ആറ്റിങ്ങൽ: സംസ്ഥാനത്ത് തൊഴിൽ നൈപുണ്യ പരിശീലന അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനൊപ്പം തൊഴിൽ പരിശീലന കേന്ദ്രങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർത്തുന്നതിനും ഗുണപരമായ മാറ്റങ്ങൾ തൊഴിൽ നൈപുണ്യ പരിശീലന രംഗത്ത് വരുത്തുന്നതിനും സംസ്ഥാന സർക്കാർ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുകയാണെന്ന് ഡോ. എ. സമ്പത്ത് എം.പി പറഞ്ഞു.ഐ.ടി.ഐകളിലെ പരിശീലനാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന സൗജന്യ ഇൻഷ്വറൻസ്, സൗജന്യ എംപ്ലോയിമെന്റ് സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമുകൾ, അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് ഭൗതിക സാഹചര്യം ഒരുക്കൽ അക്കാഡമിക് നിലവാരം ഉയർത്തൽ എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് ആറ്റിങ്ങൽ ഐ.ടി.ഐയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. ബി. സത്യൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടർ ചന്ദ്രശേഖരൻ, അഡീഷണൽ ഡയറക്ടർ പി.കെ. മാധവൻ, ആറ്റിങ്ങൽ നഗരസഭാ ചെയർമാൻ എം. പ്രദീപ്, അവനവഞ്ചേരി രാജു, എസ്. ശ്രീലത, പി.കെ. ഇന്ദിര, ജെ. സുജാത, ഷിഖാൻ, ആനന്ദ്.എസ്, കെ.എസ്. ധർമ്മരാജൻ എന്നിവർ സംസാരിച്ചു.