chilakoor

വർക്കല: വർക്കല മേഖലയിലെ മത്സ്യത്തൊഴിലാളികളുടെ സ്വപ്‌ന പദ്ധതിയായ ചിലക്കൂർ മിനി ഫിഷിംഗ് ഹാർബറിന് അവഗണന മാത്രം. പദ്ധതി പ്രഖ്യാപനങ്ങൾക്ക് ശേഷം പാരിസ്ഥിതിക പഠനവും പ്രാരംഭ സർവേ നടപടികളും പൂർത്തിയായി വർഷങ്ങൾ പിന്നിട്ടിട്ടും പദ്ധതിയുടെ ഫയലുകൾ പൊടിയടിച്ചു കിടക്കുകയാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് പദ്ധതി പ്രഖ്യാപനമുണ്ടായത്. സർവേ നടപടികൾക്കായി തുക അനുവദിക്കുകയും ചെയ്‌തു. സർവേ പൂർത്തീകരിച്ച് റിപ്പോർട്ട് കേന്ദ്ര പരിസ്ഥിതി മന്ത്റാലയത്തിന് സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ചിലക്കൂർ മിനി ഫിഷിംഗ് ഹാർബറിന്റെ നിർമ്മാണ പ്രവർത്തനം പാതിവഴിയിൽ നിലയ്‌ക്കുകയായിരുന്നു. പിന്നീട് സർക്കാർ മാറിവന്നെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. ചിലക്കൂരിൽ ഫിഷിംഗ് ഹാർബർ യാഥാർത്ഥ്യമായാൽ മത്സ്യബന്ധന - വിപണന രംഗത്ത് വലിയ മാറ്റമുണ്ടാകുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.

പതിവുപോലെ സർവേകൾ

2009 ആഗസ്റ്റ് 28നാണ് കേന്ദ്ര ഏജൻസികളായ ചെന്നൈ ഐ.ഐ.ഡി, സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്‌റ്റേഷൻ, പൂനെ കേന്ദ്രീകരിച്ചുള്ള ഏജൻസി എന്നിവ സർവേയും പഠനങ്ങളും നടത്തിയത്. സമുദ്രത്തിന്റെ ആഴം പരിശോധിക്കൽ, സൗണ്ട് ടെസ്റ്റ്, മണ്ണ് പരിശോധന, പുലിമുട്ടുകൾ നിക്ഷേപിക്കൽ, ദൂരപരിധി, വേലിയേറ്റം, തീരം രൂപപ്പെടൽ തുടങ്ങിയവയായിരുന്നു സർവേയിൽ ഉണ്ടായിരുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക പഠനവും മലിനീകരണ നിയന്ത്റണ ബോർഡിന്റെ പഠനങ്ങളും പൂർത്തീകരിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി.