udf

തിരുവനന്തപുരം: ലോക്‌‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മുതിർന്ന നേതാക്കളായ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ എന്നിവ‌ർ മത്സര രംഗത്തിറങ്ങുമെന്ന് സൂചന. നിർണായക തിരഞ്ഞെടുപ്പായതിനാൽ ജനപ്രിയ നേതാക്കളെ മത്സരിപ്പിച്ച് പരമാവധി സീറ്റ് നേടുക എന്ന ലക്ഷ്യത്തിലാണ് കോൺഗ്രസ്. ഈ മൂന്ന് നേതാക്കളും മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞെങ്കിലും ഇവർ സ്ഥാനാർത്ഥികളായാൽ കേരളത്തിൽ മൊത്തത്തിൽ അത് ഗുണം ‌ചെയ്യും എന്ന വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്.

ഇന്നലെ കോഴിക്കോട്ട് ചേർന്ന ഉന്നതതല യോഗത്തിൽ ഇവർ മത്സരിക്കണമെന്ന് ഏതാണ്ട് ധാരണയിലെത്തിയതായി സൂചനയുണ്ട്. കേരളത്തിലെ സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടികയുമായി കെ.പി.സി.സി പ്രസിഡന്റ് നാളെ ഡൽഹിയിൽ പോകുന്നുണ്ട്. മറ്രന്നാൾ നടക്കുന്ന സ്ക്രീനിംഗ് കമ്മിറ്രിയിൽ കേരളത്തിന്റെ പട്ടിക ചർച്ച ചെയ്യും. അതിനുമുമ്പ് മുല്ലപ്പള്ളി, ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവർ ഇന്ന് പട്ടിക സംബന്ധിച്ച് കൂടിയാലോചന നടത്തിയേക്കും.

ഇല്ലെന്ന് പറഞ്ഞു, പക്ഷേ..

വടകരയിലെ സിറ്റിംഗ് എം.പിയാണ് മുല്ലപ്പള്ളി. കെ.പി.സി.സി പ്രസിഡ‌ന്റായതോടെ മത്സരിക്കാൻ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ, വടകരയിൽ മുല്ലപ്പള്ളിക്ക് വീണ്ടും ജയസാദ്ധ്യത പാർട്ടി വിലയിരുത്തുന്നു. മാത്രമല്ല, സി.പി.എമ്മിൽ നിന്ന് കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനാണ് മത്സരിക്കുന്നത്. ജയരാജൻ എന്ന കരുത്തനായ നേതാവിനെ വിജയിപ്പിക്കാൻ സി.പി.എം സർവ സന്നാഹങ്ങളോടെയാകും പ്രചാരണത്തിന് എത്തുക. അതിനാൽ, മറ്റൊരു പരീക്ഷണത്തിന് മുതിരണ്ടെന്നും കൂടുതൽ റിസ്ക് എടുക്കണ്ട എന്നുമുള്ള തീരുമാനത്തിലാണ് സീറ്റ് നിലനിറുത്താൻ മുല്ലപ്പള്ളിയെതന്നെ വീണ്ടും രംഗത്തിറക്കാൻ കോൺഗ്രസ് ആലോചിക്കുന്നത്. മുല്ലപ്പള്ളി മത്സരിച്ചാൽ ആർ.എം.പി ഉൾപ്പെടെയുള്ളവയുടെ പിന്തുണ ലഭിച്ചേക്കുമെന്നും നേതാക്കൾ കണക്കുകൂട്ടുന്നു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അഭിജിത്തിനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാനായിരുന്നു കോൺഗ്രസ് ആദ്യം ആലോചിച്ചിരുന്നത്.

ലോക്സഭയിൽ മത്സരിക്കാനില്ലെന്ന് ഉമ്മൻചാണ്ടിയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അദ്ദേഹം മത്സരിക്കണമെന്ന അഭിപ്രായം പാർട്ടിയിൽ ഉയരുന്നുണ്ട്. മണ്ഡലം ഏതെന്ന് വ്യക്തമല്ലെങ്കിലും ഉറച്ച കോട്ടയായ വയനാടാകും ഒരുപക്ഷേ, പരിഗണിക്കപ്പെടുക. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിന് ഇടുക്കി നൽകി പകരം കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിക്കുമെന്ന അഭ്യൂഹം നേരത്തെ പരന്നിരുന്നു. എന്നാൽ, സീറ്റ് തർക്കത്തിൽ കുടുങ്ങിക്കിടക്കുകയാണ് മാണി ഗ്രൂപ്പ്. അവിടത്തെ പ്രശ്നങ്ങൾ പരിഹരിക്കുകയും ഏറ്റവുമൊടുവിൽ ഇടുക്കി വിട്ടുകൊടുത്ത് കോട്ടയം ഉമ്മൻചാണ്ടിക്കായി കോൺഗ്രസ് ഏറ്റെടുത്തുകൂടായ്കയുമില്ല.

മത്സരിക്കാൻ ഇല്ലെന്ന് വി.എം.സുധീരനും നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും തൃശൂരിൽ അദ്ദേഹത്തെ പരിഗണിക്കുന്നുണ്ട്. തൃശൂർ സീറ്റ് തിരിച്ച് പിടിക്കാൻ സുധീരന്റെ സ്ഥാനാർത്ഥിത്വത്തിന് കഴിയുമെന്നാണ് പാർട്ടി വിലയിരുത്തൽ. ഈ മൂന്ന് നേതാക്കളുടെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനവും നിർണായകമാണ്.

ബെന്നിയും പ്രകാശും

യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാനും മത്സര രംഗത്തുണ്ടാവുമെന്നാണ് സൂചന. ചാലക്കുടിയിലാകും അദ്ദേഹം മത്സരിക്കുക. പത്തനംതിട്ടയിൽ പി.ജെ.കുര്യനെ പരിഗണിക്കുമെന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ സിറ്റിംഗ് എം.പി ആന്റോ ആന്റണിയുടെ സാദ്ധ്യത അടയും. ഷാനിമോൾ ഉസ്മാനും അടൂർപ്രകാശും ആലപ്പുഴയിലും ആറ്രിങ്ങലിലുമായി മത്സരിച്ചേക്കും. എം.എൽ.എമാർ മത്സരിക്കണ്ട എന്ന തീരുമാനത്തിൽ ഹൈക്കമാൻഡ് ഉറച്ചുനിന്നാൽ ഉമ്മൻചാണ്ടി, അടൂർ പ്രകാശ് എന്നിവർക്ക് മത്സരിക്കാനാവില്ല.