തിരുവനന്തപുരം: തിരികെയെത്തിയ പ്രവാസികൾക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിന് നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ, നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്സ് (NDPREM) വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഫെഡറൽ ബാങ്കുമായും കേരളാ ഫിനാൻഷ്യൽ കോർപ്പറേഷനുമായും നോർക്ക റൂട്ട്സ് ധാരണാപത്രം ഒപ്പുവെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിലായിരുന്നു ധാരണാപത്രം കൈമാറിയത്. ഫെഡറൽ ബാങ്കിന്റെ ഗൾഫ് രാജ്യങ്ങളിലെ ശാഖകളിലൂടെയും കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ ശാഖകളിലൂടെയും പദ്ധതിയുടെ വിശദാംശങ്ങൾ ലഭിക്കും.
നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി ഫെഡറൽ ബാങ്ക് മേഖലാ മേധാവിയും വൈസ് പ്രസിഡന്റുമായ വി.വി അനിൽകുമാറുമായും കേരളാ ഫിനാൻഷ്യൽ കോർപ്പറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രേംനാഥ് രവീന്ദ്രനാഥുമായും ധാരണാപത്രം കൈമാറി. നോർക്ക റൂട്ട്സ് റസിഡന്റ് വൈസ്‌ചെയർമാൻ കെ.വരദരാജൻ, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.കെ ഇളങ്കോവൻ, നോർക്ക റൂട്ട്സ് ജനറൽ മാനേജർ ഡി.ജഗദീശ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എൻ.വി മത്തായി, ഫെഡറൽ ബാങ്ക് ഗവൺമെന്റ് ബിസിനസ് വൈസ് പ്രസിഡന്റ് സാജൂ കെ. ചെറിയാൻ, ഹോം ആതന്റിക്കേഷൻ ഓഫീസർ വി.എസ് ഗീതാകുമാരി, കേരള ഫിനാൻഷ്യൾ കോർപ്പറേഷൻ ജനറൽ മാനേജർ ഇ.ആർ രഞ്ജിത്കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.