തിരുവനന്തപുരം : സമാധാനാന്തരീക്ഷം തകർത്ത് ജനങ്ങളുടെ സ്വൈരജീവിതത്തിന് തടസമായ സാഹചര്യത്തിലാണ് വയനാട് വൈത്തിരിയിൽ മാവോയിസ്റ്റുകളുമായി പൊലീസ് ഏറ്റുമുട്ടിയതെന്ന് ഡി.ജി.പി ലോക്നാഥ് ബഹ്റ അറിയിച്ചു. ഭീഷണിപ്പെടുത്തി പണവും ഭക്ഷണവും പിടിച്ചെടുക്കാൻ ശ്രമിച്ച മാവേയിസ്റ്റുകളെയാണ് വൈത്തിരി ലക്കിടി ഉപവൻ റിസോർട്ടിൽ പൊലീസ് നേരിട്ടത്. ബുധനാഴ്ച രാത്രി 8.30ഓടെയാണ് ആയുധധാരികളായ മാവോയിസ്റ്റുകൾ റിസോട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. പൊലീസ് സംഘത്തെ കണ്ടപ്പോൾ അക്രമിസംഘം ആദ്യം വെടിവച്ചു. തുടർന്നുണ്ടായ സംഘർഷത്തിലാണ് സി.പി.ജലീൽ മരിച്ചത്. ക്രൈം ബ്രാഞ്ച്, മജിസ്റ്റീരിയൽ തല അന്വേഷണം ഉടൻ ആരംഭിക്കും. കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായ, വയനാട് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പസ്വാമി,എസ്.പി ദേബേഷ് കുമാർ ബെഹ്റ എന്നിവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

സ്ത്രീകളും കുട്ടികളും താമസിക്കുന്ന സ്ഥലങ്ങളിൽ ഉൾപ്പെടെ മാവോയിസ്റ്റുകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും കച്ചവടക്കാരും സർക്കാരിനും പൊലീസിനും നിരവധി പരാതികൾ നൽകിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുന്നതുവരെ നടപടികൾ തുടരും.