തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളിലെ പ്രചാരണ ചമുതല പാർട്ടി നിർവാഹക സമിതി അംഗങ്ങൾക്ക് വിഭജിച്ചു നൽകി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ്ബാബുവിനാണ് തിരുവനന്തപുരത്തിന്റെ ചുമതല. മറ്റൊരു അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി വയനാട്ടിലും, സി.എൻ. ജയദേവൻ തൃശൂരിലും പി. പ്രസാദ് മാവേലിക്കരയിലും പ്രചാരണ ചുമതല വഹിക്കും.
പാർലമെന്റ് മണ്ഡലം സെക്രട്ടറിമാരായി തിരുവനന്തപുരത്ത് ജില്ലാ സെക്രട്ടറി ജി.ആർ. അനിലിനെയും മാവേലിക്കരയിൽ ടി. പുരുഷോത്തമനെയും തൃശൂരിൽ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജിനെയും വയനാട്ടിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി. സന്തോഷിനെയും നിയോഗിച്ചു. ഇന്നലെ ചേർന്ന സംസ്ഥാന നിർവാഹകസമിതി യോഗത്തിലാണ് തീരുമാനം. പാർലമെന്റ് മണ്ഡലം കൺവെൻഷനുകൾ ഉടൻ വിളിച്ചുചേർക്കും.
നാല് മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെ സി.പി.ഐ എക്‌സിക്യുട്ടീവ് ഇന്നലെ ഔദ്യോഗികമായി അംഗീകരിച്ചു. തിരുവനന്തപുരത്ത് സി. ദിവാകരൻ, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ, തൃശൂരിൽ രാജാജി മാത്യു തോമസ്, വയനാട്ടിൽ പി.പി. സുനീർ എന്നിവരാണ് സ്ഥാനാർത്ഥികൾ.