കോട്ടയം: കേരള കോൺഗ്രസ് എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് കോട്ടയത്ത് മത്സരിച്ചാൽ പൂർണ പിന്തുണ നൽകുമെന്ന് ജനപക്ഷം ചെയർമാൻ പി.സി.ജോർജ് എം.എൽ.എ. തനിക്ക് ഏറെ സ്വാധീനമുള്ള കോട്ടയം മണ്ഡലത്തിൽ പി.ജെ.ജോസഫിനെ വിജയിപ്പിക്കാൻ ജനപക്ഷത്തിന് സാധിക്കും. അല്ലാത്തപക്ഷം കെ.എം മാണിക്ക് നിരാശപ്പെടേണ്ടിവരുമെന്നും പി.സി.ജോർജ് പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിൽ താൻ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്നലെ ചേർന്ന കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് താൻ മത്സരിക്കുന്നത്. സംസ്ഥാനത്തെ 19 മണ്ഡലങ്ങളിലും ജനപക്ഷം മത്സര രംഗത്തുണ്ടാവും. ഇതിൽ പത്തനംതിട്ട, ചാലക്കുടി, തിരുവനന്തപുരം മണ്ഡലങ്ങളിൽ വിജയം ലക്ഷ്യമാക്കിയാവും പ്രവർത്തിക്കുക.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തുന്ന നയമാവും ജനപക്ഷം സ്വീകരിക്കുകയെന്ന് പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് ''അതാണ് എന്റെ ആഗ്രഹം, പക്ഷേ, ഒരു കത്ത് നൽകിയിട്ട് ഒരു മറുപടി പോലും തരാൻ സന്നദ്ധത പ്രകടിപ്പിക്കാത്ത പാർട്ടിക്ക് എങ്ങനെ പിന്തുണ നൽകു" മെന്നായിരുന്നു ജോർജിന്റെ മറുചോദ്യം.