d

ബാലരാമപുരം: ഇത് ചെല്ലമ്മ, നൂറ്റിരണ്ടാം വയസിൽ വിധിയിലേക്ക് മടങ്ങുമ്പോൾ സ്വന്തം കൂരയെക്കുറിച്ചോർത്ത് ആ വൃദ്ധമനം പിടഞ്ഞിരുന്നു. പ്രകൃതിദുരന്തങ്ങളിൽ സർവവും നഷ്ടമാകുന്നവരെ കടലാസുകളുടെ പേരിൽ സർക്കാർ ഓഫീസുകൾ കയറ്റിയിറക്കുന്ന അധികൃതരുടെ ക്രൂരതയുടെ ഒടുവിലത്തെ ഇരയായിരുന്നു ഈ വൃദ്ധ. ഓഖി ചുഴലിക്കാറ്റിലാണ് കല്ലിയൂർ ചാലറത്തലയ്ക്കൽ വീട്ടിൽ പരേതനായ നാരായണന്റെ ഭാര്യ ചെല്ലമ്മയ്‌ക്ക് കിടപ്പാടം നഷ്ടമായത്. മൺകട്ടയിൽ നിർമ്മിച്ച ഷീറ്റിട്ട മേൽക്കൂരയിലേക്ക് മാവ് കടപുഴകുകയായിരുന്നു. 2017 നവംബർ 30നായിരുന്നു അപകടം. ഈ സമയം ചെല്ലമ്മ വീട്ടിലുണ്ടായിരുന്നില്ല.

ചെല്ലമ്മയ്‌ക്ക് നടക്കാൻ കഴിയാത്തതിനാൽ മകൻ കുട്ടപ്പനാണ് വില്ലേജ് - താലൂക്ക് ഓഫീസുകളിൽ പരാതി നൽകിയത്. തുടർന്ന് വില്ലേജ് ഓഫീസർ സ്ഥലത്തെത്തി 1,91,000 രൂപയുടെ നഷ്ടം വിലയിരുത്തി റിപ്പോർട്ട് മേലുദ്യോഗസ്ഥർക്ക് കൈമാറി. പക്ഷേ , മേൽനടപടിയുണ്ടായില്ല. ചെല്ലമ്മയോടുള്ള അധികൃതരുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് 2018 സെപ്തംബർ 15 ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

വിവരാവകാശ നിയമപ്രകാരം കുട്ടപ്പൻ നൽകിയ പരാതിയിൽ ലഭിച്ച അപേക്ഷകൾ പഞ്ചായത്ത് തിരിച്ച് ക്രോഡീകരിച്ചിട്ടില്ലെന്നും, ഓഖി ദുരന്തത്തിൽപ്പെട്ടവർക്ക് വീട് വച്ച് നൽകിയ വിവരം അപേക്ഷകന് നേരിട്ടെത്തി പരിശോധിക്കാമെന്നുമായിരുന്നു മറുപടി.

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 10നാണ് ചെല്ലമ്മ മരിച്ചത്. മക്കൾ : സുകുമാരൻ, ഗീത, സാവിത്രി, ശശി, കുട്ടപ്പൻ, തങ്കരാജൻ, പരേതരായ ശാരദ, ശ്രീധരൻ, രാജു. മരുമക്കൾ: ഉഷ, ഭാസുരാംഗി, സുധർമ്മ, വസന്ത, കുമാരി, പരേതരായ വസന്ത, വിശ്വംഭരൻ, ലക്ഷ്മണൻ. സഞ്ചയനം : ഞായറാഴ്ച രാവിലെ എട്ട് മണിക്ക്. .