹനങ്ങൾ വരെ നഷ്ടമായിട്ടുണ്ട്. ഇന്റർ നെറ്റിൽ വില്പനയ്ക്ക് പരസ്യം ചെയ്തിട്ടുള്ള വാഹന ഉടമകളെ ബന്ധപ്പെട്ട് ട്രാവൽസിലേക്ക് മാസവാടകയ്ക്ക് കാർ ആവശ്യപ്പെടും. വാഹനം മാത്രം മതിയെന്നും ഡ്രൈവറെ തങ്ങൾ ഏർപ്പാടാക്കുമെന്നും അറിയിക്കും. വിവിധ കോർപ്പറേറ്റ് കമ്പനികളുമായി കരാറുണ്ടെന്നാണ് ട്രാവൽസ് ഉടമകൾ വാഹന ഉടമകളെ ധരിപ്പിച്ചിരുന്നത്. ഇത്തരത്തിൽ വാങ്ങിയ വാഹനങ്ങളുടെ ഉടമകൾക്ക് ഡിസംബർ മാസത്തെ വാടക വരെ ലഭിച്ചു. ജനുവരിയിലെ വാടക ലഭിച്ചില്ല. തുടർന്ന് വാഹന ഉടമകൾ സ്ഥാപനത്തിൽ നടത്തിയ അന്വേഷണത്തിൽ വാഹനം മറിച്ച് വിറ്റിരിക്കുകയാണെന്ന് സംശയമായി. വാഹനങ്ങളുടെ മോഡൽ അനുസരിച്ച് 15,000 രൂപ മുതൽ 23,000 രൂപ വരെയാണ് മാസവാടക വാഗ്ദാനം ചെയ്തിരുന്നത്.
വാഹന ഉടമകൾക്ക് പരസ്പരം പരിചയമില്ലാത്തതിനാൽ പലരും ഒറ്റയ്ക്ക് ട്രാവൽസ് ഉടമകളെ ബന്ധപ്പെട്ട് വാഹനങ്ങൾ തിരിച്ച് നൽകുന്നതിനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിനിടയിൽ ചില ഉടമകൾ പൊലീസിൽ പരാതി നൽകിയതോടെ കൂടുതൽ പേർ രംഗത്തെത്തി. ആറ് ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വിലയുള്ള വാഹനങ്ങളാണ് നഷ്ടമായത്. ട്രാവൽസ് നടത്തി ലഭിച്ച വരുമാനത്തിൽ നിന്നാണോ വാഹനങ്ങൾ മറിച്ചുവിറ്റ തുകയിൽ നിന്നാണോ വാഹന ഉടമകൾക്ക് മാസ വാടക നൽകിയതെന്ന് വ്യക്തമല്ല. പ്രതികളെ കണ്ടെത്തിയെങ്കിൽ മാത്രമേ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ ജി.പി.എസ് ഘടിപ്പിച്ച ഒരു വാഹനം ഉൾപ്പെടെ ഏഴ് വാഹനങ്ങൾ മഞ്ചേരിയിൽ നിന്നുമാണ് നേരത്തെ കണ്ടെത്തിയത്. കുടുങ്ങുമെന്ന് ബോധ്യമായതിനെ തുടർന്ന് പൊലീസ് മുമ്പാകെ മറ്റ് 15 വാഹങ്ങൾ പണയത്തിനെടുത്തവർ എത്തിക്കുകയായിരുന്നു. നിസാര തുക നൽകി രേഖകളില്ലാതെ പ്രതികളിൽ നിന്നും വാങ്ങിയ കാറുകളും ചിലർ സ്റ്റേഷനിൽ ഹാജരാക്കിയിട്ടുണ്ട്.