തിരുവനന്തപുരം:പതിമ്മൂന്ന് ജില്ലാസഹകരണ ബാങ്കുകളുടെ പ്രത്യേക ജനറൽ ബോഡിയോഗങ്ങൾ ഭൂരിപക്ഷത്തോടെ ലയനത്തെ അനുകൂലിച്ചതോടെ കേരളബാങ്ക് യാഥാർത്ഥ്യമാകാനുള്ള വലിയ തടസം മാറി. മലപ്പുറം ജില്ലാ ബാങ്ക് മാത്രം അനുകൂലിച്ചില്ല. അവിടെ 25 ശതമാനം മാത്രമാണ് ലയനത്തെ അനുകൂലിച്ചത്. ഇതോടെ കേരളബാങ്ക് നിലവിൽ വന്നശേഷവും മലപ്പുറം ജില്ലാ ബാങ്ക് സ്വതന്ത്രമായി നിലനിൽക്കും.
ഒൻപത് ജില്ലാസഹകരണ ബാങ്കുകൾ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ലയനത്തെ അനുകൂലിച്ചതാണ് സർക്കാരിന് നേട്ടമായത്. കോട്ടയം, ഇടുക്കി,എറണാകുളം, വയനാട് ജില്ലാ ബാങ്കുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയില്ല. എങ്കിലും കേവല ഭൂരിപക്ഷം മതിയെന്ന സഹകരണ നിയമഭേദഗതിയുടെ ബലത്തിൽ ഇൗ ബാങ്കുകളെയും ലയിപ്പിക്കാൻ സർക്കാരിനാവും.
റിസർവ് ബാങ്ക് വ്യവസ്ഥകളനുസരിച്ച് ജില്ലാബാങ്കുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. കോൺഗ്രസ് അനുകൂല ബാങ്കുകളിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം അസാദ്ധ്യമായതിനാൽ അത് മറികടക്കാനാണ് കേവല ഭൂരിപക്ഷം മതിയെന്ന ഭേദഗതി നിയമസഭ പാസാക്കിയത്. റിസർവ് ബാങ്ക് ഇത് അംഗീകരിച്ചില്ലെങ്കിൽ പോലും 14ൽ ഒൻപതിടത്ത് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചതിനാൽ സാങ്കേതികമായി ലയനം യാഥാർത്ഥ്യമാകുമെന്നാണ് സർക്കാരിന്റെ വാദം. കൂടാതെ 1,555 പ്രാഥമിക സഹകരണ സംഘങ്ങളിൽ 1,033 സംഘങ്ങളും ( 66 ശതമാനം) ലയനത്തെ അനുകൂലിച്ചു. ഇതും സർക്കാരിന്റെ വിജയമാണെന്നും ഇതുപ്രകാരമുള്ള അന്തിമാനുമതി റിപ്പോർട്ട് ഉടൻ റിസർവ് ബാങ്കിന് സമർപ്പിക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. എന്നാൽ സർക്കാരിന്റെ നിയമ ഭേദഗതി ലയനത്തിന് മതിയാകില്ലെന്ന് കോൺഗ്രസ് അനുകൂല ജില്ലാബാങ്കുകൾ പറഞ്ഞു.
മൂന്നിൽ രണ്ട് ഭൂരിപക്ഷം
തിരുവനന്തപുരം - 84 %
കൊല്ലം -78 %
പത്തനംതിട്ട - 79 %
ആലപ്പുഴ - 69 %
തൃശൂർ - 69 %
പാലക്കാട് - 69 %
കോഴിക്കോട് - 78 %
കണ്ണൂർ - 77 %
കാസർകോട് - 68 %
മൂന്നിൽ രണ്ട് ഇല്ല
കോട്ടയം 66 %
ഇടുക്കി 58 %
എറണാകുളം 65 %
വയനാട് 61%
പ്രതികൂലം
മലപ്പുറം 25%
ഇനി കാത്തിരിക്കേണ്ടി വരില്ല, സർക്കാർ നിശ്ചയിച്ച പോലെ കേരളബാങ്ക് നിലവിൽ വരും
കടകംപള്ളി സുരേന്ദ്രൻ, സഹകരണ മന്ത്രി
കേരള സഹകരണ നിയമഭേദഗതി നബാർഡും റിസർവ് ബാങ്കും അംഗീകരിച്ചിട്ടില്ല. കേരള ബാങ്കിനെതിരെ 17 കേസുകളുമുണ്ട്. റിസർവ് ബാങ്കിന്റെ അന്തിമാനുമതിക്ക് ഇത് തടസമാകും"
- കരകുളം കൃഷ്ണപിളള
സഹകരണ ജനാധിപത്യ വേദി ചെയർമാൻ
- ശൂരനാട് രാജശേഖരൻ
സഹ. ബാങ്ക് എംപ്ളോയീസ് കോൺ. ജന. സെക്രട്ടറി
കേരളബാങ്ക് യാഥാർത്ഥ്യമാകാൻ
ജില്ലാ ബാങ്കുകളുടെ ലയനപ്രമേയ റിപ്പോർട്ടുകൾ ഉൾപ്പെടുത്തിയുള്ള അന്തിമാനുമതി റിപ്പോർട്ട് റിസർവ് ബാങ്ക് അംഗീകരിക്കണം
ഹൈക്കോടതിയിൽ കേരള ബാങ്കിനെതിരെയുള്ള 17 കേസുകൾ അവസാനിപ്പിക്കണം
സോഫ്റ്റ് വെയർ ഇന്റഗ്രേഷൻ പൂർത്തിയാക്കണം
ജീവനക്കാരുടെ പുനർവിന്യാസ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണം
ജില്ലാബാങ്കുകളുടെ അസറ്റ് വാല്യുവേഷൻ പൂർത്തിയാക്കണം
കേരളബാങ്കിലൂടെ സർക്കാരിന്റെ നേട്ടം
1000 കോടി മൂലധനമുള്ള സ്വന്തം ബാങ്ക്
ഒൗദ്യോഗിക ബാങ്കാക്കാം
വൻകിട പദ്ധതികൾക്ക് തുക ലഭ്യമാക്കാം
പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ആധുനിക ബാങ്കിംഗ് സൗകര്യം
സഹകരണ ബാങ്കുകളിലെ 1.30ലക്ഷം കോടി നിക്ഷേപത്തിന്റെ 24ശതമാനം സ്‌റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ ആയി സർക്കാരിലും കിഫ്ബിയിലുമെത്തും