നെയ്യാറ്റിൻകര: വേനൽ കടുത്തതോടെ പശുക്കളെ വളർത്തി കുടുംബം പുലർത്തിയിരുന്ന താലൂക്കിലെ ക്ഷീര കർഷകർ ദുരിതത്തിലായി. വേനൽക്കാലത്ത് തീറ്റപ്പുൽ കിട്ടാതായതും, വെയിലിന്റെ കാഠിന്യത്താൽ പശുവിന്റെ പാൽ ചുരത്താനുള്ള ശേഷിക്കുറഞ്ഞതും കാരണം മുൻപ് കിട്ടിയിരുന്ന പാലിന്റെ പകുതി മാത്രമേ ഇപ്പോൾ ലഭിക്കുന്നുള്ളു. ക്ഷീരകർഷകരെ സംയോജിപ്പിച്ച് ശാസ്ത്രീയമായ രീതിയിൽ സംയോജിത പശുപരിപാലനത്തിന് അവസരം നൽകാത്തതാണ് പ്രതിസന്ധികളിൽ തളരാൻ കാരണമെന്ന് അവർ പറയുന്നു. തണുപ്പുള്ള അന്തരീക്ഷത്തിൽ പശുക്കൾക്ക് മാനസിക ഉത്തേജനം നൽകി കൂടുതൽ ഉത്പാദന ശേഷി കൈവരുത്തുന്ന ആധുനിക പശുവളർത്തൽ രീതി ഇപ്പോഴും ഇവിടെ നടപ്പാക്കിയിട്ടില്ല. ക്ഷീര കർഷകർക്കായി ഒട്ടേറെ ക്ഷേമ പദ്ധതികൾ സർക്കാർ തലത്തിൽ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും ഏറ്റവും താഴേക്കിടയിലുള്ള സാധാരണ കർഷകർക്ക് ഇവയുടെ യാതൊരുവിധ പ്രയോജനങ്ങളും ലഭിക്കുന്നില്ലത്രേ.
പ്രയോജനപ്പെടാത്ത ക്ഷീര സംഘങ്ങൾ
പാലിന് ഉപഭോക്താക്കളെ കണ്ടെത്തി അലയാതെ പാൽ എപ്പോഴും, എത്ര അളവിൽ വേണമെങ്കിലും നൽകാമെന്നതാണ് സംഘം കൊണ്ടുള്ള ഏക ഗുണം. എന്നാൽ ആഹാരത്തിലെ വ്യതിയാനങ്ങൾ കാരണം പാലിന് കട്ടി കുറഞ്ഞാൽ കർഷകന് ലഭിക്കുന്ന വിലയും കുറയും. അവണാകുഴി, രാമപുരം, മാരായമുട്ടം തുടങ്ങിയ പ്രദേശങ്ങളിൽ നൂറു കണക്കിന് കുടുംബങ്ങളാണ് പശുക്കളെ വളർത്തി ഉപജീവനം തേടിയിട്ടുള്ളത്. ഈ പ്രദേശങ്ങളെ ക്ഷീര കർഷക ഗ്രാമങ്ങളായി മാറ്റി, അവരുടെ മക്കൾക്ക് സ്കോളർഷിപ്പ് അനുവദിക്കുന്നതുൾപ്പെടെ അനുബന്ധ വികസ പദ്ധതികൾ ആരംഭിക്കണമെന്ന് കർഷകർ ആവശ്യപ്പെടുന്നു.
സബ് സിഡികൾ റദ്ദാക്കി
കാലിത്തീറ്റ സൗജന്യമായി നൽകിയിരുന്ന കന്നുക്കുട്ടി പരിപാലന പദ്ധതി റദ്ദാക്കിയത് കർഷകർക്ക് തിരിച്ചടിയായി. പശുക്കൾക്ക് രോഗം വന്നാൽ മൃഗാശുപത്രി വഴി സൗജന്യ മരുന്ന് ലഭ്യമല്ല. വിലപിടിപ്പുള്ള മരുന്നുകൾ പുറമേ നിന്നും വാങ്ങണം.
വേണം കരുതൽ
വേനൽക്കാലം രൂക്ഷമാകുന്നതോടെ മൃഗപരിപാലനം കരുതലോടെ വേണമെന്ന് ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നു. വേനൽക്കാലത്തെ പ്രധാനഭീഷണി കുളമ്പുരോഗമാണ്.