തിരുവനന്തപുരം: നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻ.ബി.എഫ്.സി) ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നോർക്ക റൂട്ട്സ് ആസ്ഥാനത്ത് നിർവ്വഹിച്ചു.
പ്രവാസികളായ മലയാളികളിൽ നിന്നും സംസ്ഥാനത്തേയ്ക്ക് നിക്ഷേപങ്ങൾ ആകർഷിക്കലാണ് സെന്ററിന്റെ ലക്ഷ്യം.
മുംബായിലെ ഇന്റ് അഡ്‌വൈസറി കൗൺസിൽ എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് സംരംഭം. നിക്ഷേപകർക്ക് വേണ്ട സഹായ സഹകരണങ്ങൾ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിലൂടെ ലഭിക്കും. പൊതുമേഖലാ ബാങ്കുകൾ, സിഡ്‌കോ, കിൻഫ്രാ, കെ.എസ്.ഐ.ഡി.സി, കെ.എഫ്.സി തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപസംബന്ധമായ സേവനങ്ങൾ സംയോജിപ്പിച്ച് പ്രവാസികളിലേയ്ക്ക് എത്തിക്കുന്നതിനുളള നടപടികൾ എൻ.ബി.എഫ്.സി മുഖേന സ്വീകരിക്കും. സർക്കാർ ലൈസൻസ്/ക്ലിയറൻസുകളെ സംബന്ധിച്ചുളള ഉപദേശങ്ങളും ലഭ്യമാകും.
നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ കെ.വരദരാജൻ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ.ഇളങ്കോവൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ ഡി.ജഗദീശ്, ഇന്റ് അഡ്‌വൈസറി കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആശിഷ് എന്നിവർ പങ്കെടുത്തു.