കാട്ടാക്കട: റേഷൻ കാർഡിലെ പിഴവ് കാരണം ഗവ. ആശുപത്രികളിലെത്തുന്ന നിർദ്ധനരായ രോഗികൾക്ക് ചികിത്സ നിഷേധിക്കുന്നതായി പരാതി. ബി.പി.എൽ കാർഡിൽ നിന്നും പൊതു വിഭാഗത്തിലേക്ക് മാറിയവർക്കാണ് പ്രശ്നം. പൊതു വിഭാഗത്തിലായതോടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ട് നിരവധിപേരാണ് ദിനംപ്രതി താലൂക്ക് സപ്ലൈ ഓഫീസുകളിൽ കയറിയിറങ്ങുന്നത്.കഴിഞ്ഞ വർഷം കാർഡുടമ വനിതകൾ ആയിരിക്കണമെന്ന ഉത്തരവ് പ്രകാരം ചുവപ്പ് കാർഡ് ഉണ്ടായിരുന്ന പലരും പുതുക്കാനായി അപേക്ഷ നൽകി. പുതുക്കി വന്നതോടെ പല പിഴവുകൾക്കൊപ്പം ചുവപ്പ് കാർഡുണ്ടായിരുന്ന കൂലിപ്പണിക്കാർക്ക് പോലും അധിക വരുമാനം കാണിച്ച് വെള്ള കാർഡ് ലഭിച്ചു. ഇതോടെ റേഷൻ /ചികിത്സാ ആനുകൂല്യങ്ങളും നഷ്‌ടമായി. പുതിയ കാർഡുമായി ആനുകൂല്യങ്ങൾക്കായി എത്തുന്നവരെ ചുവപ്പ് കാർഡിനേ ആനുകൂല്യം നല്‌കാനാകൂ എന്നു പറഞ്ഞ് മടക്കി അയയ്ക്കുകയാണ് പതിവ്.
ഇവർക്ക് കാർഡിൽ സപ്ലൈ ഓഫീസർ സീൽ പതിച്ചു നൽകിയതോടെ ബി.പി.എൽ ആനുകൂല്യം ലഭിക്കാൻ തുടങ്ങിയെങ്കിലും ചികിത്സാ ആനുകൂല്യത്തിന് ചുവപ്പ് കാർഡ് തന്നെ വേണമെന്ന വാശിയിലാണ് ആരോഗ്യ വകുപ്പ്. ഇക്കാരണത്താൽ ചികിത്സ മുടങ്ങിയ നിരവധി രോഗികളുണ്ട്. കാർഡ് മാറ്റത്തിലൂടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെട്ടവർക്ക് ഇവ പുനഃസ്ഥാപിക്കാൻ നടപടിയെടുക്കണമെന്നാണ് കാർഡുടമകൾ പറയുന്നത്.
മഷിയില്ലത്രേ?
നാളുകളായി കയറിയിറങ്ങുന്നവർക്ക് ചുവപ്പ് കാർഡ് നൽകാൻ മഷിയില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുന്നതായും പരാതിയുണ്ട്. സംസ്ഥാനത്തെ ഒട്ടുമിക്ക സപ്ലൈ ഓഫീസുകളിലും സ്ഥിതി ഇതാണ്. സപ്ലൈ ഓഫീസുകളിൽ പ്രിന്ററും ടോണറും നൽകുന്നത് സി - ഡിറ്റാണ്. ഇതിന്റെ വിതരണം നിലച്ചതിനാലാണ് കാർഡുകൾ നൽകാൻ സാധിക്കാത്തതെന്നാണ് വിശദീകരണം. കാർഡ് ഉടമയുടെ പേര് മാറ്റവും, വിരലടയാളവും ഉൾപ്പെടുത്തി പരിഷ്‌കാരങ്ങൾ വരുത്തിയത്തോടെ അച്ചടി സംബന്ധമായുണ്ടായ പിഴവുകളാണ് പ്രശ്‌നങ്ങൾക്ക് കാരണമായത്.