തിരുവനന്തപുരം: നേമം കോച്ചിംഗ് ടെർമിനലിന്റെ ഒന്നാം ഘട്ട നിർമ്മാണത്തിന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ ഇന്നലെ ശിലാസ്ഥാപനം നിർവഹിച്ചു. ഡൽഹിയിലെ റെയിൽവേ ബോർഡ് കോൺഫറൻസ് ഹാളിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം നിർവഹിച്ചത്. അടുത്ത വർഷം മുതൽ കേരളത്തിലോടുന്ന ട്രെയിനുകളുടെ അറ്റകുറ്റപ്പണി നേമത്തായിരിക്കും. ഒന്നാം ഘട്ടത്തിൽ അഞ്ച് സ്റ്റേബ്ളിംഗ് ലൈനുകളും ഒരു കോമൺലൈനും മൂന്ന് ലൂപ്പ് ലൈനും ഒരു ഡൗൺലൈനും അപ് മെയിൻ ലൈനും രണ്ട് പ്ളാറ്റ ഫോമുകളും ഒരു ഷണ്ഡിംഗ് നെക്കും സിഗ്നൽ സംവിധാനങ്ങളുമാണ് നിർമ്മിക്കുക. ഒരുവർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും. ഇതിനാവശ്യമായ 148.32കോടി രൂപ അനുവദിച്ചിട്ടുണ്ട്.
നിലവിൽ തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി സ്റ്റേഷനുകളിലാണ് നാമമാത്രമായി കോച്ചിംഗ് സെന്ററുള്ളത്. ആറുമാസം കൂടുമ്പോഴുള്ള വലിയ അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ കൊണ്ടുപോകുന്ന പുതിയ കോച്ചുകൾ തിരിച്ചെത്താറില്ലെന്ന ആക്ഷേപവും നേമം ടെർമിനൽ എത്തുന്നതോടെ ഇല്ലാതാകും. തിരുവനന്തപുരം സ്റ്റേഷനിൽ നിന്ന് കോച്ചുകൾ ഒഴിയുന്നതോടെ കൂടുതൽ ട്രെയിനുകളെ സ്വീകരിക്കാനും സമയം ക്രമീകരിക്കാനും പുതിയ സർവീസുകൾ തുടങ്ങാനും കഴിയും.
മന്ത്രിക്കൊപ്പം റെയിൽവേ ബോർഡ് അംഗങ്ങളായ രാജേഷ് അഗർവാൾ, വിശ്വേഷ് ചൗബേ,ഘനശ്യാം സിംഗ് തുടങ്ങിയവരും, നേമം സ്റ്റേഷനിൽ എ. സമ്പത്ത് എം.പി, എം.എൽ.എമാരായ ഒ. രാജഗോപാൽ, ഐ.ബി. സതീഷ് എന്നിവരും സംസാരിച്ചു. നേമത്തിന് തിരുവനന്തപുരം സൗത്തെന്നും കൊച്ചുവേളിക്ക് നോർത്തെന്നും പേര് നൽകണമെന്ന് ഒ. രാജഗോപാൽ എം.എൽ.എ നിർദ്ദേശിച്ചു. ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർ ബാലമുരളി മന്ത്രി ജി. സുധാകരന്റെ സന്ദേശം വായിച്ചു. അഡി. ഡിവിഷണൽ റെയിൽവേ മാനേജർ പി. ജയകുമാർ സ്വാഗതവും ഷാജി സക്കറിയ നന്ദിയും പറഞ്ഞു.