അധികാരികളുടെ ഒത്താശയോടെ ബഹുഭൂരുപക്ഷം മനുഷ്യരെ കൊടിയ ചൂഷണത്തിനും ക്രൂരപീഡനങ്ങൾക്കും വിധേയമാക്കി ഒരു ചെറിയ സമൂഹം സസുഖം വാണിരുന്ന കാലത്താണ് 1809 ൽ പൊന്നുമാടൻ നാടാർ വെയ്ലാൾ - അമ്മാൾ ദമ്പതികൾക്ക് ഒരു ആൺകുട്ടി പിറന്നത്. മാതാപിതാക്കൾ ശിശുവിന് മുടിചൂടും പെരുമാൾ എന്ന് പേരിട്ടു. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ഐശ്വര്യമുള്ള പേരിടാൻ സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. സവർണജന്മിമാരുടെ ഭീഷണിക്കുമുന്നിൽ മാതാപിതാക്കൾ കുഞ്ഞിന് മുത്തുക്കുട്ടി എന്ന് പുനർനാമകരണം ചെയ്തു. അസാമാന്യ ബുദ്ധിമാനായിരുന്ന ആ ബാലൻ സമൂഹത്തിൽ ബഹുഭൂരിപക്ഷം അനുഭവിക്കുന്ന ക്രൂരതകളും പീഡനങ്ങളും ബോദ്ധ്യപ്പെട്ടും അനുഭവിച്ചുമാണ് വളർന്നത്. ആ ബാലനാണ് പിൽക്കാലത്ത് ദിവ്യജ്ഞാനിയായ വൈകുണ്ഠർ ആയി രൂപാന്തരപ്പെട്ടത്. ദിവ്യജ്ഞാനിയായ അയ്യാ വൈകുണ്ഠർ വ്യത്യസ്തമായ ധർമ്മപഥം 'അയ്യാവഴി" സ്ഥാപിച്ചു. വൻശിഷ്യസമ്പത്തിനുടമയായി. അനാചരങ്ങളെയും ചൂഷണങ്ങളെയും ക്രൂരപീഡനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് നവോത്ഥാനത്തിന്റെ തിരികൊളുത്തി.
സമത്വമെന്ന ആശയം മുന്നോട്ടുവച്ച് 1838ൽ സമത്വസമാജത്തിന് രൂപം നൽകി. ഒരു പുത്തൻ മാനവ സമുദായ സൃഷ്ടി നടത്താൻ തുവൈയൽ പന്തിയിലൂടെ അയ്യാവൈകുണ്ഠർ ശ്രമിച്ചു. ശരീരശുദ്ധി വരുത്തിയും മനസിലെ മാലിന്യങ്ങൾ നീക്കിയും വൈവിധ്യങ്ങളകറ്റിയും സാഹോദര്യവും ഐക്യവും സ്ഥാപിക്കുന്നതിനും അഷ്ടാംഗയോഗാഭ്യാസവും, ഉപവാസവുമായിരുന്നു ഇതിലെ പ്രധാന അനുഷ്ഠാനങ്ങൾ. സമത്വസമാജത്തിലൂടെ ആതുരസേവനവും അവശജനോദ്ധാരണവും അയ്യാ വൈകുണ്ഠർ മുഖമുദ്രകളാക്കി. അസമത്വത്തിന്റെ മതിൽക്കെട്ടുകൾ ഇടിച്ചു നിരത്തി. സ്ത്രീ സമത്വത്തിന് പ്രാമുഖ്യം നൽകി.
AD 1840-41 ൽ രചിച്ച അലത്തിരട്ട് അമ്മാനെയിൽ അധഃസ്ഥിതരെ ഉയർത്തുന്നതാണ് ധർമ്മം എന്ന് അദ്ദേഹം അരുൾ ചെയ്തു. സംഘടിച്ച് ശക്തരാകാനും വിദ്യാഭ്യാസത്തിലൂടെ ബോധവാന്മാരാകാനും ഉപദേശിച്ചു. സവർണന്റെ ആരാധനാലയങ്ങളിൽ പോകരുതെന്നും അവിടെ ഈശ്വരചൈതന്യമില്ലെന്നും ഉദ്ബോധിപ്പിച്ചു. നിഷ്കളങ്കരായ അദ്ധ്വാനവർഗത്തിന്റെ ദുർബല മനസിനെ ചൂഷണം ചെയ്താണ് സ്വയം വിയർക്കാതെ വയറു നിറച്ചുപോരുന്നതെന്ന് സവർണർക്കെതിരെ അദ്ദേഹം ആഞ്ഞടിച്ചു. ദൈവത്തെയും മനുഷ്യനെയും വേർതിരിച്ച് നിറുത്തിയിരുന്ന പൗരോഹിത്യം എന്ന മതിൽക്കെട്ട് ഇടിച്ചുനിരത്തി. പിന്നാക്ക വിഭാഗത്തിൽപ്പെട്ടവർക്ക് കിണറ്റിൽ നിന്നും വെള്ളമെടുക്കാൻ അവകാശം നിഷേധിച്ചതിനെ വെല്ലുവിളിച്ചുകൊണ്ട് സകല മനുഷ്യർക്കും വേണ്ടി മുന്തിരിക്കിണർ സ്ഥാപിച്ചു. വേല ചെയ്താൽ കൂലി ചോദിച്ച് വാങ്ങണമെന്ന് ഉദ്ബോധിപ്പിച്ചു. കീഴ്ജാതികൾക്ക് തലക്കെട്ട് കെട്ടാനുള്ള അവകാശം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ആരാധനാലയങ്ങളിലും മറ്റ് വിശേഷ ദിവസങ്ങളിലുൾപ്പെടെ തലപ്പാവ് അണിയാൻ അനുയായികളോട് നിർദ്ദേശിച്ചു. നിന്നെത്തന്നെ ആദ്യം കാണുക, നിന്റെ ഉള്ളിൽ കുടികൊള്ളുന്ന ഈശ്വരനെ പിന്നീട് കാണാൻ കഴിയുമെന്ന് ഉദ്ബോധിപ്പിച്ചു. ആത്മീയ ആചാര്യനും ധീരനായ പോരാളിയും നവോത്ഥാന നായകനുമായ അയ്യാ വൈകുണ്ഠർ കാണിച്ച ധാർമ്മിക സാമൂഹിക വിപ്ലവ തീപ്പന്തം തലമുറകൾ കൈമാറിക്കൊണ്ടിരിക്കുന്നു. മാനവരാശിയുടെ ഉയർച്ചയ്ക്കും നിലനില്പിനും അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളും ജീവിതരീതികളും എന്നെന്നും കെടാവിളക്കായി ജ്വലിക്കും.
( ലേഖകൻ നാടാർ സർവീസ് ഫോറം ജനറൽ സെക്രട്ടറിയാണ് )