police

നെടുമങ്ങാട്: ജനവാസ മേഖലയായ പനവൂരിൽ നിന്ന് പരാതി ലഭിച്ചാൽ അത് നെടുമങ്ങാട്, പാലോട്, പാങ്ങോട്, വെഞ്ഞാറമൂട് സ്റ്റേഷനുകളിൽ "കറങ്ങി '' നടക്കും. ആരുടെ പരിധിയിലാണ് സംഭവമെന്ന് ബോദ്ധ്യപ്പെട്ടാൽ മാത്രമേ പൊലീസ് കേസെടുക്കു. കേസെടുത്താലോ, സ്ഥലം സന്ദർശിച്ച് എഫ്.ഐ.ആർ തയാറാക്കി വരുമ്പോഴേയ്‌ക്കും മാസങ്ങൾ കഴിയും.

പതിനഞ്ച് കിലോമീറ്റർ ചുറ്റളവിൽ പൊലീസ് സാമീപ്യമില്ലാത്ത പ്രദേശമാണ് പനവൂരും പരിസരവും. കാടും മേടും കൃഷിയിടങ്ങളും നിറഞ്ഞ ഇവിടെ ക്രിമിനൽ കേസുകളുടെ എണ്ണം ക്രമാധീതമായി പെരുകുന്നതായാണ് പരാതി. കൂനൻവേങ്ങ വളവ് വരെ വെഞ്ഞാറമൂട് പൊലീസും ആനകുളം ആറ് വരെ പാങ്ങോട് പൊലീസും ചെക്കക്കോണം വനാതിർത്തി വരെ പാലോട് പൊലീസും പാണയം വരെ നെടുമങ്ങാട് പൊലീസും പരിധി നിശ്ചയിച്ചിട്ടുണ്ട്. പക്ഷെ, എന്തെങ്കിലും അനിഷ്ട സംഭവമുണ്ടായാൽ ബന്ധപ്പെട്ടവർ കൈയേൽക്കില്ല. പരാതിയുമായി നാല് സ്റ്റേഷനിലും പോകണമെന്ന അവസ്ഥയാണ് നാട്ടുകാർക്ക്. അടുത്തിടെ, ബൈക്കിലെത്തിയ സംഘം ഇരുളിന്റെ മറവിൽ പുത്തൻപാലം മുതൽ വെഞ്ഞാറമൂട് വരെ വ്യാപകമായ പിടിച്ചുപറിയും അക്രമവും നടത്തിയിരുന്നു. ബൈക്ക് യാത്രികരും കാൽ നടക്കാരുമുൾപ്പെടെ നിരവധി പേർ ആക്രമണത്തിനിരയായി. ചില കടകളിലും പിടിച്ചുപറി അരങ്ങേറി. അന്വേഷണം ഇപ്പോഴും എങ്ങുമെത്താത്ത അവസ്ഥയാണ്. ആദിവാസി, തോട്ടം മേഖലകൾ ഉൾപ്പെടുന്ന പ്രദേശത്ത് കഞ്ചാവിന്റെയും വ്യാജമദ്യത്തിന്റെയും ഒഴുക്കുമുണ്ട്. ഇതേക്കുറിച്ച് ലഭിക്കുന്ന പരാതികളുടെ അന്വേഷണത്തിലും പൊലീസിന്റെ ഉരുണ്ടു കളി പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കെട്ടിടം റെഡി

പനവൂർ കേന്ദ്രമായി പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന് അഡ്വ. ഡി.കെ. മുരളി എം.എൽ.എ സമർപ്പിച്ച പ്രൊപ്പോസൽ ആഭ്യന്തര - ധനകാര്യ വകുപ്പുകൾ അംഗീകരിച്ചിട്ട് ഒന്നര വർഷത്തിലേറെയായി. നെടുമങ്ങാട്, ആറ്റിങ്ങൽ സബ് ഡിവിഷനുകൾ വിഭജിച്ച് വെഞ്ഞാറമൂട് ഡിവൈ.എസ്.പി ഓഫീസ് അനുവദിക്കുന്നതിന്റെ ഭാഗമായി പനവൂർ പൊലീസ് സ്റ്റേഷൻ തുടങ്ങുമെന്നായിരുന്നു നിയമസഭയിൽ മന്ത്രിയുടെ പ്രഖ്യാപനം. തസ്‌തികകൾ അനുവദിക്കുന്നത് സംബന്ധിച്ച് ധനകാര്യ വകുപ്പിന് സർക്കാർ നിർദ്ദേശം നൽകിയതായി ഡി.കെ. മുരളി എം.എൽ.എ അറിയിച്ചിരുന്നു. പൊലീസ് സ്റ്റേഷൻ തുടങ്ങാൻ കെട്ടിടം സജ്ജമാക്കണമെന്ന് പനവൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സർക്കുലറും ലഭിച്ചു. തുടർന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ചേർന്ന് പനവൂർ ജംഗ്‌ഷനിൽ ആധുനിക അറവുശാലയ്‌ക്കായി നിർമാണം പൂർത്തിയാക്കി അടച്ചിട്ടിരിക്കുന്ന കെട്ടിടം ആഭ്യന്തര വകുപ്പിന് കൈമാറാൻ തീരുമാനമെടുത്തു. ഇക്കാര്യം ആഭ്യന്തര വകുപ്പിനെ രേഖാമൂലം അറിയിക്കുകയും ചെയ്‌തു. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടം ഏറ്റെടുക്കാൻ അധികൃതർ തയാറായില്ലെന്നാണ് പരാതി.