തൃക്കാക്കര: മോട്ടോർ വാഹനവകുപ്പ് പിടികൂടിയ രൂപമാറ്റം വരുത്തിയ മിനി കൂപ്പർ റൈസിംഗ് കാറിനു ടാക്സ് ഇനത്തിൽ 4,89,000 രൂപ പിഴ അടപ്പിച്ചു. കഴിഞ്ഞ 15 നായിരുന്നു സംഭവം.അമിത വേഗത്തിൽ വന്ന വാഹനം എറണാകുളം കലൂരിൽ വാഹന പരിശോധനയ്ക്കിടെയാണ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൽദോസ് വർഗീസിന്റെ കണ്ണിൽപ്പെടുന്നത്.വാഹനത്തിന്റെ രേഖകൾ പരിശോധിച്ചതിൽ ജാർഖണ്ഡ് രജിസ്‌ട്രേഷൻ ആണെന്നും കേരളത്തിൽ ഓടിക്കുന്നതിനു രജിസ്‌ട്രേഷൻ എടുത്തിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കൂടാതെ വാഹനത്തിന്റെ സൈലൻസർ അടക്കം രൂപമാറ്റം ചെയ്തതായി കണ്ടെത്തി. 35 ലക്ഷം രൂപയുടെ കാറാണ് പിടികൂടിയത്.
മോട്ടോർ വാഹന വകുപ്പ് പിടികൂടിയ വാഹനം കലൂർ മെട്രോ പാർക്കിംഗിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്നലെ ആർ.ടി .ഒ ജോജി പി ജോസിന്റെ മുന്നിൽ വാഹനത്തിന്റെ രേഖകൾ ഹാജരാക്കുകയും പിഴ അടയ്ക്കുകയുമായിരുന്നു.