santhigiri

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിന്റെ ഒരു വർഷം നീളുന്ന വജ്ര ജൂബിലി ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷ പരിപാടികൾ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു.
ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രണ്ടായിരം കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്‌ഘാടനം ഒഴുകുപാറ അദ്മ ബീവിയ്‌ക്ക് കിറ്റ് നൽകി മുഖ്യമന്ത്രി നിർവഹിച്ചു. ജപ്പാൻ സർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥ ഫിറോക്ക കൊക്കോമ മുഖ്യമന്ത്രിക്ക് സ്നേഹ സമ്മാനം നൽകി. സി. ദിവാകരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കരുണാകര ഗുരുവിന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുള്ള കാലഘട്ടമാണിതെന്നും ഗുരുവിന്റെ ആദർശങ്ങൾ പ്രചരിപ്പിക്കാൻ ശിഷ്യർ നടത്തുന്ന ശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണെന്നും കടകംപള്ളി പറഞ്ഞു. ഡോക്‌ടർമാർ ശബ്‌ദനിയന്ത്രണം നിർദ്ദേശിച്ചതിനാൽ മുഖ്യമന്ത്രി പ്രസംഗിച്ചില്ല.

പഞ്ചകർമ്മ ചികിത്സയെക്കുറിച്ച് ശാന്തിഗിരി മഠം പുറത്തിറക്കിയ 'തനുഹൃദയം' എന്ന പുസ്‌തകം ചലച്ചിത്ര സംവിധായകൻ മധുപാലിന് നൽകി മന്ത്രി പ്രകാശനം ചെയ്‌തു. എ. സമ്പത്ത് എം.പി, ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ഓർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി,കോലിയക്കോട് കൃഷ്‌ണൻ നായർ,പ്രൊഫ. തോന്നയ്‌ക്കൽ ജമാൽ തുടങ്ങിയവർ പങ്കെടുത്തു.