exam

തിരുവനന്തപുരം: ഇന്നലെ നടന്ന പ്ലസ്ടു ഹിസ്റ്ററി, സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷകളെഴുതി പുറത്തിറങ്ങിയ കുട്ടികളുടെ മുഖത്ത് സന്തോഷവും ആത്മവിശ്വാസവും. ശരാശരിക്കാർക്കു പോലും നല്ല മാർക്ക് നേടാൻ കഴിയുന്ന ചോദ്യങ്ങളും സിലബസിന് പ്രാധാന്യം നൽകിയതുമാണ് കാരണം.

നന്നായി ഉത്തരം എഴുതാൻ കഴിയുന്ന ചോദ്യങ്ങളായിരുന്നു പ്ലസ്ടു ഹിസ്റ്ററി പരീക്ഷയുടേത്. സിലബസിലെ ചോദ്യങ്ങൾ തന്നെ കൂടുതലും ചോദിച്ചു. ഹ്യുമാനിറ്റീസ് വിഭാഗത്തിൽ ഇസ്ലാമിക് ഹിസ്റ്ററി ആൻഡ് കൾച്ചർ പരീക്ഷയും ഇന്നലെ നടന്നു. ഈ കോമ്പിനീഷൻ എടുത്ത വിദ്യാർത്ഥികളുടെ എണ്ണം കുറവായതിനാൽ ഓരോ ജില്ലയിൽ ശരാശരി നാല്-അഞ്ച് സെന്ററുകളാണ് ഉണ്ടായിരുന്നത്. പ്രയാസമില്ലാതെ പരീക്ഷയെഴുതാനായി എന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.
സി.ബി.എസ്.ഇ പത്താം ക്ലാസ് ഗണിതം പരീക്ഷ ശരാശരിക്കാർക്കും മിടുക്കന്മാർക്കും സംതൃപ്‌തി നൽകുന്നതായിരുന്നു. ചോയ്സ് ഉണ്ടായിരുന്നതിനാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതാനായെന്നാണ് വിദ്യാർത്ഥികളുടെ അഭിപ്രായം.
പ്ലസ് വൺ ബിസിനസ് സ്റ്റഡീസ്, കെമിസ്ട്രി, ജേർണലിസം പരീക്ഷകളും ഇന്നലെ നടന്നു. ഇന്ന് പ്ലസ് വൺ, പ്ലസ്ടു, സി.ബി.എസ്.ഇ പത്താം ക്ലാസ് വിഭാഗങ്ങൾക്ക് പരീക്ഷയില്ല.

 പ്ലസ്ടു പരീക്ഷ

# തെല്ല് ആശയക്കുഴപ്പമുണ്ടാക്കുന്ന ഒന്ന്, രണ്ട് ചോദ്യങ്ങളൊഴികെ ബാക്കിയെല്ലാം നന്നായി ഉത്തരം എഴുതാൻ കഴിയുമായിരുന്നു.

- ഉഷ, ചരിത്ര വിഭാഗം അദ്ധ്യാപിക, തിരുവനന്തപുരം കാർമൽ സ്‌കൂൾ.

# ആദ്യ ദിവസം കെമിസ്ട്രി പരീക്ഷ കഴിഞ്ഞപ്പോൾ പരാതിയുമായി എത്തിയ കുട്ടികൾ ഏറെയായിരുന്നു. എന്നാൽ ഇന്നലെ ഹിസ്റ്ററി പരീക്ഷയ്‌ക്കു ശേഷം ഒറ്റയാൾ പോലും പ്രയാസമാണെന്ന് പരാതിപ്പെട്ടില്ല.

- ഫാ. സി.സി. ജോൺ, പ്രിൻസിപ്പൽ, പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ.

 സി.ബി.എസ്.ഇ പത്താം ക്ലാസ്

# 40 ശതമാനത്തോളം ചോദ്യങ്ങൾക്ക് ചോയ്സ് ഉണ്ടായിരുന്നത് വിദ്യാർത്ഥികളുടെ ടെൻഷൻ കുറച്ചു. കൂടുതൽ എളുപ്പത്തിൽ ഉത്തരം എഴുതാൻ കഴിയുന്നവ തിരഞ്ഞെടുക്കാനായതിൽ കുട്ടികൾ സന്തോഷം പ്രകടിപ്പിച്ചു.

- ബീന ആന്റണി, സി.ബി.എസ്.ഇ എക്‌സാം ഇൻ ചാർജ്, തിരുവനന്തപുരം കാർമൽ സ്‌കൂൾ.