simhasadanam

തിരുവനന്തപുരം: മക്കളോടൊപ്പം വാടകവീട്ടിൽ കഴിഞ്ഞ ബിന്ദുവിന് സ്വന്തം വീടെന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി ലയൺസ് ക്ലബ് ട്രിവാൻഡ്രം സിറ്റി വെസ്റ്റ്. കാട്ടാക്കട പൂവച്ചലിന് സമീപം പന്നിയോടിലാണ് ആറു ലക്ഷം രൂപ ചെലവിൽ ഹോം ഫോർ ഹോംലെസ് പദ്ധതിയിലുൾപ്പെടുത്തി ലയൺസ് ക്ലബ് സിംഹസദനം എന്ന വീട് നിർമ്മിച്ചത്. വീടിന്റെ താക്കോൽദാനം ഇന്ന് വൈകിട്ട് 6.30ന് ഹോട്ടൽ നന്ദനം പാർക്കിൽ ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ജോൺ.ജി. കൊട്ടറയും അന്നമ്മ ജോണും നിർവഹിക്കും. പ്രസിഡന്റ് തോമസ് എബ്രഹാം,​ സെക്രട്ടറി കെ. രവീന്ദ്രൻ,​ ട്രഷറർ വി.എസ്. സുധീർ തുടങ്ങിയവർ പങ്കെടുക്കും. ഭർത്താവ് ഉപേക്ഷിച്ച് പോയ ബിന്ദുവിന് സ്വകാര്യ സ്ഥാപനത്തിൽ നിന്നു ലഭിക്കുന്ന തുച്ഛമായ വേതനമായിരുന്നു ഏക ആശ്രയം. 16,12ഉം വയസുള്ള മക്കളുടെ പഠനവും വാടകയും മറ്റു ചെലവുകളും ഇവർക്ക് താങ്ങാനാവാത്ത സ്ഥതിയായിരുന്നു. രണ്ടര മാസം കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അഞ്ച് സെന്റ് വസ്‌തുവിൽ വീട് നിർമ്മാണം ഏറെ ദുഷ്‌കരമായിരുന്നെങ്കിലും ലയൺസ് ക്ലബ് വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. കുന്നിന്റെ ഒരു ഭാഗം ഇടിച്ചുമാറ്റിയാണ് സ്ഥലം ഒരുക്കിയത്. ഹാളും, കിച്ചണും, ബാത്ത്റൂമും രണ്ട് ബെഡ് റൂമും ഉൾപ്പെടെ 600 സ്‌ക്വയർ ഫീറ്റിലാണ് വീട് നിർമ്മിച്ചത്. ഇലക്ട്രിക്, പ്ലംബിംഗ് ഉൾപ്പെടെയുള്ള ജോലികളും പൂർത്തീയാക്കി. ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി കുഴൽക്കിണറും നിർമ്മിച്ചിട്ടുണ്ട്. ലയൺസ് ക്ലബ് അംഗങ്ങളിൽ നിന്നും മറ്റു സുമനസുകളിൽ നിന്നും ധനശേഖരണം നടത്തിയാണ് വീട് നിർമ്മാണം പൂർത്തിയാക്കിയത്.