uefa-champions-league-man
uefa champions league manchester united win

2-0

ആദ്യപാദത്തിൽ മാഞ്ചസ്റ്ററിന്റെ ഹോം ഗ്രൗണ്ടിൽ പി.എസ്.ജി ജയിച്ച മാർജിൻ

3-1

രണ്ടാംപാദത്തിൽ പി.എസ്.ജിയുടെ ഹോംഗ്രൗണ്ടിൽ മാഞ്ചസ്റ്റർ ജയിച്ച മാർജിൻ

3-3

രണ്ട് പാദങ്ങളിലെയും കൂടി ഗോൾ മാർജിൻ

3-2

മൂന്ന് എവേഗോളുകൾ മാഞ്ചസ്റ്റർ നേടിയപ്പോൾ പി.എസ്.ജി നേടിയത് രണ്ടെണ്ണം. മാഞ്ചസ്റ്ററിന്റെ ക്വാർട്ടർ പ്രവേശനം എവേ ഗോളിന്റെ മികവിൽ.

പാരീസ് : അത്ഭുതങ്ങൾക്കുള്ള ബാല്യം മാഞ്ചസ്റ്റർ യുണൈറ്റഡിനെ കൈവിട്ടൊഴിഞ്ഞെന്ന് ആരാണ് പറഞ്ഞത്? കാര്യം, കുറച്ച് സീസണുകളായി പഴയ ചുവന്ന ചെകുത്താൻമാർ പ്രതാപകാലത്തോട് നീതി പുലർത്താറില്ലായിരിക്കാം. പക്ഷേ കഴിഞ്ഞ രാത്രി പാരീസിലെ പാർക്ക് ഡി പ്രിൻസസ് സ്റ്റേഡിയത്തിൽ അവർ കാട്ടിയ മായാജാലം മാഞ്ചസ്റ്റർ യുണൈറ്റഡ് എന്ന പേരിന്റെ പ്രൗഡിക്ക് തീർത്തും യോജിച്ചതായിരുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ആദ്യപാദ പ്രീക്വാർട്ടറിൽ സ്വന്തം ഗ്രൗണ്ടിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റിരുന്ന മാഞ്ചസ്റ്റർ ക്വാർട്ടർ കടക്കാതെ പടിക്ക് പുറത്താകും എന്ന് വിലപിച്ചിരുന്ന ആരാധകരെപ്പോലും അത്‌ഭുത പരതന്ത്രരാക്കിയായിരുന്നു പാരീസിലെ വിസ്മയവിജയവും എവേ ഗോളിന്റെ അകമ്പടിയോടുള്ള അവസാന എട്ടിലേക്കുള്ള പ്രവേശനവും. ഇതുവരെ ഹോം ഗ്രൗണ്ടിലെ ആദ്യപാദത്തിൽ 2-0ത്തിന് തോറ്റ ഒറ്റ ടീമും യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ അടുത്ത റൗണ്ടിലേക്ക് കടന്നിട്ടില്ലെന്ന ചരിത്രം തിരുത്തിയെഴുതുക കൂടി ചെയ്തു ഒലേ ഗുണാർ സോൾഷ്യർ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചുണക്കുട്ടികൾ.

ഇരട്ട ഗോളുകൾ നേടിയ ബെൽജിയൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കുവും അവസാന മിനിട്ടിലെ പൊനാൽറ്റിയുടെ സമ്മർദ്ദത്തെ മറികടന്ന് സ്കോർ ചെയ്ത മാർക്കസ് റാഷ്ഫോർഡുമാണ് മാഞ്ചസ്റ്റർ വിജയത്തിന്റെ മുന്നണിപ്പോരാളികൾ. രണ്ടാം മിനിട്ടിലും 30-ാം മിനിട്ടിലുമാണ് ലുക്കാക്കു സ്കോർ ചെയ്തിരുന്നത്. 12-ാം മിനിട്ടിൽ യുവാൻ ബെർനാറ്റ് പാരീസിനായി സ്കോർ ചെയ്തു. കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ശേഷിക്കവേയായിരുന്നു ഹാൻഡ്ബാൾ ഫൗളിന് മാഞ്ചസ്റ്ററിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത റാഷ്ഫോർഡ് യുവന്റസിന്റെ മുൻ താരമായ വിഖ്യാത ഇറ്റാലിയൻ ഗോളി ജിയാൻ ലൂഗി ബഫണിനെ ബഫൂണാക്കി വിജയഗോളും ക്വാർട്ടറിലേക്കുള്ള വാതിലും തുറന്നു.

നിർണായക മുഹൂർത്തങ്ങൾ

ഹോം മാച്ചിൽ 2-0 ത്തിന് തോൽവി വഴങ്ങി ഇറങ്ങിയ മാഞ്ചസ്റ്റർ ഒാരോനിമിഷവും കടുത്ത സമ്മർദ്ദത്തിലൂടെയാണ് നിങ്ങിയത്. മത്സരത്തിന്റെ വിധി കുറിക്കപ്പെട്ട നിർണായക മുഹൂർത്തങ്ങളിലൂടെ.

2-ാം മിനിട്ട്

സ്റ്റാർട്ടിംഗ് വിസിൽ മുഴങ്ങിയതിന് പിന്നാലെ പി.എസ്.ജിയുടെ വലകുലുങ്ങുന്നു. പാരീസ് എസ്.ജി ഡിഫൻഡർ ഖെററിന്റെ പിഴവിൽനിന്ന് തിയാഗോ സിൽവ നൽകിയ പാസാണ് ബഫണിനെ വട്ടം കറക്കി മറികടന്ന് ലുക്കാക്കു ഗോളാക്കിയത്.

ഇതോടെ ആകെ ഗോൾ മാർജിനിൽ 2-1ന് പാരീസ് മുന്നിൽത്തന്നെ.

12-ാം മിനിട്ട്

ഒന്നുപതറിയെങ്കിലും പാരീസിന്റെ തിരിച്ചടിക്ക് വഴിയൊരുക്കിയത് കൈലിയൻ എംബാപ്പെ. പന്തുമായി ഒാടിക്കയറിയ എംബാപ്പെ യുവാൻ ബെന്നറ്റിന് ഗോളാക്കാൻ പാകത്തിലൊരു ലോ ക്രോസ് നൽകുകയായിരുന്നു.

ഗോൾ മാർജിനിൽ പാരീസിന് 3-1ന്റെ ലീഡ്.

30-ാം മിനിട്ട്

ലുക്കാക്കുവിൽ നിന്ന് അടുത്ത വെടിക്കെട്ട് ലോംഗ് പാസിൽനിന്ന് റാഷ്ഫോർഡ് തൊടുത്ത ഷോട്ട് കുത്തിയകറ്റിയ ബഫണിന്റെ പിഴവാണ് ക്ളോസ് റേഞ്ചിൽ നിന്നുള്ള ലുക്കാക്കുവിന്റെ ഗോളിൽ കലാശിച്ചത്.

ഗോൾ മാർജിനിൽ 3-2ന് പാരീസ് തന്നെ മുന്നിൽ. എവേ ഗോളുകളിൽ മാഞ്ചസ്റ്റർ ഒപ്പത്തിനൊപ്പം.

56-ാം മിനിട്ട്

എംബാപ്പെയുടെ ക്രോസിൽ നിന്നുള്ള ഏൻജൽ ഡി മരിയയുടെ ഷോട്ട് മാഞ്ചസ്റ്റർ വല ചലിപ്പിച്ചെങ്കിലും റഫറി ഒഫ് സൈഡ് വിധിച്ചു.

90 + 1

പാരീസ് ബോക്സിനുള്ളിൽ വച്ച് പന്ത് കിംപെംബെയുടെ കൈയിൽ സ്പർശിക്കുന്നു. വീഡിയോ റിവ്യൂ പരിശോധിച്ചശേഷം റഫറി പെനാൽറ്റി വിധിക്കുന്നു.

90 + 5

റാഷ് ഫോർഡ് പെനാൽറ്റി കിക്ക് ഗോളാക്കുന്നു. കളി 3-1ന് മാഞ്ചസ്റ്റർ ജയിക്കുന്നു. ആകെ ഗോൾ മാർജിൻ 3-3. എന്നാൽ എവേ ഗോൾ മികവിൽ മാഞ്ചസ്റ്റർ ക്വാർട്ടറിൽ.