ഗോഹട്ടി : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാൾ ആദ്യ സെമിഫൈനലിന്റെ ആദ്യപാദത്തിൽ നോർത്ത് ഇൗസ്റ്റ് യുണൈറ്റഡിന് വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ബംഗളുരു എഫ്.സിയെയാണ് നോർത്ത് ഇൗസ്റ്റ് കീഴടക്കിയത്.
മത്സരത്തിന്റെ 20-ാം മിനിട്ടിൽ റെദീം ത്‌ളാംഗിലൂടെ ആതിഥേയരായ നോർത്ത് ഇൗസ്റ്റാണ് ആദ്യ ഗോൾ നേടിയത്. 82-ാം മിനിട്ടിൽ ഷിസ്കോ ഹെർണാണ്ടസ് ബംഗളുരുവിന്റെ മറുപടി ഗോൾ നേടി. സമനിലയിലവസാനിക്കുമെന്ന് കരുതിയ മത്സരത്തിന്റെ വിധി മാറ്റിയെഴുതിയത് ഇൻജുറി ടൈമിൽ പെനാൽറ്റിയിലൂടെ മസീക്ക പെയ്സീ നേടിയ ഗോളാണ്.
അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരള ബ്ളാസ്റ്റേഴ്സുമായി ഗോൾ രഹിത സമനില വഴങ്ങിയ ടീമിൽ ആറ് മാറ്റങ്ങളുമായാണ് നോർത്ത് ഇൗസ്റ്റ് യുണൈറ്റഡ് സെമിഫൈനലിനിറങ്ങിയത്. ബാർത്ത ലോമിയോ ഒഗു ബച്ചേ നായകനായി മടങ്ങിയെത്തിയപ്പോൾ റൗളിൻ ബോർഗസ്, ജോസ് ല്യൂഡോ ഗല്ലേഗോ, റീഗൻസിംഗ് തുടങ്ങിയവരൊക്കെ അണിനിരന്നു. ഇന്ത്യൻ നായകൻ സുനിൽ ഛെത്രി നയിച്ച ബംഗളുരു എഫ്.സി നിരയിൽ ഗോളി ഗുർപ്രീത് സിംഗ് സന്ധു, രാഹുൽ ദെക്കെ, നിഷുകുമാർ, ഹർമൻ ജ്യോത് ഖബ്ര, ഉദാന്ത സിംഗ്, മിക്കു തുടങ്ങിയവരൊക്കെ ഉണ്ടായിരുന്നു.
വമ്പൻ താരനിരയടങ്ങിയ ബംഗളുരുവിനെ വിറപ്പിക്കുന്ന രീതിയിലാണ് നോർത്ത് ഇൗസ്റ്റ് കളി തുടങ്ങിയത്. ആദ്യ പത്തുമിനിട്ടിനുള്ളിൽ രണ്ടുതവണ ബംഗളുരുവിനെ വിറപ്പിക്കാൻ ആതിഥേയർക്ക് കഴിഞ്ഞു.
20-ാം മിനിട്ടിലാണ് ബംഗ്ളുരുവിന്റെ വല കുലുക്കിയത്. ഒഗുബച്ചെയിൽ നിന്ന് പന്ത് ലഭിച്ച ത്‌ളാംഗ് സ്കോർ ചെയ്യുകയായിരുന്നു.
ഒരു ഗോൾ വഴങ്ങിയതോടെയാണ് ബംഗളുരുകാർ ഉണർന്നത്. 24-ാം മിനിട്ടിലും 27-ാം മിനിട്ടിലും സുനിൽ ഛെത്രിയുടെ മുന്നേറ്റം നിർഭാഗ്യ ഡലൊന്ന് ഗോളിൽ കലാശിക്കാതെ പോയത്. ആദ്യപകുതി അവസാനിക്കുന്നതുവരെ സ്കോർ ബോർഡിൽ മാറ്റമുണ്ടായില്ല.
ഇരുവരും തമ്മിലുള്ള രണ്ടാംപാദ സെമി ഫൈനൽ മത്സരം ബുധനാഴ്ച ബംഗളുരുവിൽ നടക്കും.