atl07ma

ആറ്റിങ്ങൽ: വേനൽ കടുത്തതോടെ വാമനപുരം നദിയിലെ നീരൊഴുക്ക് നിലച്ചു. കുടിവെള്ള പദ്ധതികൾ അവതാളത്തിലാകുമെന്ന ആശങ്കയിലാണ് അധികൃതർ. പൂവമ്പാറയ്ക്ക് സമീപം തടയണ ഒരുക്കിയാണ് കുടിവെള്ള പദ്ധതികൾക്കാവശ്യമായ വെള്ളം സംഭരിക്കുന്നത്. ഈ തടയണ ഇക്കുറി താൽക്കാലികമായി കുറച്ചു കൂടി ഉയർത്തിയിട്ടും മുകളിലെ നീരൊഴുക്ക് കുറഞ്ഞതുകാരണം വെള്ളം അനുദിനം താഴുകയാണ്. ഇക്കുറി ഫെബ്രുവരി ആദ്യം തന്നെ ജലനിരപ്പ് കുറഞ്ഞു തുടങ്ങിയിരുന്നു. ഇത് രൂക്ഷമായ കുടിവെള്ളക്ഷാമത്തിന്റെ സൂചനയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. നദിയിൽ നീരൊഴുക്ക് നിലച്ചതോടെ ശുദ്ധ ജല വിതരണത്തിലും നിയന്ത്റണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് സൂചന. ചിറയിൻകീഴ് താലൂക്കിലും വർക്കല താലൂക്കിലും വിതരണം ചെയ്യുന്നത് വാമനപുരം നദിയിൽ നിന്നുള്ള വെള്ളമാണ്. കഴക്കൂട്ടം, മേനംകുളം പ്രദേശത്തേക്ക് വിതരണത്തിനെത്തുന്നതും വാമനപുരം നദിയിൽ നിന്നുളള വെള്ളം തന്നെ. വരൾച്ചാ കാലത്ത് വാളക്കാട്ട് പ്രവർത്തിക്കുന്ന ശുദ്ധീകരണശാലയിൽ നിന്ന് ദിവസവും മുന്നൂറിലധികം ടാങ്കർ ലോറികൾക്ക് വെള്ളം നല്കുന്നതും ഈ നദിയാണ്. ശുദ്ധജലം ദുരുപയോഗം ചെയ്യാതിരിക്കാൻ ജനങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് അധികൃതർ നല്കിക്കഴിഞ്ഞു. വെള്ളം ആവശ്യത്തിന് മാത്രം ഉപയോഗിക്കണമെന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. കുടിവെള്ളം ലഭ്യമല്ലാതായാൽ ആശുപത്രികളുടെതുൾപ്പെടെയുളള പ്രവർത്തനങ്ങൾ താറുമാറാകാനിടയുണ്ടെന്നും സൂചനയുണ്ട്.