തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ തൊളിക്കോട് മുസ്ലീം ജമാ അത്തിലെ മുൻ ഇമാം ഷഫീഖ് അൽ ഖാസിമിയെ തമിഴ്നാട്ടിലെ മധുരയിലെ ലോഡ്‌ജിൽ നിന്ന് ഇന്നലെ പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. ഇമാമിനെ ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിലിനേയും പിടികൂടി. ഒരുമാസത്തോളം നീണ്ട ഒളിവ് കാലത്ത് ഇരുവരും ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഡി.അശോകൻ, ഷാഡോ പൊലീസ് എസ്.ഐ പി.ഷിബു എന്നിവരുടെ സംഘമാണ് ഇമാമിനെ പിടികൂടിയത്. രാത്രിയോടെ തിരുവനന്തപുരം റൂറൽ എസ്.പി ഓഫിസിൽ എത്തിച്ച ഇമാമിനെ ഉന്നതഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും.
ഒളിവിൽ പോയ ഇമാമിനെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി ഇദ്ദേഹത്തിന്റെ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇമാമം പിടിയിലായത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് വിതുര പൊലീസ് പോക്സോ പ്രകാരം കേസെടുത്തിനെ തുടർന്നാണ് ഇമാം ഒളിവിൽ പോയത്. തുടർന്ന് ഇമാമിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇമാം തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മധുരയിലും കോയമ്പത്തൂരിലും പൊലീസ് തെരച്ചിൽ നടത്തി.
ഫെബ്രുവരി രണ്ടിന് ഉച്ചയ്‌ക്ക് ഒന്നോടെയാണ് കേസിനാസ്‌പദമായ സംഭവം. പേപ്പാറയ്‌ക്കടുത്തു വനത്തിൽ വച്ചായിരുന്നു പീഡനം. ഇമാമിന്റെ കാർ പ്രധാന പാതയിൽ നിന്ന് അകലെ വനത്തിൽ അസ്വാഭാവികമായി കണ്ട തൊഴിലുറപ്പു തൊഴിലാളികളാണ് ഇയാളെയും പെൺകുട്ടിയെയും കണ്ടത്. കുട്ടി തന്റെ ബന്ധുവാണെന്നായിരുന്നു ഇമാം ആദ്യം പറഞ്ഞത്.വിവാദമായതോടെ ഇയാളെ ജമാഅത്തിൽ നിന്നു പുറത്താക്കി.
പള്ളികമ്മറ്റി പ്രസിഡന്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇമാമിനെതിരെ പീഡനത്തിന് കേസെടുത്തത്. ചൈൽഡ് വെൽഫയർ കമ്മിറ്റി തുടർച്ചയായി അഞ്ച് ദിവസം നടത്തിയ കൗൺസലിംഗിലാണ് പെൺകുട്ടി ഇമാം പീഡിപ്പിച്ചതായി മൊഴി നൽകിയത്. വൈദ്യപരിശോധനയിൽ ലൈംഗിക പീഡനം തെളിഞ്ഞു. ഇമാമിനെതിരെ പെൺകുട്ടിയോ ബന്ധുക്കളോആദ്യം പരാതി നൽകാൻ തയാറായില്ല. പീഡന വിവരം ബന്ധുവിന് അറിയാമായിരുന്നുവെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു.