ഏറെനാളത്തെ കാത്തിരിപ്പിനുശേഷം അങ്ങനെ നേമം കോച്ചിംഗ് ടെർമിനലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായിരിക്കുകയാണ്. അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന തിരുവനന്തപുരം സെൻട്രൽ സ്റ്റേഷന്റെ വികസനത്തിന് ഏറെ പരിമിതികളുള്ളതിനാൽ നേമം കോച്ചിംഗ് ടെർമിനലാണ് പരിഹാരമെന്ന് അറിയാമായിരുന്നിട്ടും റെയിൽവേ അധികൃതർ അവഗണിക്കുകയായിരുന്നു. റെയിൽവേ ബഡ്ജറ്റുകളിൽ പരാമർശിക്കപ്പെട്ടതല്ലാതെ നേമം കോച്ചിംഗ് ടെർമിനലിന് ഒരവസരത്തിലും പ്രാധാന്യം ലഭിച്ചില്ല. ഏതായാലും പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പെങ്കിലും നേമം ഉന്നതാധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത് നന്നായി.
പതിനൊന്നു വർഷം മുൻപ് ആശയം ഉദിച്ചതാണെങ്കിലും നേമത്ത് കോച്ചിംഗ് ടെർമിനൽ വരാതെ പോയതിന് പ്രധാന കാരണം റെയിൽവേ വികസന കാര്യങ്ങളിൽ കേരളത്തോട് പൊതുവേയുള്ള അവഗണനാ മനോഭാവം തന്നെയാണ്. അത് മറ്റിയെടുക്കാൻ സംസ്ഥാന സർക്കാരുകൾക്കോ ഇവിടെനിന്നുള്ള ജനപ്രതിനിധികൾക്കോ കഴിഞ്ഞതുമില്ല. റെയിൽവേ ബഡ്ജറ്റ് അവതരണം കഴിയുമ്പോഴാണ് അവഗണനയ്ക്കെതിരെ ശബ്ദം ഉയരാറുള്ളത്. അത് കഴിയുമ്പോൾ നിശബ്ദരാവുകയും ചെയ്യും. രണ്ടുവർഷംമുൻപത്തെ റെയിൽവേ ബഡ്ജറ്റിലാണ് ആദ്യമായി നേമം കോച്ചിംഗ് ടെർമിനലിനായി 65 കോടിരൂപ വകയിരുത്തിയത്. കഴിഞ്ഞവർഷവും അടങ്കൽ 77 കോടി രൂപയായി വർദ്ധിപ്പിച്ചിരുന്നു. എന്നാൽ അതിന്റെ വിനിയോഗം നടന്നില്ല. കോച്ചിംഗ് ടെർമിനലിനായി വർഷങ്ങൾക്കു മുൻപ് സർക്കാർ ഏറ്റെടുത്ത് റെയിൽവേയെ ഏല്പിച്ച മുപ്പത് ഏക്കർ സ്ഥലം ഇപ്പോൾ കാടുപിടിച്ചുകിടക്കുകയാണ്. എഴുപത്തഞ്ച് ഏക്കർ കൂടി ലഭ്യമാക്കിയാലേ ടെർമിനലിന്റെ പൂർണതോതിലുള്ള വികസനം സാദ്ധ്യമാകൂ. ഒന്നാംഘട്ടനിർമ്മാണത്തിന് പച്ചക്കൊടിയായ സ്ഥിതിക്ക് സ്ഥലമെടുപ്പും മറ്റുകാര്യങ്ങളും ഉൗർജ്ജിതമാകുമെന്ന് പ്രതീക്ഷിക്കാം.
നേമം ടെർമിനൽ സ്റ്റേഷനായി ഉയരുന്നതിനൊപ്പം ഉപഗ്രഹ സ്റ്റേഷനായ കൊച്ചുവേളിയുടെ അവശേഷിക്കുന്ന വികസനം കൂടി ഏറ്റെടുക്കേണ്ടതുണ്ട്. കൊച്ചുവേളിയിൽ രണ്ട് പതിറ്റാണ്ടായി നടക്കുന്ന വികസന ജോലികൾ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. സെൻട്രൽ സ്റ്റേഷനിലെ അസൗകര്യങ്ങൾ കാരണം ഏതാനും ട്രെയിനുകൾ യാത്ര തുടങ്ങുന്നതും അവസാനിപ്പിക്കുന്നതും കൊച്ചുവേളിയിലാണ്. അതിനുപരിയായ വികസനമൊന്നും അവിടെ വന്നതുമില്ല. നഗരത്തിന് തൊട്ടടുത്തായിട്ടും ഒരു റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകേണ്ട സൗകര്യങ്ങളിൽ പലതും കൊച്ചുവേളിയിൽ ഇനിയും ഉണ്ടാകേണ്ടതായിട്ടാണിരിക്കുന്നത്. സ്റ്റേഷനിൽ നിന്ന് മറ്റിടങ്ങളിലേക്കുള്ള യാത്രാസൗകര്യംതന്നെയാണ് പ്രധാന പ്രശ്നം.
നേമം കോച്ചിംഗ് ടെർമിനലായി വികസിക്കുകയും കൊച്ചുവേളിയിൽ കൂടുതൽ സൗകര്യങ്ങൾ വരികയും ചെയ്താൽ സെൻട്രൽ സ്റ്റേഷനിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിക്കും തിരക്കും കുറയും.കൂടുതൽ ട്രെയിനുകൾ ആരംഭിക്കാനും സാധിക്കും. പ്ളാറ്റ് ഫോമുകൾ വേണ്ടത്ര ഇല്ലാത്തതാണ് സെൻട്രൽ സ്റ്റേഷന്റെ വളർച്ച മുരടിപ്പിച്ചത്. നേമത്ത് അതിന് സൗകര്യം ലഭിക്കുന്നതോടെ ട്രെയിനുകളുടെ കാത്തുകിടപ്പും ഇല്ലാതാക്കാം. നേമത്ത് ആദ്യഘട്ടമായി അഞ്ച് സ്റ്റേ ബ്ളിംഗ് ലൈനുകളും രണ്ട് ഡിക്ക് ലൈനുകളും പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കോച്ചുകളുടെ അറ്റകുറ്റപ്പണികൾക്കായി രണ്ട് പിറ്റ് ലൈനുകളും ആദ്യഘട്ടത്തിൽ നിർമ്മിക്കും. മൊത്തം പത്ത് പിറ്റ് ലൈനുകളും പന്ത്രണ്ട് സ്റ്റേബ്ളിംഗ് ലൈനുകളുമാണ് നേമം ടെർമിനലിൽ നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. ആവശ്യമായത്ര സിക്ക് ലൈനുകൾ, ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സുകൾ , വർക്ക്ഷോപ്പ് തുടങ്ങിയവയും പദ്ധതിയുടെ ഭാഗമാണ്.
പുതിയ ട്രെയിനുകൾക്കുവേണ്ടിയുള്ള കേരളത്തിന്റെ മുറവിളി അവഗണിക്കപ്പെടുന്നതിന് പ്രധാന കാരണം ലൈനുകളുടെയും സെൻട്രൽ സ്റ്റേഷനിലെ സൗകര്യക്കുറവുമാണ്. നേമം ടെർമിനൽ പൂർണതോതിലായാൽ സെൻട്രൽ സ്റ്റേഷനിൽ പ്ളാറ്റ് ഫോമുകൾ ഒഴിഞ്ഞുകിട്ടും. അതുവഴി പുതിയ സർവീസ് തുടങ്ങാനുംകഴിയും. അടുത്ത നവംബറിൽ നേമം ടെർമിനലിന്റെ ഒന്നാംഘട്ടം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിട്ടുള്ളത്. സമയബന്ധിതമായിത്തന്നെ പണി മുന്നോട്ടുപോയാലേ ഇത് സാദ്ധ്യമാകൂ. സംസ്ഥാന സർക്കാരും ജനപ്രതിനിധികളും ഒപ്പംതന്നെ ഉണ്ടാവുകയും വേണം.
തലസ്ഥാനനഗരിയുടെ പ്രാധാന്യം ഉൾക്കൊണ്ട് വ്യോമ-റെയിൽ-റോഡ് ഗതാഗത സൗകര്യങ്ങൾ പതിന്മടങ്ങ് വർദ്ധിച്ചാലേ നഗരവികസനം ഉറപ്പാക്കാനാകൂ. ആ വഴിക്ക് ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. വിമാനത്താവള വികസനം സ്വകാര്യവത്കരണ കുരുക്കിൽപ്പെട്ടിരിക്കുകയാണിപ്പോൾ. സ്വകാര്യവത്കരണത്തിനെതിരെ സർക്കാർ നേരിട്ട് കോടതിയിലെത്തിയിരിക്കുകയാണ്. ഇത്തരം പ്രശ്നത്തിൽ യാത്രക്കാരുടെയും വ്യവസായ- വാണിജ്യ മേഖലകളുടെയും താത്പര്യങ്ങൾക്കാണ് മുൻഗണന നൽകേണ്ടത്. ആ നിലയ്ക്ക് നോക്കുമ്പോൾ സർക്കാരിന്റെ ഇപ്പോഴത്തെ നീക്കങ്ങൾ തലസ്ഥാന നഗരത്തിന്റെ താത്പര്യങ്ങൾക്കിണങ്ങുന്നതാണോ എന്ന് സംശയമുണ്ട്. റോഡ് ഗതാഗത വികസനപ്രശ്നത്തിലും നഗരം ബഹുദൂരം പിന്നിൽത്തന്നെയാണ്. തമ്പാനൂരിലും കിഴക്കേകോട്ടയിലും കിടന്ന് വട്ടം ചുറ്റുന്നതിനപ്പുറം ഒരു പദ്ധതിയും പുതുതായി വരുന്നില്ല. ദീർഘദൂര സർവീസുകൾക്കായി ഇൗഞ്ചയ്ക്കലിൽ ബൈപാസിനോട് ചേർന്ന് പുതിയൊരു ബസ് ടെർമിനൽ സ്ഥാപിക്കാനുള്ള നിർദ്ദേശവും കടലാസ് വിട്ട് പുറത്തുവന്നിട്ടില്ല. ജനങ്ങളുടെ യാത്രാ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പുതിയ സൗകര്യങ്ങൾ ഏർപ്പെടുത്തുമ്പോഴാണ് ജനങ്ങൾക്കൊപ്പം നഗരവും വളരുന്നത്.