cpm

പി.വി. അൻവറിന് സാദ്ധ്യത ഇല്ല

തിരുവനന്തപുരം: കേന്ദ്രകമ്മിറ്റിയംഗം പി.കെ. ശ്രീമതി (കണ്ണൂർ), സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി. രാജീവ് (എറണാകുളം), കെ.എൻ. ബാലഗോപാൽ (കൊല്ലം), കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ (വടകര), കോട്ടയം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ (കോട്ടയം) എന്നിവർ ഉൾപ്പെടെ15 ലോക്‌സഭാ സ്ഥാനാർത്ഥികളെ സി.പി.എം സംസ്ഥാന കമ്മിറ്റി അന്തിമമായി തീരുമാനിച്ചു.

പൊന്നാനിയിലെ സ്ഥാനാർത്ഥിയെ ഒന്നുകൂടി ചർച്ച ചെയ്ത് അടിയന്തരമായി നിർദ്ദേശിക്കാൻ ലോക്‌സഭാ മണ്ഡലം കമ്മിറ്റിയെ ചുമതലപ്പെടുത്തി. മണ്ഡലം കമ്മിറ്റിയുടെ നിർദ്ദേശം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്ത് അന്തിമ തീരുമാനത്തിലെത്തും. പോളിറ്റ്ബ്യൂറോ അംഗീകാരത്തോടെ നാളെ 16 സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കും. ജയസാദ്ധ്യത മാത്രം മാനദണ്ഡമാക്കിയ ലിസ്റ്റിൽ വനിതകൾ പി.കെ. ശ്രീമതിയും വീണാ ജോർജും (പത്തനംതിട്ട) മാത്രമാണുള്ളത്. രണ്ട് വനിതകൾ നിർബന്ധമായും വേണം എന്ന തീരുമാനമാണ് വീണയിൽ എത്തിച്ചത്.

നേരത്തേ സംസ്ഥാന സെക്രട്ടേറിയറ്റ് നിർദ്ദേശിച്ചതും പാർലമെന്റ് മണ്ഡലം കമ്മിറ്റികളുടെ തിരുത്തലുകൾ അംഗീകരിച്ചുമാണ് സംസ്ഥാനകമ്മിറ്റി അന്തിമ ധാരണയുണ്ടാക്കിയത്. അതനുസരിച്ച് ആറ് എം.പിമാരും മൂന്ന് എം.എൽ.എമാരും മത്സരിക്കും. ശ്രീമതിക്ക് പുറമേ തിരുവനന്തപുരം ജില്ലാകമ്മിറ്റി അംഗം എ. സമ്പത്ത് (ആറ്റിങ്ങൽ), സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി.കെ. ബിജു (ആലത്തൂർ), എം.ബി. രാജേഷ് (പാലക്കാട്), നടൻ ഇന്നസെന്റ് (ചാലക്കുടി), ജോയിസ് ജോർജ് (ഇടുക്കി) എന്നിവരാണ് സിറ്റിംഗ് എം.പിമാർ.

സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാർ (കോഴിക്കോട്), ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എ.എം. ആരിഫ് (ആലപ്പുഴ), വീണാ ജോർജ് (പത്തനംതിട്ട) എന്നിവരാണ് എം.എൽ.എമാർ.

കാസർകോട്ട് മൂന്ന് ടേം പിന്നിടുന്ന എം.പി പി. കരുണാകരന് പകരം മുൻ ജില്ലാ സെക്രട്ടറിയും മുൻ എം.എൽ.എയുമായ കെ.പി. സതീഷ് ചന്ദ്രൻ സ്ഥാനാർത്ഥിയാകും. എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് 30കാരനായ വി.പി. സാനു (മലപ്പുറം) ആണ് ഏറ്റവും പ്രായം കുറ‌ഞ്ഞ സ്ഥാനാർത്ഥി.

ചാലക്കുടിയിൽ ഇന്നസെന്റിന്റെ കാര്യത്തിൽ പാർലമെന്റ് മണ്ഡലം കമ്മിറ്റിയിൽ എതിർപ്പുയർന്നെങ്കിലും പകരക്കാരനെ കണ്ടെത്താനാവുന്നില്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വികാരം. എറണാകുളത്ത് ജില്ലാ സെക്രട്ടറിയായിരുന്ന പി. രാജീവ് ചാലക്കുടിയെക്കാൾ എറണാകുളത്ത് തന്നെ മത്സരിക്കുന്നതാണ് ഉചിതമെന്ന് വിലയിരുത്തി. തൃശൂരിൽ സിറ്റിംഗ് എം.പിയെ സി.പി.ഐ ഒഴിവാക്കിയതിനാൽ ചാലക്കുടിയിൽ സി. പി.എമ്മും ഒഴിവാക്കുന്നത് ഉചിതമാകില്ലെന്ന വിലയിരുത്തലും ഇന്നസെന്റിന് തുണയായി. കോട്ടയത്ത് സിന്ധുമോൾ ജേക്കബിനെ നിർദ്ദേശിച്ചിരുന്നെങ്കിലും സാമുദായിക പ്രാതിനിദ്ധ്യമാണ് ജില്ലാ സെക്രട്ടറിയായ വാസവനെ തീരുമാനിക്കാൻ കാരണം.

പൊന്നാനിയിലേക്ക് മണ്ഡലം കമ്മിറ്റിയിൽ നിലമ്പൂർ എം.എൽ.എ പി.വി. അൻവറിന് പ്രാമുഖ്യം കിട്ടിയെങ്കിലും ജയിച്ചാൽ നിലമ്പൂർ മണ്ഡലം തിരിച്ചുപിടിക്കാൻ പ്രയാസമാകുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി. അതാണ് മറ്റൊരാളെ കണ്ടെത്താനുള്ള നിർദ്ദേശം.

പട്ടിക

1.കെ.പി. സതീഷ് ചന്ദ്രൻ - കാസർകോട്

2.പി.കെ. ശ്രീമതി - കണ്ണൂർ

3. പി. ജയരാജൻ - വടകര

4. എ. പ്രദീപ്കുമാർ - കോഴിക്കോട്

5.വി.പി. സാനു - മലപ്പുറം

6. എം.ബി. രാജേഷ് - പാലക്കാട്

7.പി.കെ. ബിജു - ആലത്തൂർ

8. ഇന്നസെന്റ് - ചാലക്കുടി

9. പി. രാജീവ് - എറണാകുളം

10. ജോയിസ് ജോർജ് - ഇടുക്കി

11. എ.എം. ആരിഫ് - ആലപ്പുഴ

12. വി.എൻ. വാസവൻ - കോട്ടയം

13. വീണാ ജോർജ് - പത്തനംതിട്ട

14. കെ.എൻ. ബാലഗോപാൽ - കൊല്ലം

15. എ. സമ്പത്ത് - ആറ്റിങ്ങൽ