തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ പാർട്ടി സംസ്ഥാന കമ്മിറ്രി പുനഃസംഘടിപ്പിച്ചത് ബി.ജെ.പിയിൽ പുതിയ വിവാദത്തിന് തിരികൊളുത്തി. യോഗ്യതയുള്ളവരെ തഴഞ്ഞ് പാർട്ടി സജീവ അംഗങ്ങളല്ലാത്തവരെയും വഴിയേ പോയവരെയും പ്രസിഡന്റിന്റെ പെട്ടിപിടിക്കുന്നവരെയും സംസ്ഥാന കമ്മിറ്രിയിൽ ഉൾപ്പെടുത്തിയെന്നാണ് പാർട്ടിക്കുള്ളിൽ ഉയരുന്ന ആരോപണം. സാധാരണ പുതിയ സംസ്ഥാന കമ്മിറ്റിയംഗങ്ങളുടെ ലിസ്റ്റ് തയാറാക്കി എല്ലാ ജില്ലകളിലേക്കും അയയ്ക്കുകയാണ് പതിവ്. എന്നാൽ, ഇക്കുറി അതുണ്ടായില്ല. പകരം അതത് ജില്ലകളിൽ ഉൾപ്പെടുന്ന പുതിയ സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പേര് മാത്രം അതത് ജില്ലാ പ്രസിഡന്റുമാർക്ക് അയച്ചുകൊടുത്തു. അതുകാരണം ജില്ലയ്ക്ക് പുറത്ത് ആരൊക്കെയാണ് പുതുതായി സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെട്ടതെന്ന് ജില്ലാ പ്രസിഡന്റുമാർക്ക് അറിയാനായില്ല. അതോടെയാണ് സംസ്ഥാന നേതൃത്വത്തിന് താത്പര്യമുള്ളവരെ മാത്രം ഉൾപ്പെടുത്തിയെന്ന ആരോപണം ഉയർന്നത്.
ദീർഘകാലമായി സജീവ പ്രവർത്തന രംഗത്തുളള പലരെയും ഒഴിവാക്കിയെന്ന ആക്ഷേപവും ഉയർന്നു. ചിലരെ തരം താഴ്ത്തി പ്രത്യേകം ക്ഷണിതാക്കളാക്കി. റെയിൽവേയിലും മറ്രും ജോലി നൽകാമെന്ന് പേരിൽ പണം വാങ്ങിയതിന് പാർട്ടി നടപടിയെടുത്തവരെയും സംസ്ഥാന കമ്മിറ്രിയിൽ ഉൾപ്പെടുത്തിയതായി ആരോപണമുണ്ട്. കഴിഞ്ഞ മാസം ജില്ലാ പ്രസിഡന്റുമാരെ തലസ്ഥാനത്തേക്ക് വിളിപ്പിച്ച് സംസ്ഥാന കമ്മിറ്രിയിൽ ഉൾപ്പെടുത്തണമെന്ന ജില്ലാ കമ്മിറ്രി നിർദ്ദേശിക്കുന്നവരുടെ പേരെഴുതി വാങ്ങിയിരുന്നു. എന്നാൽ ഈ പേരുകളും ഇപ്പോൾ പ്രഖ്യാപിച്ച പേരുകളും തമ്മിൽ ഒരു ബന്ധവുമില്ലത്രെ.
ഒരു സുപ്രഭാതത്തിൽ പാർട്ടിയിലേക്ക് കയറി വന്ന കോൺഗ്രസ് നേതാവ് രാമൻ നായരെ സംസ്ഥാന വൈസ് പ്രസിഡന്റാക്കിയത് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ഞെട്ടിച്ചിരുന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളാരെങ്കിലും പാർട്ടിയിലേക്ക് വന്നാൽ ഇനി എന്ത് സ്ഥാനം നൽകും എന്നാണ് നേതാക്കളുടെ ചോദ്യം. ദീർഘകാലമായി പാർട്ടിയിൽ ഇല്ലാത്തയാളെയും കഴിഞ്ഞകാലം വരെ ബി.ജെ.പിയെയും ആർ.എസ്.എസിനെയും പൊതുവേദികളിൽ തെറിവിളിച്ചിരുന്നവരെയും സംസ്ഥാന ഭാരവാഹികളാക്കിയതിനെതിരെ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. ഇക്കാര്യത്തിലടക്കം പ്രസിഡന്റ് തൻ പ്രമാണിത്തം കാണിക്കുകയാണെന്നാണ് നേതാക്കളുടെ ആരോപണം. പാർട്ടി സംസ്ഥാന ഘടകത്തെ പ്രസിഡന്റ് കുട്ടിക്കളിയാക്കുകയാണെന്നും അവർ ആരോപിക്കുന്നു.
ലോക് സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടൻ വരാനിരിക്കേ പ്രസിഡന്റ് നടത്തുന്ന പ്രഖ്യാപനങ്ങളും നീക്കങ്ങളും പാർട്ടിയെ വെട്ടിലാക്കുകയാണെന്ന് നേതാക്കളുടെ ആരോപണം.