തിരുവനന്തപുരം: 'ഭൂമി, തൊഴിൽ, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം ഭക്ഷണം ഇവകളിൽ തുല്യനീതി" എന്ന മുദ്രാവാക്യവുമായി പട്ടികജാതി / പട്ടികവർഗ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടികജനതാ സംഗമം നടത്തി. പത്തു ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കുന്നതിന് ഫെബ്രുവരി 24 ന് കാസർകോട് നിന്നാരംഭിച്ച തുല്യനീതി സംഗമ സന്ദേശ യാത്ര മാർച്ച് അഞ്ചിന് തിരുവനന്തപുരത്ത് സമാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ജനതാ സംഗമം സംഘടിപ്പിച്ചത്. രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിലും സംഗമത്തിലും ആയിരങ്ങൾ അണിനിരന്നു. വിവിധ ജില്ലകളിൽ നിന്നുള്ള കെ.പി.എം.എസ്, കെ.എസ്.എസ്, കെ.എസ്.എസ്.എസ്, കെ.ടി.എം.എസ്, കെ.വി.എം.എസ്, എ.കെ.പി.എസ്, കെ.പി.എസ്.എസ്, ബി.വി.എസ്, എ.കെ.വി.എസ് എന്നീ സംഘടനകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു.
കേന്ദ്ര സാമൂഹ്യ ക്ഷേമ മന്ത്രാലയം മുൻ സെക്രട്ടറി പി.എസ്. കൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. സംയുക്ത സമിതി പ്രസിഡന്റ് എൻ.കെ. നീലകണ്ഠൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു. കെ.പി.എം.എസ് ഉപദേശക സമിതി ചെയർമാൻ ടി.വി. ബാബു, കെ.പി.എം.എസ് ജനറൽ സെക്രട്ടറി തുറവൂർ സുരേഷ്, കേരള സാംബവർ സൊസൈറ്റി രക്ഷാധികാരി വെണ്ണിക്കുളം മാധവൻ, സാംബവർ സൊസൈറ്റി പ്രസിഡന്റ് എൻ. രാഘവൻ, കേരള സിദ്ധനർ സർവീസ് സൊസൈറ്റി ജനറൽ സെക്രട്ടറി മുളവന തമ്പി, കേരള വേലൻ മഹാസഭ പ്രസിഡന്റ് എ.ജി. സുഗതൻ, കേരള പട്ടികജാതി സമുദായ സഭ ജനറൽ സെക്രട്ടറി പി. ശശികുമാർ, സുനിൽ സി. കുട്ടപ്പൻ, പി.എൻ. സുകുമാരൻ, സുനിൽ വലഞ്ചുഴി, എം.ആർ. ശിവപ്രകാശ്, വിഷ്ണുമോഹൻ, എം.എസ്. ബാഹുലേയൻ, പി.ഇ. വേണുഗോപാൽ, ടി.എൻ. ശ്രീനിവാസ ബാബു എന്നിവർ സംസാരിച്ചു. ഐ. ബാബു കുന്നത്തൂർ സ്വാഗതവും ചെറുവയ്‌ക്കൽ അർജുനൻ നന്ദിയും പറഞ്ഞു.