രാഷ്ട്രശരീരത്തിൽ ഉണങ്ങാത്ത മുറിവായി ശേഷിക്കുന്ന അയോദ്ധ്യ ഭൂമി തർക്കകേസ് മൂന്നംഗ മദ്ധ്യസ്ഥ സമിതിക്ക് വിടാനുള്ള സുപ്രീംകോടതി തീരുമാനം ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും ഉചിതം തന്നെയാണ്. അതിസങ്കീർണമായ ഇൗ വിഷയവുമായി ബന്ധപ്പെട്ട എല്ലാ കക്ഷികൾക്കും അവരുടേതായ നിലപാടുകളും സ്വാർത്ഥമോഹങ്ങളും ഉള്ള സ്ഥിതിക്ക് മൂന്നാമതൊരു കൂട്ടർ എടുക്കുന്ന തീരുമാനത്തിന് അതിന്റേതായ വിലയും നിലയും ഉണ്ട്. മദ്ധ്യസ്ഥതയ്ക്ക് വിടാതെ പ്രശ്നത്തിൽ കോടതിതന്നെ തീരുമാനമെടുക്കുന്നതാണ് ഉചിതമെന്ന് വാദിക്കുന്നവരുമുണ്ട്. കുറെനാൾ മുൻപ് സുപ്രീംകോടതി തന്നെ മദ്ധ്യസ്ഥനിർദ്ദേശവുമായി വന്നപ്പോൾ തർക്ക കക്ഷികളുടെ ശക്തമായ എതിർപ്പു കാരണമാണ് നടക്കാതെ പോയത്. കാലം ഇത്രയായിട്ടും പ്രശ്നപരിഹാരം ഉണ്ടാകാത്ത നിലയ്ക്ക് അവസാന ശ്രമമെന്ന മട്ടിലാണ് മദ്ധ്യസ്ഥനീക്കം തുടങ്ങുന്നത്.
സുപ്രീംകോടതി മുൻ ജഡ്ജി ഇബ്രാഹിം ഖലീഫുള്ളയുടെ അദ്ധ്യക്ഷതയിലുള്ള മദ്ധ്യസ്ഥസമിതിയിൽ ജീവനകലയുടെ ആചാര്യൻ ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകനായ ശ്രീറാം പഞ്ചു എന്നിവരാണ് അംഗങ്ങൾ. തീരുമാനമെടുക്കാൻ സമിതിക്ക് എട്ടാഴ്ചയാണ് നൽകിയിട്ടുള്ളത്. നാലാഴ്ച കഴിയുമ്പോൾ ആദ്യറിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശമുണ്ട്. അയോദ്ധ്യ സ്ഥിതിചെയ്യുന്ന ഫൈസാബാദിലായിരിക്കും സമിതി സമ്മേളിച്ച് കാര്യവിചാരം നടത്തുന്നത്. സമിതിയുടെ നടപടികൾ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് കർശന വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് മദ്ധ്യസ്ഥ സമിതി രൂപീകരിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
അയോദ്ധ്യ പ്രശ്നം ഒരിക്കൽ കൂടി മദ്ധ്യസ്ഥപരിഹാരം തേടുകയാണെങ്കിലും തർക്ക കക്ഷികൾക്ക് സ്വീകാര്യമായ ഒരു ഫോർമുല ഉരുത്തിരിയുമോ എന്ന കാര്യത്തിൽ തീർച്ചയൊന്നുമില്ല. മുൻപ് പലവട്ടം മദ്ധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഫലപ്രാപ്തി കൈവരിക്കാത്തത് ചൂണ്ടിക്കാട്ടി തർക്കകക്ഷികളായ നിർമോഹി അഖാഡയും സുന്നി വഖഫ് ബോർഡും ഒഴികെയുള്ള മറ്റു കക്ഷികൾ മദ്ധ്യസ്ഥ ചർച്ചകൾക്ക് ഇത്തവണ എതിരായിരുന്നു. എങ്കിലും കോടതി തീരുമാനം മാനിച്ച് സമിതിയുമായി ഏവരും സഹകരിക്കുമെന്നുതന്നെ കരുതാം.
വിശ്വാസവുമായി ബന്ധപ്പെട്ട അയോദ്ധ്യ പ്രശ്നം തർക്കകക്ഷികളെയെല്ലാം വിശ്വാസത്തിലെടുത്ത് പരിഹാരം തേടണമെന്ന ഉറച്ച നിലപാടാണ് പരമോന്നത നീതിപീഠത്തിനുമുള്ളത്. അതുകൊണ്ടാണ് നേരത്തെയും തർക്ക കക്ഷികൾക്കുമുന്നിൽ മദ്ധ്യസ്ഥപരിഹാരം പോരേ എന്ന് കോടതി ആരാഞ്ഞത്. പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കോടതി തീരുമാനത്തിലൂടെ മാത്രമേ സാദ്ധ്യമാകൂ എന്ന നിലപാടിൽ തർക്കകക്ഷികളിൽ പലതും ഉറച്ചുനിന്നപ്പോഴാണ് മദ്ധ്യസ്ഥ നീക്കത്തിന് അംഗീകാരം ലഭിക്കാതെ പോയത്. കോടതി ഉത്തരവിലൂടെ ലഭിക്കുന്ന അലംഘനീയ തീർപ്പായിരിക്കും പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകാൻ സഹായകമെന്ന അഭിപ്രായം ഏറെ യുക്തിപൂർവമാണ്.
പ്രധാന കക്ഷികളായ ഹിന്ദു മഹാസഭയും രാംലല്ലയും മദ്ധ്യസ്ഥനീക്കത്തിന് എതിരാണ്. മറ്റുചില ഹിന്ദു സംഘടനകൾക്കൊപ്പം യു.പി സർക്കാരും മദ്ധ്യസ്ഥ ചർച്ചയെ അനുകൂലിക്കുന്നില്ല. പ്രശ്നം നീട്ടിക്കൊണ്ടുപോകാൻ മാത്രമേ ഇടയ്ക്കിടെയുള്ള മദ്ധ്യസ്ഥ ചർച്ച ഉപകരിക്കൂ എന്നാണ് അവയുടെ വാദം. പ്രശ്നത്തിൽ ജനങ്ങളുടെ അഭിപ്രായമാണ് യഥാർത്ഥത്തിൽ കേൾക്കേണ്ടതെന്ന വാദവും കൂട്ടത്തിലുണ്ട്.
അടുത്തമാസം തുടങ്ങുന്ന പൊതുതിരഞ്ഞെടുപ്പിനുമുൻപ് അയോദ്ധ്യകേസിൽ ഒരു തീരുമാനമുണ്ടാകണമെന്ന് ഉൽക്കടമായി ആഗ്രഹിച്ചവർ കേന്ദ്ര ഭരണകക്ഷികളിലും ഹിന്ദു സംഘടനകളിലും ധാരാളമുണ്ട്. കോടതിയുടെ തീരുമാനം വൈകിയാൽ കേന്ദ്ര സർക്കാർ ഒാർഡിനൻസിലൂടെയെങ്കിലും അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണം തുടങ്ങുന്നതിനാവശ്യമായ സാഹചര്യമുണ്ടാക്കണമെന്ന് ആവശ്യം ഉയർന്നതാണ്. ഏത് തിരഞ്ഞെടുപ്പിനുമുൻപും അയോദ്ധ്യ പ്രശ്നം ആളിക്കത്തിക്കാൻ ഹിന്ദുത്വവാദികൾ ശ്രമിക്കാറുണ്ട്. ഇത്തവണയും അതിന് നാനാവഴിക്കും ശ്രമങ്ങളുണ്ടാകാതിരുന്നില്ല. ഒന്നും വിജയിച്ചില്ലെന്നുമാത്രം.
രാജ്യത്തെ വർഗീയമായി ധ്രുവീകരിച്ചതിൽ അയോദ്ധ്യയ്ക്കുള്ള പങ്ക് കുറച്ചുകാണാനാവില്ല. മൂന്ന് പതിറ്റാണ്ടോളമായിട്ടും പ്രശ്നം നിന്നിടത്തുതന്നെ നിൽക്കുന്നു എന്നിടത്താണ് രാഷ്ട്രീയ നേതൃത്വങ്ങളുടെ കാപട്യവും കഴിവുകേടും ഒരുപോലെ പ്രകടമാകുന്നത്. അയോദ്ധ്യപ്രശ്നം കേവലമൊരു ഭൂമി കേസല്ലെന്ന വസ്തുത മനസിലാക്കി സ്വാർത്ഥചിന്തകൾ വെടിഞ്ഞ് ഏത് വിധേനയും ഒരു ഒത്തുതീർപ്പുണ്ടാക്കേണ്ടത് രാജ്യത്തിന്റെ വിശാല താത്പര്യത്തിന് അനുപേക്ഷണീയമാണ്. അയോദ്ധ്യയുടെ പേരിൽ ഒരുപാടു ചോര ഒഴുകിക്കഴിഞ്ഞു. ഇനിയും നിരപരാധികളെ കുരുതികൊടുക്കാൻ നിൽക്കാതെ പ്രശ്ന പരിഹാരത്തിന് മദ്ധ്യസ്ഥസമിതിയുമായി പരമാവധി സഹകരിക്കാനാണ് തർക്കകക്ഷികൾ ശ്രമിക്കേണ്ടത്. തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കപ്പുറം രാജ്യത്തിന്റെ ഐക്യവും ജനങ്ങളുടെ സ്വൈരജീവിതവും മുഖ്യമാണെന്ന ചിന്ത തർക്ക കക്ഷികൾക്ക് മാത്രമല്ല, അവരെ ചാരിനിൽക്കുന്ന രാഷ്ട്രീയ കക്ഷികൾക്കും ഉണ്ടാകണം. മദ്ധ്യസ്ഥ ചർച്ചയിലൂടെ ഉരുത്തിരിയുന്ന തീരുമാനം അംഗീകരിക്കാനുള്ള ഹൃദയവിശാലതയും അവർ കാണിക്കണം. ലോകത്ത് ഏത് സങ്കീർണപ്രശ്നത്തിനും മദ്ധ്യസ്ഥ ചർച്ച വഴിയാണ് പരിഹാരം ഉണ്ടാകുന്നത്. മഹായുദ്ധങ്ങൾക്കുപോലും അന്ത്യമുണ്ടാകുന്നതും അനുരഞ്ജന ചർച്ചയിലൂടെയാണ്. വൈകാരിക പ്രശ്നമാണെങ്കിൽകൂടിയും അയോദ്ധ്യയിലും അത് ആകാവുന്നതേയുള്ളൂ. അയോദ്ധ്യയിലും പരിസരപ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ മനുഷ്യർ സമാധാനം ആഗ്രഹിക്കുന്നവരാണ്. രാജ്യത്തെ ഭൂരിപക്ഷവും അങ്ങനെതന്നെ. മദ്ധ്യസ്ഥ സമിതി മുന്നോട്ടുവയ്ക്കുന്ന ഫോർമുലയ്ക്ക് കോടതി അംഗീകാരം അനിവാര്യമാണ്. ഒരിക്കൽ കോടതി അംഗീകരിച്ചുകഴിഞ്ഞാൽ അത് ശിരസ്സാവഹിക്കാൻ തർക്ക കക്ഷികളും ബാദ്ധ്യസ്ഥരാണെന്ന് കോടതി ഒാർമ്മിപ്പിച്ചിട്ടുമുണ്ട്. മദ്ധ്യസ്ഥ സമിതിയുടെ ശ്രമം പാഴാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. അയോദ്ധ്യ പ്രശ്നത്തിൽ തർക്കകക്ഷികൾക്ക് ഇനിവേണ്ടത് യാഥാർത്ഥ്യബോധമാണ്.