പാറശാല: നവകേരളം ഭിന്നശേഷി സൗഹൃദം എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായി കൂട്ടുകാർ സൈക്കിളുമായി വീട്ടിലെത്തിയപ്പോൾ ശ്രീജിത്ത്‌രാജിന് ആഹ്ലാദം. പാറശാല ആലത്തോട്ടം ഗവ. എൽ.പി.എസിലെ ഗൃഹാധിഷ്ടിത വിദ്യാർത്ഥിയായ മൂന്നാം ക്ലാസിലെ എസ്. ശ്രീജിത്ത്‌രാജിന്റെ പരശുവയ്ക്കലിലെ കന്യാത്തോട്ടം സിറിൽ ഭവനിലാണ് അദ്ധ്യാപകരും സഹപാഠികളും സമ്മാനങ്ങളുമായി എത്തിയത്. ബഹുവിധ വൈകല്യമുള്ള ശ്രീജിത്ത്‌രാജിനെ കൂട്ടുകാർ സൈക്കിൾ ചവിട്ടിക്കുകയും, നാടൻ പാട്ടുകൾ പാടി സന്തോഷിപ്പിക്കുകയും ചെയ്തു. കൂട്ടുകാർ സമാഹരിച്ച തുക കൊടുത്ത് വാങ്ങിയ സൈക്കിൾ പാറശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് ശ്രീജിത്തിന് കൈമാറി. വാർഡ് മെമ്പർ സി.രാജൻ, ബി.പി.ഒ എസ്.കൃഷ്ണകുമാർ, പ്രഥമാദ്ധ്യാപിക പത്മജ, ബി.ആർ.സി പരിശീലകൻ എസ്.അജികുമാർ, സന്ധ്യഅദ്ധ്യാപകരായ എസ്.ജി. ഷീലാറാണി, പുഷ്പറാണി, സി.ലളിത, എസ്.എസ്.ജി അംഗം ഷൈല, റിസോഴ്സ് അദ്ധ്യാപകരായ എസ്.സുനിജ, വിമല എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെൽവരാജിന്റെയും സിറിളിന്റെയും മകനാണ് ശ്രീജിത് രാജ്.