വർക്കല: സ്‌പീഡ് ബ്രേക്കറും സിഗ്നൽ സംവിധാനങ്ങളും ഇല്ലാതെ വർക്കല മൈതാനം ടൗൺ അപകടക്കെണിയാകുന്നു. ടൗണിലെ റൗണ്ട് എബൗട്ടിലും മുനിസിപ്പൽ പാർക്കിനു മുന്നിലും പൊലീസ് സ്റ്റേഷൻ ഐലന്റിലുമൊക്കെ അപകടമരണങ്ങൾ പതിവാണ്. ടൗണിലെ ഗതാഗത സംവിധാനം കുറ്റമറ്റതാക്കണമെന്ന് നാട്ടുകാർ മുറവിളി കൂട്ടുമ്പോഴും അധികൃതർ നിസംഗത പാലിക്കുകയാണ്.
പൊതുവെ സ്ഥല പരിമിതിയിൽ വീർപ്പു മുട്ടുന്ന നഗര കേന്ദ്രമാണ് മൈതാനം ടൗൺ. നിന്നു തിരിയാൻപോലും ഇടമില്ലാത്ത ഇവിടെയാണ് മുന്നൂറോളം വ്യാപാര സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നതും മണിക്കൂറിൽ നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോകുന്നതും.
ടൗണിൽ മൂന്ന് പ്രധാന ബസ് സ്റ്റോപ്പുകളാണുളളത്. ഇടവ, കാപ്പിൽ, പരവൂർ, പാരിപ്പളളി ഭാഗങ്ങളിലേക്ക് പോകുന്നതിനുളള ബസ് സ്റ്റോപ്പും പൊലീസ് സ്റ്റേഷനു മുന്നിലുളള ബസ് സ്റ്റോപ്പും ക്ഷേത്രം റോഡിലുളള ബസ് സ്റ്റോപ്പും നഗര മദ്ധ്യത്താണ് സ്ഥിതി ചെയ്യുന്നത്. അടുത്തിടെ ട്രാഫിക് ഡ്യൂട്ടിക്ക് പത്ത് പൊലീസുകാരെ നിയോഗിച്ചെങ്കിലും ഇവരിൽ ആറ് പേരും മടങ്ങിപോയി. ഗതാഗത നിയന്ത്റണത്തിന് നഗരപ്രദേശത്ത് ഇപ്പോൾ പൊലീസുകാരില്ല. റോഡുകളിലെ അറ്റകുറ്റപണികൾക്കു ശേഷം യഥാസമയം സീബ്രാലൈനുകൾ വരയ്‌ക്കാത്തത് അപകടങ്ങൾക്ക് ആക്കം കൂട്ടുന്നു. മൈതാനം പുന്നമൂട്, പുത്തൻചന്ത, പാലച്ചിറ, അണ്ടർപാസേജ്, ജവഹർപാർക്ക്, സ്‌കൂൾ കോളേജ് ജംഗ്ഷനുകൾ എന്നിവിടങ്ങളിൽ റോഡിൽ ഹംബുണ്ടെങ്കിലും വെള്ള വരയില്ല. ഇത് ദിവസവും ചെറുതും വലുതുമായ അപകടങ്ങൾക്ക് കാരണമാകുന്നും.