തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ഓഫീസും സി.പി.എം അനുകൂല സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനും തമ്മിലുള്ള പോര് മൂർച്ഛിച്ചിരിക്കെ, ഇന്നലെ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്കെതിരെ എന്ന പേരിൽ അസോസിയേഷൻ നടത്താനിരുന്ന പ്രതിഷേധപ്രകടനം പാർട്ടി നേതൃത്വം വിലക്കി.
സർക്കാരിനെതിരായ സംഘടനയുടെ നീക്കം പരസ്യമായ പോർവിളിയിലേക്ക് നീങ്ങുന്നത് തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് കണ്ടാണ് സി.പി.എം നേതൃത്വം ഇടപെട്ടത്. പ്രകടനം ഒഴിവാക്കിയെങ്കിലും അസോസിയേഷന്റെ ഓഫീസിൽ പ്രതിഷേധയോഗം ചേർന്ന സംഘടന സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേര് പറഞ്ഞാണ് ആക്രമണമെങ്കിലും ഇടതുസർക്കാർ ഭരിക്കുമ്പോൾ സെക്രട്ടേറിയറ്റിൽ തൊഴിലാളി വിരുദ്ധനടപടികൾ ഉണ്ടാകുന്നുവെന്നാണ് സംഘടനയുടെ ഗുരുതര വിമർശനം. സെക്രട്ടേറിയറ്റിൽ ഓഫീസ് സെക്‌ഷൻ, സെക്രട്ടറിമാരുടെ സി.എ തസ്തിക എന്നിവ നിറുത്തലാക്കാൻ നീക്കം നടത്തുന്നുവെന്നാണ് ആക്ഷേപം. സർക്കാർ തീരുമാനിക്കാത്ത കാര്യങ്ങളിൽ പ്രതിപക്ഷ സംഘടനകളാണ് പുകമറ സൃഷ്ടിക്കുക എന്നിരിക്കെ, ഭരണാനുകൂല സംഘടനയുടെ നീക്കം അസാധാരണമാണെന്നാണ് ഭരണനേതൃത്വത്തിന്റെ വിലയിരുത്തൽ.
പൊതുഭരണ വകുപ്പ് സ്പെഷ്യൽ ജോയിന്റ് സെക്രട്ടറി സി. അജയനെ അദ്ദേഹം അവധിയിലായ ദിവസം കീഴുദ്യോഗസ്ഥർ സ്ഥലംമാറ്റാൻ ശ്രമിച്ചതും അത് മുഖ്യമന്ത്രിയുടെ ഓഫീസ് കൈയോടെ പിടിച്ചതുമാണ് വിവാദമായത്. ഗുരുതരമായ അച്ചടക്കലംഘനത്തിന് ഈ ഉദ്യോഗസ്ഥർക്കെതിരെ നടപടി ശുപാർശ ചെയ്തത് മുഖ്യമന്ത്രിയുടെ സമ്മതത്തോടെ അദ്ദേഹത്തിന്റെ ഓഫീസാണ്. ഇതിന്റെ ജാള്യത മറയ്ക്കാൻ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ പഴയ സൊസൈറ്റി ക്രമക്കേട് എടുത്തുകാട്ടി ആരോപണമുയർത്തുകയാണ് സംഘടന ചെയ്തത്. അച്ചടക്കലംഘനത്തിന് അസോസിയേഷൻ നേതാക്കളായ സെക്‌ഷൻ ഓഫീസർ ദീപുവിനോടും അസിസ്റ്റന്റ് ഐ. കവിതയോടും അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ജയതിലക് വിശദീകരണം തേടിയിരുന്നു. അതുൾപ്പെടെ കണക്കിലെടുത്താണ് സ്ഥലംമാറ്റത്തിന് തീരുമാനിച്ചത്. സ്ഥലംമാറ്റ ഉത്തരവിന്റെ ഫയലിൽ ജയതിലകിന് പകരമെത്തിയ ബിശ്വനാഥ് സിൻഹ ഒപ്പുവച്ചെങ്കിലും ഉത്തരവിറങ്ങിയിരുന്നില്ല. സി.പി.എം നേതൃത്വത്തെ ഇടപെടുവിച്ച് ഇത് മരവിപ്പിക്കാൻ നടത്തിയ നീക്കവും പാളിയതോടെ കഴിഞ്ഞദിവസം ഉത്തരവിറങ്ങി.
ഇതിന്റെ ക്ഷീണം മറികടക്കാനാണ് പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ ഇന്നലെ പ്രതിഷേധ പ്രകടനത്തിന് തീരുമാനിച്ചത്.
പ്രിൻസിപ്പൽസെക്രട്ടറിയുടെ തുഗ്ലക് പരിഷ്കാരങ്ങൾ ഉപേക്ഷിക്കുക, താഴ്ന്ന തസ്തികകൾ നിറുത്തലാക്കരുത്, അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ മാറ്റുക, ഡെലിഗേറ്റഡ് അധികാരങ്ങൾ തിരിച്ചെടുക്കാനുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ നീക്കം ഉപേക്ഷിക്കുക, സി.എ തസ്തിക നിറുത്തലാക്കരുത്, ഓഫീസ് സെക്‌ഷനുകൾ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് പ്രകടനത്തിന് തീരുമാനിച്ചത്. അഴിമതിക്ക് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ മാറ്റണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ വിശ്വസ്തനായ അജയനെതിരായിട്ടാണെങ്കിലും ചെന്നുതറയ്ക്കുന്നത് മുഖ്യമന്ത്രിയിലാണെന്നാണ് സെക്രട്ടേറിയറ്റിലെ സംസാരം.
തന്നോട് വിശദീകരണം തേടാതെ സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്തതിനെതിരെ അജയൻ സി.പി.എം നേതൃത്വത്തെ സമീപിക്കാനും ആലോചിക്കുന്നു. സാമാന്യനീതിയുടെ നിഷേധമാണ് ചൂണ്ടിക്കാട്ടുന്നത്.