sports-expo
sports expo

തിരുവനന്തപുരം: കായിക രംഗത്തെ മികവുറ്റ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിന് കായിക ഉപകരണങ്ങൾ നിർമ്മിക്കുന്ന വ്യവസായ സംരഭങ്ങൾ സ്ഥാപിക്കുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. വെള്ളയമ്പലം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്റർ നാഷണൽ സ്പോർട്സ് എക്സ്പോ കേരള 2019 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിക്കുന്നതോടെ കായിക താരങ്ങൾക്ക് മികച്ച ഉപകരണങ്ങൾ ലഭ്യമാക്കാൻ കഴിയും, ഒളിമ്പിക്സ് പോലുള്ള അന്താരാഷ്ട്ര കായിക മത്സരങ്ങളിലേക്ക് കേരളത്തിൽ നിന്ന് കായിക താരങ്ങളെ വളർത്തിയെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണം, പുതിയൊരു കായിക സംസ്കാരം കേരളത്തിൽ വളർത്തി കൊണ്ട് വരണമെന്നും കായിക രംഗത്തെ സാദ്ധ്യതകൾ മനസ്സിലാക്കുന്നതിന് എക്സ്പോ ഉപകരിക്കുമെന്നും മന്ത്രി പറഞ്ഞു.


കായികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യയും പരിചയപ്പെടുത്തുന്നതിനും വിപണനത്തിനുമായാണ് കായിക യുവജനവകുപ്പ്, സ്‌പോർട്‌സ് കേര​ള, ഇന്ത്യൻ എക്‌സിബിഷൻ സെന്റർ എന്നിവരുടെ ആഭിമുഖ്യത്തിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നൂറോളം കായികോപകരണ നിർമാതാക്കളുടെ ആയിരത്തോളം ഉത്പന്നങ്ങളാണ് പ്രദർശനത്തിലുള്ളത്. ഫൈ​റ്റ് നൈ​റ്റ്, കളരിപ്പയ​റ്റ്, മിസ്​റ്റർ സ്‌പോർട്‌സ്, കരാട്ടെ, ഹൂപ്പർ സിരീസ്, സ്‌കൂബാ ഡൈവിങ് അണ്ടർ വാട്ടർ ഗെയിംസ് അവതരണവും, വിവിധ വിഷയങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ തുടങ്ങിയവയും എക്‌സപോയുടെ ഭാഗമായി നടക്കും.

ചടങ്ങിൽ വി.എസ് ശിവകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.ജയതിലക് സ്വാഗതവും കായിക യുവജന കാര്യാലയം ഡയറക്ടർ സഞ്ജയൻ കുമാർ നന്ദിയും പറഞ്ഞു. എക്‌സ്‌പോ ശനിയാഴ്ച സമാപിക്കും.