crime

കല്പറ്റ: വയനാട് വൈത്തിരിയിൽ സ്വകാര്യ റിസോർട്ടിലെത്തിയ മാവോയിസ്റ്റ് സംഘത്തിൽ രക്ഷപ്പെട്ടവർക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതം. പ്രദേശത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. 30 ഓളം വരുന്ന തണ്ടർബോൾട്ട് പൊലീസ് സംഘം കാട്ടിൽ തെരച്ചിൽ നടത്തുന്നതായാണ് വിവരം.

ഇന്നലെ രാത്രിയിലാണ് മാവോസ്റ്റ് സംഘം റിസോർട്ടിലെത്തിയ വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തിയത്. സ്ഥലത്ത് പൊലീസിനെ കണ്ടയുടനെ മാവോയിസ്റ്റ് സംഘം വെടിയുതിർക്കുകയായിരുന്നുവെന്നാണ് പറയുന്നത്. മാവോയിസ്റ്റുകൾ വെടിയുതിർത്തതിനെ തുടർന്നാണ് പൊലീസ് തിരിച്ചടിച്ചതെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ പൊലീസ് വെടിവയ്പ്പിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് ഏറേ കോളിളക്കമുണ്ടാക്കിയതാണ്. ഇതിൽ പൊലീസിന് നേരെ വലിയ വിമർശനവും ഉയർന്നിരുന്നു. ഇതുകൊണ്ടുതന്നെ കരുതലോടെയാണ് പൊലീസ് ഈ സംഭവത്തിൽ നീങ്ങുന്നത്. പൊലീസുകാരായ രണ്ടുപേർക്കും വെടിവയ്പ്പിൽ പരിക്കേറ്റെന്ന സൂചനയുണ്ടായെങ്കിലും ഇത് കണ്ണൂർ ഐ.ജി നിഷേധിക്കുകയായിരുന്നു.

എന്നാൽ വയനാട് മേഖലയിൽ ഉൾപ്പെടെ മാവോയിസ്റ്റ് സംഘം നിരന്തരം പ്രത്യക്ഷപ്പെടുന്നതും പൊലീസിന് ഇവരെ പിടികൂടാനാവാത്തതും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ മാവോയിസ്റ്റുകളെ പിടികൂടാൻ പൊലീസ് ശക്തമായ തെരച്ചിലാണ് നടത്തുന്നത്.

മാവോയിസ്റ്റ് സംഘം റിസോർട്ടിലെത്തി 18 പേർക്ക് ഭക്ഷണം ആവശ്യപ്പെട്ടതായാണ് പറയുന്നത്. 50,​000 രൂപ ആവശ്യപ്പെട്ടപ്പോൾ ഇത്രയും തുക തരാനാകില്ലെന്നാണ് റിസോർട്ടിലെ മാനേജർ ഉൾപ്പെടെയുള്ളവർ അറിയിച്ചത്. എന്നാൽ സായുധസംഘം തോക്കെടുത്ത് ഇവരെ ഭീഷണിപ്പെടുത്തി. റിസോർട്ടിൽ താമസിച്ചിരുന്നവരും സമീപ പ്രദേശങ്ങളിലുള്ളവരും ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ല. സമീപവാസികൾ കാട്ടാനകളെ ഓടിക്കാനായി പടക്കംപൊട്ടിക്കുന്നതായാണ് ആദ്യം കരുതിയത്. പിന്നീടാണ് വെടിവയ്പ്പാണെന്ന് മനസിലാക്കുന്നത്. ഭീതിയെ തുടർന്ന് ആരും പുറത്തിറങ്ങിയിട്ടില്ല. റിസോർട്ടിൽ കഴിഞ്ഞവരോടും പുറത്തിറങ്ങരുതെന്ന് നിർ‌ദ്ദേശിക്കുകയായിരുന്നു. റിസോർട്ടിൽ പരിശോധന നടത്തിയതിൽ നിന്ന് മരിച്ചയാളെ കൂടാതെ മറ്റൊരാളുടെ രക്തസാമ്പിളും ലഭിച്ചിട്ടുണ്ട്. കൂടുതൽ പേർക്ക് സംഭവത്തിൽ പരിക്കേറ്റതായി തന്നെയാണ് സംശയം.